Wed. Jan 22nd, 2025
ദുരിതത്തിന് അവസാനമില്ലാതെ എറണാകുളം ബസ് സ്റ്റാൻഡിലെ വെള്ളക്കെട്ട്

എറണാകുളം: മഴ പെയ്താൽ വെള്ളക്കെട്ടിൽ മുങ്ങി എറണാകുളം കെഎസ്ആർടിസി കെട്ടിടം. വർഷങ്ങളായി ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് ഇതുവരെ അധികൃതർക്ക് പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. കെട്ടിടത്തിന് ചുറ്റും അകത്ത് യാത്രക്കാരുടെ ഇരിപ്പിട സ്ഥലത്തും വെള്ളക്കെട്ട് പതിവാണ്. പഴക്കം ചെന്ന കെട്ടിടത്തിൽ യാത്രക്കാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും പോലും അധികൃതർക്കായിട്ടില്ല.

ദിവസേന ഇരുപതിനായിരം മുതൽ മുപ്പതിനായിരം യാത്രക്കാർ എത്തുന്ന ബസ് സ്റ്റാൻഡ് ആണ് ശോച്യാവസ്ഥയിൽ കിടക്കുന്നത്. സ്റ്റാൻഡിന് സമീപം ഉള്ള മുല്ലശ്ശേരി കനാലിലെ തടസങ്ങളാണ് കെട്ടിടത്തിനുള്ളിലേയും സമീപത്തെയും വെള്ളക്കെട്ടിന് കാരണമെന്നാണ് അധികൃതരുടെ വാദം. കൂടാതെ കെട്ടിടം നിൽക്കുന്നത് താഴ്ന്ന പ്രദേശത്തായതിനാൽ വേലിയേറ്റ സമയത്ത് കനാലിൽ നിന്ന് ഓടകൾ വഴി കെട്ടിടത്തിന് സമീപം വെള്ളം നിറയുന്നുണ്ടന്നും അവർ പറയുന്നു.

കോർപറേഷന്റെ ‘ബ്രേക് ത്രൂ’ പദ്ധതിയിലൂടെ കൊച്ചിയിലെ കനാലുകളും ഓടകളും വൃത്തിയാക്കുന്ന നടപടികൾ നടത്തിയിരുന്നു. എന്നിട്ടും ഇപ്പോഴും സ്റ്റാൻഡും പരിസരവും വെള്ളക്കെട്ടും മാലിന്യങ്ങളുംകൊണ്ട് വൃത്തിഹീനമായിത്തന്നെ തുടരുകയാണ്. 

1968-ൽ അന്നത്തെ മുഖ്യമന്ത്രിയായ ഇഎംഎസ് നമ്പൂതിരിപ്പാടും ഗതാഗത മന്ത്രിയായ ഇമ്പിച്ചി ബാവയും ചേർന്ന് ഉദ്‌ഘാടനം ചെയ്ത കെട്ടിടമാണ് നിലവിലുള്ളത്. പുതിയ കെട്ടിടം നിർമ്മിക്കാനുള്ള പദ്ധതികൾ പല തവണ പാതിവഴിയിലായി നിന്നുപോയ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. പഴയ കെട്ടിടത്തിന്റെ അവസ്ഥ പരിഗണിച്ച് നിലവിലെ സ്റ്റാൻഡിന് സമീപത്തായി കരിക്കമുറിയിൽ പുതിയ കെട്ടിടം നിർമ്മിക്കാനുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് സർക്കാർ വൃത്തങ്ങളുടെ പ്രതികരണം. 

ആവശ്യത്തിന് വെളിച്ചമോ വൃത്തിയോ ഇല്ലാത്ത കെട്ടിടത്തിന്റെ ഒരു ഭാഗം കഴിഞ്ഞ ജൂലൈയിൽ ഏഷ്യൻ പെയിന്റ്‌സിന്റെയും ഡൽഹി ആസ്ഥാനമായുള്ള സ്റ്റാർട്ട് ഇന്ത്യ എന്ന സർക്കാർ ഇതര സംഘടനയുടെയും നേതൃത്വത്തിൽ പെയിന്റ് ചെയ്തു നൽകുകയും ചെയ്തിരുന്നു. എന്നാൽ ഉത്തരവാദിത്തപ്പെട്ടവർ വര്ഷങ്ങളായി കെട്ടിടത്തിന് വേണ്ട അറ്റകുറ്റ പണികൾ നടത്താനോ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനോ ശ്രദ്ധിക്കുന്നില്ല.