Mon. Dec 23rd, 2024
പാലക്കാട്‌:

സാമൂഹ്യ അടുക്കളയിലെ ഭക്ഷണം കഴിച്ച്‌ കളിക്കുന്നതിനിടെയാണ്‌ റാഹില ടീച്ചറുടെ വിളി വന്നത്‌. സഞ്‌ജുവും ഗോപിയും സജ്രീനയുമൊക്കെ പിന്നെയൊരു ഓട്ടമാണ്‌. പുസ്‌തകമെടുത്ത്‌ മിനിറ്റുകൾക്കകം ടീച്ചറുടെ വീട്ടിൽ. അട്ടപ്പാടി കാവുണ്ടിക്കൽ ഊരിലെ കാഴ്‌ചയാണിത്‌. ബ്രിഡ്ജ് കോഴ്സ് അധ്യാപിക റാഹില ടീച്ചറുടെ ശിക്ഷണത്തിൽ ഒമ്പത്‌ കുട്ടികളുണ്ട്‌.

വായിക്കാനും എഴുതാനും പഠിക്കാനുമൊക്കെ എല്ലാവർക്കും ഉത്സാഹം. പാഠപുസ്‌തകത്തിലെ അറിയാത്ത വാക്കുകൾ അവരുടെ ഗോത്രഭാഷയിൽ ടീച്ചർ പഠിപ്പിക്കും. ലോകത്തെക്കുറിച്ചുള്ള അറിവ്‌ പകരും. ഒപ്പം പാട്ടും ഡാൻസും വായനയും ചിത്രം വരയും കരകൗശല വസ്‌തു നിർമാണവുമൊക്കെയായി പഠനം ഉഷാർ.

കുട്ടികളെ വായനയിലേക്ക്‌ നയിക്കാൻ ടീച്ചറുടെ വീട്ടിലൊരു ചെറു ലൈബ്രറിയുമുണ്ട്‌. കൊവിഡ്‌ അടച്ചിടലിൽ ഓൺലൈൻ പഠനത്തിന്‌ ബ്രിഡ്‌ജ്‌ കോഴ്‌സ്‌ വഹിച്ച പങ്ക്‌ ചെറുതല്ലെന്ന്‌ റാഹില ടീച്ചർ പറയുന്നു. ഓൺലൈൻ പഠനത്തിന്‌ സൗകര്യമൊരുക്കുന്നതിനൊപ്പം പാഠപുസ്‌തകവുമായി കുട്ടികൾക്കുള്ള ബന്ധം നിലനിർത്താനും സാധിച്ചു.

പട്ടികവര്‍ഗ വിദ്യാർത്ഥികൾ സ്‌കൂളുകളിൽനിന്ന്‌ കൊഴിയുന്നത്‌ തടയാനാണ്‌ ബ്രിഡ്‌ജ്‌ പദ്ധതി ആരംഭിച്ചത്‌. ബ്രിഡ്‌ജ്‌ സ്‌കൂൾ, ബ്രിഡ്‌ജ്‌ കോഴ്‌സ്‌, കമ്യൂണിറ്റി സ്‌കൂൾ എന്നിങ്ങനെ മൂന്നു വിഭാഗമുണ്ട്‌. അഗളി കിലയിലാണ്‌ ബ്രിഡ്‌ജ്‌ സ്‌കൂൾ പ്രവർത്തിക്കുന്നത്‌.

സ്‌കുളിൽ പഠനം തുടരാൻ കഴിയാത്തവരെ താമസിപ്പിച്ച്‌ പഠിപ്പിക്കുകയാണിവിടെ. നിലവിൽ 42 കുട്ടികളുണ്ട്‌. ഊരുസമിതികൾക്കാണ്‌ നടത്തിപ്പ്‌ ചുമതല. 94 ഊരുകളിലെ 1,886 കുട്ടികൾ ഇതിന്റെ ഭാഗമാണ്‌. ഊരിലെ വിദ്യാസമ്പന്നയാണ്‌ പഠിപ്പിക്കുന്നത്‌.
കമ്യൂണിറ്റി സ്‌കൂളാണെങ്കിൽ പത്താം ക്ലാസ്‌ കഴിഞ്ഞ്‌ വിവിധ കാരണങ്ങളാൽ ഹയർ സെക്കൻഡറി പഠനത്തിന്‌ പോകാൻ സാധിക്കാത്തവർക്കുവേണ്ടിയാണ്‌. 57 പേർ ഇതിന്റെ ഭാഗമാണ്‌.