ബാങ്കോക്:
സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട മ്യാന്മറിലെ ഭരണകക്ഷി നേതാവ് ഓങ് സാൻ സൂചിക്കെതിരായ കേസിൽ വിധി പറയുന്നത് കോടതി മാറ്റിവെച്ചു. കേസിലെ സാക്ഷിയായ ഡോക്ടറെ വിസ്തരിക്കാൻ അനുവദിക്കണമെന്ന വാദം അംഗീകരിച്ചാണ് കോടതി വിധി പറയുന്നത് മാറ്റിവെച്ചത്.
വിചാരണ വേളയിൽ ഡോക്ടർക്ക് കോടതിയിൽ ഹാജരായി മൊഴി നൽകാൻ കഴിഞ്ഞിരുന്നില്ല. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുകയും അതിന് പ്രോത്സാഹനം നൽകുകയും ചെയ്തുവെന്ന കേസിലാണ് ചൊവ്വാഴ്ച കോടതി വിധി പറയാനിരുന്നത്. ഇതാണ് സാക്ഷിയായ ഡോ സ്വാമിൻറിനെ കൂടി വിസ്തരിക്കാനായി മാറ്റിവെച്ചത്.
ഇദ്ദേഹത്തിൻ്റെ സാക്ഷി വിസ്താരം ഡിസംബർ ആറിന് നടക്കും. സൂചിക്കെതിരെ അഴിമതി ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയ കേസുകൾ വേറെയുമുണ്ട്. ഇതിൽ ശിക്ഷിക്കപ്പെട്ടാൽ 76കാരിയായ ഇവർക്ക് വർഷങ്ങളോളം തടവിൽ കഴിയേണ്ടിവരും.