ലണ്ടൻ:
ലോകത്തിലെ ഏറ്റവും ചിലവേറിയ നഗരം ഇനി പാരീസോ സിങ്കപ്പൂരോ അല്ല, അത് ഈ ഇസ്രായേൽ നഗരമാണ്. ടെൽ അവീവ് ഒന്നാമതെത്തിയതായി ബുധനാഴ്ച എക്കണോമിക് ഇന്റലിജൻസ് യൂണിറ്റ് പങ്കുവച്ച സർവ്വെയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
അഞ്ച് സ്ഥാനം മറികടന്നാണ് ടെൽ അവീവ് ഒന്നാമതെത്തിയത്. 173 നഗരങ്ങളിലെ ജീവിത ചിലവുകൾ അമേരിക്കൻ ഡോളറിൽ കണക്കാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്.
ഇസ്രായേൽ കറൻസിയായ ഷെകെലിന്റെ മൂല്യം വർദ്ധിച്ചതാണ് നഗരം ഒന്നാമതെത്താൻ കാരണം.
മാത്രമല്ല നഗരത്തിലെ യാത്രചിലവും സാധനങ്ങളുടെ വിലയും കുത്തനെ ഉയർന്നിരിക്കുകയാണ്. പാരീസും സിങ്കപ്പൂരും തൊട്ടുപിന്നിലായി സ്ഥാനം പിടിച്ചു. സുരിച്ചും ഹോങ്കോങ്ങും നാലും അഞ്ചും സ്ഥാനം സ്വന്തമാക്കി.
ന്യൂയോർക്കാണ് ആറാം സ്ഥാനത്ത്. ജെനീവയ്ക്ക് ഏഴാം സ്ഥാനമാണ്. കഴിഞ്ഞ വർഷം പുറത്തിറക്കിയ പട്ടികയിൽ പാരീസ്, സുറിച്ച്, ഹോങ്കോങ്ങ് എന്നീ നഗരങ്ങൾ ഒന്നാം സ്ഥാനം പങ്കിട്ടെടുത്തിരുന്നു.