Sat. Apr 5th, 2025

ഇന്ത്യ–ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരങ്ങള്‍ മാറ്റിവച്ചു. ടെസ്റ്റ്, ഏകദിന മത്സരങ്ങള്‍ നടക്കും. ട്വന്റി 20 മല്‍സരങ്ങളുടെ തീയതി പിന്നീട് പ്രഖ്യാപിക്കും.

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡിന്‍റെ ‘ഒമിക്രോൺ’ വകഭേദത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. മൂന്ന് വീതം ടെസ്റ്റുകളും ഏകദിനങ്ങളും നാല് ടി20യുമുള്ള ദക്ഷിണാഫ്രിക്ക-ഇന്ത്യ പരമ്പര ഡിസംബര്‍ 17 മുതല്‍ ജനുവരി 26 വരെ നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര അവസാനിച്ച ശേഷം ഡിസംബര്‍ എട്ടിനോ ഒന്‍പതിനോ ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പറക്കും എന്നായിരുന്നു കരുതിയിരുന്നത്. മൂന്ന് ചതുര്‍ദിന അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ എ ടീമിനെ ദക്ഷിണാഫ്രിക്കയില്‍ നിന്ന് ബിസിസിഐ ഇതുവരെ തിരിച്ചുവിളിച്ചിട്ടില്ല. എന്നാല്‍ ഒമിക്രോൺ പശ്ചാത്തലത്തില്‍ ദക്ഷിണാഫ്രിക്കയുടെ നെതര്‍ലന്‍ഡ്‌സിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര നീട്ടിവച്ചിട്ടുണ്ട്.