പെരിങ്ങോം:
പമ്പിൽ നിന്നും പെട്രോൾ അടിച്ച വാഹനങ്ങൾ പെരുവഴിയിലായി. മായം ചേർന്ന ഇന്ധനം നിറച്ച മുപ്പതിൽപ്പരം വാഹനങ്ങളാണ് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ പെരുവഴിയിലായത്. കഴിഞ്ഞദിവസം രാവിലെ ഏഴോടെയാണ് സംഭവം.
മംഗ്ളൂരുവിലേക്ക് രോഗിയേയും കൊണ്ടുപോകുന്ന കാറുകളും, എയർപോർട്ടിലേക്കും, റെയിൽവേ സ്റ്റേഷനുകളിലേക്കും പോകുന്ന വാഹനങ്ങളും പാതിവഴിയിൽ ഓട്ടം നിർത്തിയ നിലയിലാണ്. കെട്ടിവലിച്ച് വർക്ക്ഷോപ്പിലെത്തി പരിശോധിച്ചപ്പോഴാണ് ഇന്ധനത്തിൽ വെള്ളം കലർന്നതായി കണ്ടെത്തിയത്. വാഹന ഉടമകൾ പമ്പിലെത്തി പ്രതിഷേധിച്ചപ്പോൾ പെരിങ്ങോം പൊലീസ് ഇടപെട്ടു. പമ്പ് ഉടമയും, കമ്പനിയുമായി നടന്ന ചർച്ചയിൽ നഷ്ടപരിഹാരം നൽകാനും, വാഹനങ്ങൾ വർക്ക് ഷോപ്പിലെത്തിക്കുവാനും ധാരണയായി.