Fri. Nov 22nd, 2024
നടുവണ്ണൂർ:

സംസ്ഥാനപാതയോരത്ത് നടുവണ്ണൂർ ടൗണിൽ സ്വന്തം സ്ഥലം കാടുകയറി നശിക്കുമ്പോൾ വർഷങ്ങളായി നടുവണ്ണൂർ സബ് പോസ്റ്റ് ഓഫിസ് പ്രവർത്തനം വാടക കെട്ടിടത്തിൽ. ടൗണിന്റെ ഹൃദയ ഭാഗത്താണു തപാൽ വകുപ്പിന്റെ ഉടമസ്ഥതയിൽ 17 സെന്റ് സ്ഥലമുള്ളത്. കാവുന്തറ റോഡ് ജംക്‌ഷനു സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തപാൽ ഓഫിസ് നിലവിൽ പ്രവർത്തിക്കുന്നത്.

സംസ്ഥാന പാതയോരത്തെ നടുവണ്ണൂർ സബ് പോസ്റ്റ് ഓഫിസിന്റെ സ്ഥലമാണെന്ന് അറിയിച്ചു തപാൽ വകുപ്പ് സ്ഥാപിച്ച ബോർഡ്. ഓടുമേഞ്ഞ പഴയ കെട്ടിടത്തിലെ അസൗകര്യവും അപകടാവസ്ഥയും കാരണം 2015ലാണു പുതിയ കെട്ടിടത്തിലേക്കു മാറിയത്. നിലവിലെ കെട്ടിടത്തിന് 10,800 രൂപയാണു പ്രതിമാസ വാടക.

സബ് പോസ്റ്റ് ഓഫിസ് പണിയാൻ‌ 40 വർഷം മുൻപാണു തപാൽ വകുപ്പ് സ്ഥലം വാങ്ങിയത്. ചുറ്റുമതിൽ കെട്ടി ഗേറ്റ് സ്ഥാപിച്ചതല്ലാതെ കെട്ടിടം പണിതില്ല. ഇരുമ്പ് ഗേറ്റ് കാലപ്പഴക്കത്തിൽ തുരുമ്പെടുത്തു. സ്ഥലം മുഴുവൻ കാടുകയറി പാഴ്മരങ്ങൾ വളർന്നു. ഇതോടെ ഇവിടെ മാലിന്യം തള്ളുന്നതു പതിവായി.

അവിടനല്ലൂർ, കരുവണ്ണൂർ, മന്ദങ്കാവ്, കോട്ടൂർ, മൂലാട്, കാവിൽ, നൊച്ചാട്, പൂനത്ത്, തിരുവോട്, വാകയാട് എന്നീ 10 ബ്രാഞ്ച് പോസ്റ്റ് ഓഫിസുകൾ ഈ സബ് പോസ്റ്റ് ഓഫിസിനു കീഴിലുണ്ട്. തിരക്കുള്ള ഓഫിസാണിത്. പെൻഷൻ ആവശ്യത്തിനും അക്കൗണ്ടിൽ നിന്നുപണം പിൻവലിക്കുന്നതിനും വയോജനങ്ങൾ ഈ ഓഫിസിൽ എത്താറുണ്ട്.

ഗോവണി കയറി മുകളിലെത്താൻ ഇവർ പ്രയാസപ്പെടുന്നു. സാധാരണ സേവനങ്ങൾക്കു പുറമേ സ്പീഡ് പോസ്റ്റ് സംവിധാനത്തിനും ആധാർ സംബന്ധിച്ച സേവനങ്ങൾക്കും എത്തുന്നവർ ഇടുങ്ങിയ വരാന്തയിൽ നിൽക്കേണ്ട ഗതികേടിലാണ്.
വർഷങ്ങൾക്കു മുൻപു മാതൃകാ പോസ്റ്റ് ഓഫിസായി പരിഗണിച്ച നടുവണ്ണൂർ സബ് പോസ്റ്റ് ഓഫിസിന് ആധുനിക സംവിധാനമുള്ള, ആളുകൾക്ക് എളുപ്പത്തിൽ എത്തിപ്പെടാൻ പറ്റുന്ന കെട്ടിടം വേണമെന്ന ആവശ്യം ശക്തമാണ്. ഇതേക്കുറിച്ചു പ്രതികരിക്കാൻ തപാൽ വകുപ്പ് അധികൃതർ ഇക്കാര്യത്തിൽ തയാറായില്ല.