Wed. Jan 22nd, 2025
ന്യൂഡല്‍ഹി:

പേടിഎം പേയ്‌മെന്‍റ്​സ് ബാങ്ക് ലിമിറ്റഡ് പുതിയ പേടിഎം ട്രാന്‍സിറ്റ് കാര്‍ഡ് അവതരിപ്പിച്ചു. മെട്രോ, റെയില്‍, ബസ് തുടങ്ങിയ യാത്രാ മാര്‍ഗങ്ങള്‍ക്കും ടോള്‍-പാര്‍ക്കിങ് ചാര്‍ജ് നല്‍കാനും ഈ കാര്‍ഡ് ഉപയോഗിക്കാം. വ്യാപാര സ്ഥാപനങ്ങളില്‍ ഓഫ്‌ലൈന്‍ പേയ്‌മെന്‍റുകള്‍ക്കും ഓണ്‍ലൈന്‍ ഷോപ്പിങ്ങിനും മറ്റ് അനേക ആവശ്യങ്ങള്‍ക്കും കാർഡ്​ ഉപകരിക്കും.

എ ടി എമ്മുകളില്‍നിന്നും പണം പിന്‍വലിക്കാനും കാര്‍ഡ് ഉപയോഗിക്കാം. ഉപഭോക്താക്കള്‍ക്ക് പലവിധ ആവശ്യങ്ങള്‍ക്കായി ഒന്നിലധികം കാര്‍ഡുകള്‍ കൊണ്ടുനടക്കേണ്ട അവസ്ഥ ഒഴിവാകും. എല്ലാ പേയ്‌മെന്‍റുകള്‍ക്കും പേടിഎം ട്രാന്‍സിറ്റ് കാര്‍ഡ് ഉപയോഗിക്കാം.

പേടിഎം ആപ്പില്‍ തന്നെ കാർഡിനായി അപേക്ഷിക്കാനും റീചാര്‍ജ് ചെയ്യാനും എല്ലാ ഇടപാടുകളും ട്രാക്ക് ചെയ്യാനുമുള്ള ഡിജിറ്റല്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. കാര്‍ഡ് വീടുകളിലെത്തും, അല്ലെങ്കില്‍ ആവശ്യമായ ഇടത്തെ സെയില്‍സ് പോയിന്‍റില്‍നിന്നും സ്വീകരിക്കാം. പ്രീപെയ്ഡ് കാര്‍ഡ് നേരിട്ട് പേടിഎം വാലറ്റുമായി ലിങ്ക് ചെയ്യും.

ഉപയോക്താക്കള്‍ക്ക് വാലറ്റ് ടോപ്പ്-അപ്പ് ചെയ്ത് ട്രാന്‍സിറ്റ് കാര്‍ഡ് ഉപയോഗിക്കാം. പ്രത്യേക അക്കൗണ്ട് ഒന്നും സൃഷ്ടിക്കേണ്ട. ഹൈദരാബാദ് മെട്രോ റെയിലുമായി ചേര്‍ന്നാണ് പേടിഎം ട്രാന്‍സിറ്റ് കാര്‍ഡ് അവതരിപ്പിക്കുന്നത്.

ഡല്‍ഹി എയര്‍പോര്‍ട്ട് എക്‌സ്പ്രസിലും അഹമദാബാദ് മെട്രോയിലും കാര്‍ഡ് ഇപ്പോള്‍ ലൈവാണ്. ഒരേ ട്രാന്‍സിറ്റ് കാര്‍ഡ് തന്നെ ഇന്ത്യയിലെ ഏത് മെട്രോയിലും ഉപയോഗിക്കാം.