Mon. Dec 23rd, 2024
ബ്രിജ്‌ടൗൺ:

ബാർബഡോസ് രാഷ്ട്രത്തലപ്പത്ത് ഇനി മുതൽ ബ്രിട്ടിഷ് രാജ്‍ഞിയില്ല. കോളനിവാഴ്ചക്കാലം കഴിഞ്ഞിട്ടും ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയോടു വിധേയത്വം പുലർത്തിവന്ന ദ്വീപുരാഷ്ട്രം ഒടുവിൽ പാർലമെന്ററി റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു.

3 വർഷമായി ഗവർണർ ജനറൽ പദവി വഹിക്കുന്ന സാൻഡ്ര മേസൻ (72) പുതിയ രാഷ്ട്രത്തലവനായി അധികാരമേറ്റു. ആഫ്രിക്കൻ അടിമകളെക്കൊണ്ടു കരിമ്പിൻപാടങ്ങളിൽ പൊന്നുവിളയിച്ച്, ബ്രിട്ടിഷുകാർ കൊയ്ത സാമ്രാജ്യത്വനേട്ടങ്ങളുടെ ചരിത്രമാണു പുതിയ വഴിത്തിരിവിലെത്തിയത്.

ബ്രിട്ടനിൽനിന്നു സ്വാതന്ത്ര്യം നേടിയതിന്റെ 55–ാം വാർഷിക ദിനത്തിൽ റിപ്പബ്ലിക് പ്രഖ്യാപനവും ആഘോഷവും നടന്നു. പ്രസിഡന്റ് സാൻഡ്ര മേസൻ, പ്രധാനമന്ത്രി മിയ മോട്‌ലി എന്നിവർക്കൊപ്പം ബ്രിട്ടനിലെ ചാൾസ് രാജകുമാരൻ, ബാർബഡോസുകാരിയായ പ്രശസ്ത ഗായിക റിയാന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കരീബിയൻ ദ്വീപുരാഷ്ട്രത്തിനു ചുമക്കേണ്ടി വന്ന അടിമത്തത്തിന്റെ ദുരിതചരിത്രം ചാൾസ് രാജകുമാരൻ സ്മരിച്ചു. പുതിയ റിപ്പബ്ലിക്കിന് ആശംസയും അഭിവൃദ്ധിയും നേർന്ന് എലിസബത്ത് രാജ്ഞി സന്ദേശം അയച്ചു. റിപ്പബ്ലിക് ആയെങ്കിലും പഴയ ബ്രിട്ടിഷ് കോളനികളുടെ കൂട്ടായ്മയായ കോമൺവെൽത്തിൽ തുടരും.