ആലുവ: കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെത്തുടർന്ന് ആലുവയിൽ മണ്ണിടിച്ചിൽ. ആലുവ ദേശത്ത് പെരിയാർ തീരത്ത് കലാമണ്ഡലം ശങ്കരൻ എംബ്രാന്തിരിയുടെ വീടിനോട് ചേർന്ന് ഇരുപത് അടിയോളം പ്രദേശമാണ് പുഴയിലേക്ക് നിലംപതിച്ചത്. ഭൂമിക്കടിയിൽനിന്ന് ഉത്ഭവിച്ച ജല ഉറവ മൂലമാണ് മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. ഉറവയുടെ വരവ് തുടരുന്നതിനാൽ പ്രദേശത്ത് കൂടുതൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നുണ്ട്. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി താമസക്കാരെ ബന്ധുവീട്ടിലേക്ക് മാറ്റിത്താമസിപ്പിച്ചിരിക്കുകയാണ്.
എംഎൽഎയും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ച് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തതായി ശങ്കരൻ എംബ്രാന്തിരിയുടെ മകൾ സിന്ധു പറഞ്ഞു. സംരക്ഷണ ഭിത്തി പണിതപ്പോൾ ഭൂമിയിൽ നിന്നുള്ള വെള്ളം ഒഴുകിപ്പോകാൻ വേണ്ട മുൻകരുതലുകൾ എടുത്തിരുന്നെന്നും കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ പ്രദേശത്ത് കാര്യമായ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നെന്നും അതിന്റെ ഫലമായി ഉണ്ടായതാവാം മണ്ണിടിച്ചിലെന്നും അവർ കൂട്ടിച്ചേർത്തു.
പുഴയോട് ചേർന്നുള്ള സംരക്ഷണ ഭിത്തിയും വീടിന് ഒന്നര അടി മാറി വരെയുള്ള മണ്ണും മരങ്ങളും പുഴയുടെ നടു ഭാഗം വരെ ഒഴുകിയെത്തിയിരിക്കുന്ന അവസ്ഥയിലാണ്. ജല ഉറവ നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ മണ്ണിടിച്ചിൽ സാധ്യത ഉള്ളതായാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. മണ്ണിടിച്ചിൽ തുടർന്നാൽ കെട്ടിടം തകരാൻ സാധ്യതയുള്ളതിനാൽ കരിങ്കൽ ഇട്ട് മണ്ണ് ബലപ്പെടുത്താനുള്ള ശ്രമം നടത്തുന്നുണ്ട്.
2018-ൽ പ്രളയം കാര്യമായി ബാധിച്ച പ്രദേശമാണ് ഇവിടം. സംഭവം നടന്നത് രാത്രി സമയത്തായിരുന്നതിനാലും വീട്ടിൽ താമസക്കാർ ഉണ്ടാകാതിരുന്നതിനാലും വലിയ അപകടം ഒഴിവായി എന്ന് പ്രദേശവാസികൾ പറയുന്നു. വലിയ ശബ്ദത്തോടുകൂടി മണ്ണിടിയുകയായിരുന്നെന്നും പ്രദേശത്ത് പുഴയുടെ തീരത്ത് ഇതുകൂടാതെ പല സ്ഥലങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ മണ്ണിടിച്ചിൽ സംഭവിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.