മാലെ:
മുൻ പ്രസിഡൻറ് അബ്ദുല്ല യമീൻ അബ്ദുൽ ഖയ്യൂമിൻ്റെ തടവുശിക്ഷ മാലദ്വീപ് സുപ്രീംകോടതി റദ്ദാക്കി. കള്ളപ്പണക്കേസിൽ യമീനിനു മേൽ ചുമത്തിയ അഞ്ചു വർഷം തടവും 50 ലക്ഷം യു എസ് ഡോളറിൻ്റെ (ഏകദേശം 37.48 കോടി രൂപ) പിഴയുമാണ് പിൻവലിച്ചത്.
രണ്ടു വർഷം മുമ്പുള്ള കീഴ്ക്കോടതി വിധിയാണ് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ഏകകണ്ഠമായി തള്ളിയത്. യമീനിനെതിരായ തെളിവുകൾ വൈരുധ്യം നിറഞ്ഞതും കുറ്റം ചെയ്തതായി പൂർണമായി തെളിയിക്കാത്തതുമാണെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
അതേസമയം, ഇദ്ദേഹത്തിനെതിരായ മറ്റു അഴിമതിക്കേസുകൾ കോടതിയിൽ വിചാരണയിലാണ്. 2013 മുതൽ 2018 വരെയാണ് യമീൻ മാലദ്വീപ് പ്രസിഡൻറായിരുന്നത്.