Wed. May 8th, 2024

ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യതാരങ്ങളുടെ സ്ഥാനം എവിടെയെന്ന് നോക്കാം. കാന്‍പൂര്‍ ടെസ്റ്റ് കളിച്ചില്ലെങ്കിലും കൊഹ്‌ലിയുടെയും രോഹിത്തിന്റെയും റാങ്കിങ്ങില്‍ മാറ്റമില്ല. സെഞ്ചുറി നേടിയ ശ്രേയസ് അയ്യര്‍ 74ാം സ്ഥാനത്തെത്തി. പാക്കിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീദി ആദ്യ അഞ്ചില്‍ ആദ്യമായി ഇടംകണ്ടെത്തി

അരങ്ങേറ്റ മല്‍സരത്തിലെ സെഞ്ചുറിയാണ് ശ്രേയസ് അയ്യരെ 74ാം സ്ഥാനത്തെത്തിച്ചത്. ആറുസ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ശുഭ്മാന്‍ ഗില്‍ 66ാമതും ഒന്‍പത് സ്ഥാനങ്ങള്‍ കയറിയ വൃദ്ധിമാന്‍ സാഹ 99ാം സ്ഥാനത്തുമെത്തി. കിവീസ് ഓപ്പണര്‍ ടോം ലാഥം ആദ്യ പത്തില്‍ മടങ്ങിയെത്തി.

ഇന്ത്യയ്ക്കെതിരെ ഇരുഇന്നിങ്സിലും ലാഥം അര്‍ധസെഞ്ചുറി നേടിയിരുന്നു. രോഹിത് അഞ്ചാമതും കൊഹ്‌ലി ആറാമതും തുടരുന്നു.
ടെസ്റ്റ് റാങ്കിങ്ങില്‍ രണ്ടാമതുള്ള അശ്വിനാണ് ഇന്ത്യന്‍ ബോളര്‍മാരില്‍ മുന്‍പില്‍. ഇന്ത്യയ്ക്കെതിരെ എട്ടുവിക്കറ്റുകള്‍ വീഴ്ത്തിയ ടിം സൗത്തി അശ്വിന് തൊട്ടുപിന്നില്‍ മൂന്നാം സ്ഥാനത്തുണ്ട്.

ബംഗ്ലദേശിനെതിരായ ആദ്യ ടെസ്റ്റിലെ പ്രകടനമാണ് പാക്ക് പേസര്‍ ഷഹീന്‍ അഫ്രീദിയെ കരിയറിലെ ഉയര്‍ന്ന റാങ്കായ അഞ്ചാം സ്ഥാനത്തെത്തിച്ചത്. മല്‍സരത്തില്‍ എട്ടുവിക്കറ്റുകളാണ് ഷഹീന്‍ വീഴ്ത്തിയത്. ലങ്കന്‍ ക്യാപ്റ്റന്‍ ദിമുഥ് കരുണരത്നെ നാലുസ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തി. ബാറ്റര്‍മാരില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോറൂട്ടും ബോളര്‍മാരില്‍ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും ഓള്‍റൗണ്ടര്‍മാരില്‍ വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡറുമാണ് ഒന്നാമത് .