Sat. Dec 28th, 2024

പിറന്നാൾ ദിനത്തിൽ പുതിയ സിനിമ പ്രഖ്യാപിച്ച്​ സംവിധായികയും ലക്ഷദ്വീപ്​ സമരനായികയുമായ ഐഷ സുൽത്താന. ‘124 (A)’ എന്ന്​ പേരിട്ടിരിക്കുന്ന പുതിയ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ സംവിധായകൻ ലാൽ ജോസ്​ തന്‍റെ ഫേസ്​ബുക്ക്​ പേജിലൂടെ പ്രകാശനം ചെയ്​തു. ‘ഫ്ലഷ്​’ എന്ന സിനിമക്കുശേഷം ഐഷ സംവിധാനം ചെയ്യുന്ന സിനിമയാണ്​ ‘124 (A)’.

പ്രുഫൽ പട്ടേൽ ലക്ഷദ്വീപ്​ അഡ്​മിനിസ്​ട്രേറ്ററായി ചുമതലയേറ്റ ശേഷം നടപ്പാക്കിയ ജന​ദ്രോഹ നിലപാടുകൾക്കെതിരെ ശബ്​ദമുയർത്തിയാണ്​ ഐഷ ശ്രദ്ധേയയായത്​. ചാനൽ ചർച്ചയിലെ ചില പരാമർശങ്ങളുടെ പേരിൽ രാജ്യദ്രോഹക്കുറ്റം വരെ ഐഷയുടെ മേൽ ചുമത്തപ്പെട്ടു.

പുതിയ സിനിമ തന്‍റെ കഥയല്ലെന്നും ഇന്ത്യൻ ഭരണഘടനയെയും ജനാധിപത്യത്തെയും നെഞ്ചോടു ചേർക്കുന്ന നമ്മൾ ഓരോരുത്തരുടെയും കഥയാണെന്നും ഐഷ പറയുന്നു.

‘ഞാനിന്ന്​ ഈ വർഷം രാജ്യദ്രോഹി ആയി മാറിയിരിക്കുന്നു. അല്ല. ചിലർ എന്നെ മാറ്റിയിരിക്കുന്നു. ഈ പിറന്നാൾ ദിവസം, ഈ വർഷം ഞാനൊരു രാജ്യദ്രോഹി. എന്‍റെ നേരാണ് എന്‍റെ തൊഴിൽ.

വരുംതലമുറയിലെ ഒരാൾക്കും ഞാൻ അനുഭവിച്ചപോലെയുള്ള അനുഭവങ്ങൾ ഉണ്ടാകാതിരിക്കണമെങ്കിൽ നിങ്ങളാ സത്യം അറിയണം. ഒരിക്കലും മറക്കാനാവാത്ത ഈ പിറന്നാൾ ദിവസം 124(A) എന്ന എന്‍റെ പുതിയ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ റിലീസ്​ ആയിരിക്കുന്നു’ -പുതിയ സിനിമയെ കുറിച്ച്​ ഐഷ ഫേസ്​ബുക്കിൽ കുറിച്ചു.