മുട്ടം:
വർഷം മുഴുവനും സമൃദ്ധമായി ഒഴുകുന്ന മലങ്കര ജലാശയത്തിന് സമീപം കഴിയുന്ന മുട്ടം നിവാസികൾ കുടിവെള്ളത്തിന് നെട്ടോട്ടമോടേണ്ട അവസ്ഥയിലാണ്. ഈ ജലാശയത്തിലെ വെള്ളം ശുചീകരിച്ചാണ് വീടുകളിൽ വിതരണം ചെയ്യുന്നത്. വേനൽക്കാലത്ത് അതികഠിനമാണ് കുടിവെള്ളക്ഷാമമെങ്കിൽ മഴക്കാലത്തും ഭിന്നമല്ല മുട്ടത്തെ അവസ്ഥ.
കാലപ്പഴക്കം ചെന്ന പൈപ്പുകളും ഓടിത്തളർന്ന മോട്ടോറുകളുമാണ് ജലക്ഷാമത്തിന് പ്രധാന കാരണം. മോട്ടോറുകൾ ദിനേനെയെന്നോണം കേടാകുകയും പൈപ്പുകൾ പൊട്ടി ആഴ്ചകളോളം കുടിവെള്ളവിതരണം മുടങ്ങുകയും ചെയ്യാറുണ്ട്. തുടങ്ങനാട് മേഖലയിലേക്കുള്ള പൈപ്പ് പൊട്ടി കഴിഞ്ഞ ഒരു മാസത്തോളം കുടിവെള്ള വിതരണം മുടങ്ങിയിരുന്നു.
13,000ത്തിലധികം ജനങ്ങൾ അധിവസിക്കുന്ന മുട്ടത്ത് 8500 ഓളം പേർക്കുവേണ്ടി നിർമിച്ച പദ്ധതിയിൽ നിന്നാണ് കുടിവെള്ളം എത്തിക്കുന്നത്. ഇതുമൂലം ഭൂരിപക്ഷം വീടുകളിലേക്കും ആവശ്യത്തിന് ജലം ലഭിക്കുന്നില്ല. വർഷങ്ങൾക്കുമുമ്പ് പ്രഖ്യാപിച്ച സമ്പൂർണ കുടിവെള്ള പദ്ധതി യാഥാർഥ്യമായാലേ മുട്ടത്തെ ജലക്ഷാമത്തിന് ശാശ്വത പരിഹാരമാകൂ.