Wed. Jan 22nd, 2025
തിരുവനന്തപുരം:

ഗുണനിലവാരമില്ലാത്ത ഭക്ഷ്യ ഉത്പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നുവെന്ന പരാതിയില്‍ റേഷന്‍ കടയില്‍ മന്ത്രി ജി ആര്‍ അനിലിന്‍റെ മിന്നല്‍ പരിശോധന. തിരുവനന്തപുരം പാലോടുള്ള റേഷന്‍ കടയിലാണ് മന്ത്രി പരിശോധന നടത്തിയത്. സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളിലും അടിയന്തര പരിശോധനക്കും മന്ത്രി നിര്‍ദേശം നല്‍കി.

തിരുവനന്തപുരം പാലോടുള്ള എ ആർ ഡി 117ആം നമ്പർ റേഷന്‍ കടയിലായിരുന്നു ഭക്ഷ്യമന്ത്രിയുടെ മിന്നല്‍ റെയ്ഡ്. റേഷന്‍ കടക്കെതിരെ ഗുണനിലവാരമില്ലാത്ത ഗോതമ്പ് വിതരണം ചെയ്യുന്നുവെന്ന് കാർഡ് ഉടമ പരാതി നല്‍കിയിരുന്നു. ഭക്ഷ്യയോഗ്യമല്ലാത്ത ഉത്പ്പന്നങ്ങള്‍ വില്‍ക്കരുതെന്ന് മന്ത്രി നിര്‍ദേശിച്ചു. ഉപഭോക്താക്കളോട് മാന്യമായി പെരുമാറണമെന്നും മന്ത്രിയുടെ താക്കീത്.

സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. എല്ലാ റേഷൻ കടകളിലും വിതരണത്തിന് എത്തിച്ച ഭക്ഷ്യധാന്യം ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പാക്കണമെന്ന്മ ന്ത്രി നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളിലും സിവില്‍ സപ്ലൈസ് വകുപ്പ് ഉടന്‍ പരിശോധന ആരംഭിക്കും.