പാലക്കാട്:
പാചകവാതക വില കുത്തനെ കൂട്ടിയതോടെ പ്രതിസന്ധിയിലായി ഹോട്ടൽ വ്യവസായം. വാണിജ്യ സിലിണ്ടറുകള്‍ക്ക് 101 രൂപയാണ് കഴിഞ്ഞദിവസം എണ്ണക്കമ്പനികൾ വർദ്ധിപ്പിച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന് 2096.50 രൂപയായി. പലയിടങ്ങളിലും വാഹന ചാര്‍ജ് കൂടി കൂട്ടുമ്പോള്‍ 2,150 രൂപയോളം വരും.
ഗാര്‍ഹിക സിലിണ്ടറിൻറെ വിലയില്‍ മാറ്റമില്ലെന്ന് പറയുമ്പോഴും ഹോട്ടലുകളിലും വാണിജ്യ മേഖലയിലും ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വില വര്‍ദ്ധിക്കുന്നത് പരോക്ഷമായി സാധാരണക്കാരെ ബാധിക്കുകയാണ്. സര്‍ക്കാറിൻറെ ജനക്ഷേമ പദ്ധതികളായ കമ്യൂണിറ്റി കിച്ചൺ, വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണം, ആശുപത്രി കാൻറീൻ എന്നിവക്കടക്കം വാണിജ്യ സിലിണ്ടറുകളാണ് ഉപയോഗിക്കുന്നത്. രണ്ടു മാസത്തിനിടെ വാണിജ്യ സിലിണ്ടറുകളുടെ അടിസ്ഥാന വിലയില്‍ 371 രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായത്.
പല ഹോട്ടലുകളിലും ഒരുദിവസം അഞ്ച് വരെ സിലിണ്ടറുകള്‍ ഉപയോഗിക്കുന്നുണ്ട്. കൊവിഡിനെ തുടര്‍ന്ന് നട്ടംതിരിയുന്ന ഹോട്ടലുടമകൾക്കും ജനങ്ങള്‍ക്കും ഇരട്ടി പ്രഹരമാണ് പാചകവാതക വില വര്‍ദ്ധന. അടിസ്ഥാന വിലയിലാണ് കമ്പനികള്‍ മാറ്റം വരുത്തുന്നതെങ്കിലും ഏജന്‍സികളുടെ നിരക്കുകളും ഗതാഗത ചാർജും ഉപയോക്താവ് വഹിക്കേണ്ടി വരും.
വാണിജ്യ സിലിണ്ടറിന് വില വര്‍ദ്ധിക്കുന്നത് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. രാജ്യാന്തര വിപണിയില്‍ എണ്ണവില കുത്തനെ ഇടിയുമ്പോഴും എണ്ണക്കമ്പനികള്‍ വില വര്‍ദ്ധന തുടരുകയാണെന്ന് വ്യാപാരികൾ കുറ്റപ്പെടുത്തുന്നു. പാചകവാതക വിലക്കയറ്റം വൻ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്ന് കപ്പൂര്‍ പഞ്ചായത്തിൽ കുടുംബശ്രീ കാൻറീന് നടത്തുന്ന മല്ലിക പറയുന്നു. പഞ്ചായത്ത് വൈദ്യുതി, കെട്ടിടം എന്നിവയുടെ പണം നല്‍കുന്നത് ഏറെ ആശ്വാസമാണ്. 20 രൂപക്ക് ഭക്ഷണം നല്കി വരുന്നത് ഇതുമൂലമാണ്. എന്നാല്‍, അടിക്കടിയുണ്ടാകുന്ന പാചകവാതക വില വർദ്ധന താങ്ങാനാവുന്നില്ലെന്നും ഇവർ പറയുന്നു.