Mon. Dec 23rd, 2024
കൃഷിയിൽ ജൈവ മാതൃകയുമായി കോട്ടുവള്ളി പഞ്ചായത്ത് 

കോട്ടുവള്ളി: ജൈവ മാതൃകയിൽ കൃഷിയിൽ വിജയം നേടി കർഷകർ. എറണാകുളം ജില്ലയിലെ കോട്ടുവള്ളി പഞ്ചായത്തിലാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ ‘സുഭിക്ഷം-സുരക്ഷിതം ഭാരതീയ കൃഷി പദ്ധതി’ യിലൂടെ ജൈവ വിപ്ലവം സൃഷ്ടിച്ചിരിക്കുന്നത്. പഞ്ചായത്തിലെ ഏകദേശം 100 ഹെക്ടർ ഭൂമിയിലാണ് പച്ചക്കറികളും നെല്ലും അടക്കം വിവിധ ഇനം കൃഷികൾ പ്രദേശത്ത് വിളവെടുക്കുന്നത്. 

പദ്ധതിയിലൂടെ പ്രദേശത്തെ കർഷകരെ രണ്ടു വിഭാഗമായി തിരിച്ച് ഒരു വിഭാഗത്തെ കൃഷിക്ക് ആവശ്യമായ പ്രകൃതി സൗഹൃദ ഉപാധികൾ നിർമ്മിക്കുന്നതിന് ചുമതലപ്പെടുത്തുകയും രണ്ടാം വിഭാഗത്തിന് വിളകളെ മൂല്യ വർദ്ധിത ഉത്പന്നങ്ങളായി മാറ്റുന്നതിനുള്ള ചുമതലയും നൽകി. ഇതിലൂടെ പ്രദേശത്തെ കർഷകർക്ക് സ്വയം പര്യാപ്തമായ രീതിയിൽ പ്രകൃതി വിഭവങ്ങളിൽനിന്നുതന്നെ കൃഷിക്കാവശ്യമായ വളങ്ങൾ ഉത്പാദിപ്പിക്കാൻ കഴിയുകയും അവ കർഷകർക്ക് സൗജന്യമായി നൽകാൻ കഴിയുകയും ചെയ്തു എന്ന് കൊടുവള്ളി കൃഷി ഓഫീസർ റെയ്‌ഹാന കെ സി പറഞ്ഞു. 

കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരുടെ പിന്തുണയും പ്രചോദനവും കൃഷി വിജയകരമായി നടത്തുവാൻ കാരണമാക്കി എന്നും അതിലൂടെ പൂർണമായി ജൈവ രീതിയിൽ കൃഷി അവലംബിക്കാമെന്നുമുള്ള വിശ്വാസം രൂപപ്പെട്ടു എന്നും കർഷകർ പറയുന്നു. രാസവള പ്രയോഗത്തിലൂടെ നഷ്ടപ്പെട്ട മണ്ണിന്റെ അടിസ്ഥാന ഘടന ജൈവ രീതിയിലൂടെ തിരികെ ലഭിക്കുന്നതായും തുടർന്നുള്ള കൃഷിയിൽ കുറവ് വളം മാത്രമേ ആവശ്യം വരുന്നുള്ളു എന്നും അവർ പറയുന്നു. 

കൃഷി ഭവന്റെ സഹകരണത്തോടെ പൂർണമായും ജൈവ ചേരുവകൾ കൊണ്ട് കർഷകർ നിർമിക്കുന്ന ആഹാര വസ്തുക്കൾക്ക് പ്രദേശത്ത് ആവശ്യക്കാർ ഏറിവരുകയാണ്. പ്രദേശത്തെ ജനങ്ങളിൽ വിഷ രഹിത ആഹാര ശീലം രൂപപ്പെടുത്തുകയും അത് ഉത്പാദിപ്പിക്കാൻ സ്വയം പര്യാപ്തരാക്കുകയുമാണ് കൃഷി ഭവന്റെ ലക്‌ഷ്യം. 

Instagram will load in the frontend.