തിരുവനന്തപുരം:
കാരക്കോണത്ത് യുവതിക്ക് സ്ത്രീധനം കുറഞ്ഞ് പോയതിന്‍റെ പേരില്‍ മര്‍ദ്ദനവും മാനസീക പീഡനവുമെന്ന് പരാതി. വെണ്ണിയൂര്‍ സ്വദേശി അഖിലിന്‍റെയും ബന്ധുക്കളുടെയും പേരില്‍ പരാതി കൊടുത്ത് രണ്ടാഴ്ചക്ക് ശേഷം വിഴിഞ്ഞം പൊലീസ് കേസെടുത്തു. അച്ഛനും അമ്മയും ഓടിയെത്തിയില്ലായിരുന്നെങ്കില്‍ ആത്മഹത്യ ചെയ്തേനെ എന്ന് യുവതി പറഞ്ഞു.
ഭര്‍ത്തൃവീട്ടില്‍ നടന്ന സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങളും സ്ത്രീധനം ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണങ്ങളും കിട്ടി. എന്നാല്‍ ഒന്നും സംഭവിച്ചില്ലെന്നും എല്ലാം കള്ളക്കേസാണെന്നുമായിരുന്നു അഖിലിന്‍റെയും കുടുംബത്തിന്‍റെയും വിശദീകരണം. നിബിഷയെ കാണാന്‍ വീട്ടിലേക്ക് പോയ നിബിഷയെ അച്ഛന്‍റെയും അമ്മയുടെയും മുന്നിലിട്ട് മര്‍ദ്ദിക്കാന്‍ ശ്രമിച്ചപ്പോഴുണ്ടായ ദൃശ്യങ്ങളാണ് ലഭിച്ചത്.
കാരക്കോണം സ്വദേശി നിബിഷയും വിഴിഞ്ഞം വെണ്ണിയൂര്‍ സ്വദേശിയായ അഖിലും ഇക്കഴിഞ്ഞ ജനുവരിയിലാണ് വിവാഹിതരാകുന്നത്. സ്ത്രീധനം ഒന്നും ചോദിച്ചില്ലെങ്കിലും നാല്പത് പവന്‍റെ സ്വര്‍ണാഭരണങ്ങളും നാല്പത് സെന്‍റ് ഭൂമിയും നിബിഷയ്ക്ക് വിന്‍സെന്‍റ് നല്‍കി. പിന്നീട് സ്ത്രീധന കണക്ക് ചോദിച്ചും സൗന്ദര്യക്കുറവെന്നും ആരോപിച്ച് അപമാനിക്കല്‍ തുടങ്ങിയതായി നിബിഷ പറയുന്നു.
പിന്നീട് മര്‍ദനവും പതിവായി. പിന്നീടങ്ങോട്ട് സംസാരം മുഴുവന്‍ സ്ത്രീധനത്തെക്കുറിച്ചായി. സ്ത്രീധനത്തെക്കുറിച്ച് പറഞ്ഞ് അപമാനവും മര്‍ദ്ദനവും പതിവായതോടെ നിബിഷയുടെ അച്ഛന്‍ അഖിലിനെ ഫോണില്‍ വിളിച്ചപ്പോള്‍ പറയുന്നതിന്റെ ശബ്ദരേഖയും ലഭിച്ചിട്ടുണ്ട്. പിടിച്ച് നില്‍ക്കാന്‍ കഴിയാതായപ്പോള്‍ വിവാഹം കഴിഞ്ഞ് ആറ് മാസത്തിന് ശേഷം നിബിഷ വീട്ടിലേക്ക് വിളിച്ചു.
അച്ഛനും അമ്മയും എത്താന്‍ വൈകിയിരുന്നെങ്കില്‍ സ്ത്രീധന പീഡനത്തിന്‍റെ പേരില്‍ ആത്മഹത്യ ചെയ്തവരുടെ കണക്കില്‍ നിബിഷയും ഉള്‍പ്പെടുമായിരുന്നെന്ന് പറഞ്ഞ് നിബിഷയുടെ അമ്മയ്ക്ക് സങ്കടം സഹിക്കാനായില്ല. ജൂലായ് മാസം നിബിഷയെ മര്‍ദ്ദിച്ചപ്പോള്‍ പൊലീസെത്തിയിരുന്നു. കാര്യമായി ഒരു നടപടിയും എടുത്തില്ല.
മര്‍ദ്ദനമേറ്റ ദിവസം പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കിയിട്ടും അതേ പൊലീസ് അനങ്ങിയില്ല. തുടര്‍ച്ചയായി പറഞ്ഞിട്ടും കേസെടുക്കാന്‍ രണ്ടാഴ്ചയിലധികമെടുത്തു. ഭര്‍ത്തൃവീട്ടുകാര്‍ പീഡിപ്പിക്കുന്നു എന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും ശബ്ദ സംഭാഷണവും എല്ലാമുണ്ടായിട്ടും നിബിഷയുടെയും കുടുംബത്തിന്‍റെ ഗതിയിതാണ്.