Fri. Nov 22nd, 2024
പാകിസ്​താൻ:

കൈയിൽ കാശില്ലാതിരിക്കു​മ്പോൾ മലയാളികൾക്ക്​ ഒരു പാട്ടുണ്ട്​-‘നയാപൈസയില്ലാ കയ്യിലൊരു നയാപൈസയില്ലാ’ എന്ന പാട്ട്​. അതുപോലെ പാകിസ്​താനിൽ പ്രചാരത്തിലുള്ള ഒരുപാട്ടാണ്​ സാദ്​ അലവിയുടെ ‘ആപ്​​ നെ ഖബ്​രാനാ നഹി ഹെ’ (നിങ്ങൾ പരിഭ്രാന്തരാകാതിരിക്കൂ). ‘നിങ്ങൾ പരിഭ്രാന്തരാകാതിരിക്കൂ’ എന്ന്​ പാക്​ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞതിനെ കളിയാക്കി പണമില്ലാത്തതിന്‍റെ വിഷമങ്ങൾ ഓരോന്നായി വിവരിച്ച്​ തയാറാക്കിയിരിക്കുന്ന പാട്ടാണ്​ ഇത്​.

ഇപ്പോൾ ഇമ്രാൻ ഖാനെ കളിയാക്കുന്നതിന്​ ഈ പാട്ട്​ ഉപയോഗിച്ചിരിക്കുകയാണ്​ സെർബിയയിലെ പാകിസ്​താൻ എംബസി. ജീവനക്കാർക്ക്​ ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ചാണ്​ പ്രധാനമന്ത്രിയെ കളിയാക്കുന്ന ഗാനം ഔദ്യോഗിക ട്വിറ്റർ പേജിൽ സെബിയയിലെ പാക്​ എംബസി പങ്ക​ുവെച്ചത്​.

വെള്ളിയാഴ്ച രാവിലെ പോസ്റ്റ് ചെയ്ത വീഡിയോ വൈറലാകുകയും ചെയ്​തു. എന്നാൽ, തൊട്ടുപിന്നാലെ എംബസി ട്വീറ്റ് നീക്കം ചെയ്തു. ‘പ്രധാനമന്ത്രി ഞങ്ങളോടു ക്ഷമിക്കണം. മറ്റു വഴികൾ ഇല്ലാത്തതുകൊണ്ട്​ ചെയ്​തതാണ്​’ എന്ന ട്വീറ്റും എംബസി പോസ്റ്റ്​ ചെയ്​തിരുന്നു.