Fri. Nov 22nd, 2024
mazhuvannoor മഴുവന്നൂർ

മഴുവന്നൂർ: തെരുവുവിളക്കുകൾ ഏഴ് മാസത്തോളമായി തെളിയാത്തതിൽ നടപടി എടുക്കാതെ പഞ്ചായത്ത്. എറണാകുളം ജില്ലയിലെ മഴുവന്നൂർ പഞ്ചായത്തിലാണ് 2020-ൽ പുതിയ ഭരണസമിതി സ്ഥാനമേറ്റതുമുതൽ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികളൊന്നും നടക്കാതെ പ്രദേശത്തെ ഇരുട്ടിലാക്കിയിരിക്കുന്നത്. രാത്രിയായാൽ സുരക്ഷിതമായി പൊതുനിരത്തുകളിലൂടെ യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് ജനങ്ങൾക്ക്. തുടർച്ചയായ പരാതികൾക്കും പ്രതിഷേധങ്ങൾക്കും യാതൊരു വിലയും കല്പിക്കാത്ത നടപടിയാണ് പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് ജനങ്ങൾ പറയുന്നു.

ഈ വർഷത്തെ പദ്ധതിയിൽ അഞ്ചു ലക്ഷം രൂപ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണിക്കായി വകയിരുത്തിയിരുന്നു. ടെൻഡർ നടപടികൾ പൂർത്തിയാക്കി സെക്രട്ടറി അടിയന്തര കമ്മിറ്റിയിൽ അംഗീകാരത്തിനായി സമർപ്പിക്കുകയും ചെയ്തു. മൂന്ന് കരാറുകാർ മാത്രം പങ്കെടുത്ത ടെൻഡറിൽ, കുറഞ്ഞ തുക രേഖപ്പെടുത്തിയ കരാറുകാരനെ ഒഴിവാക്കി രണ്ടാമത്തെ കരാറുകാരന് ടെൻഡർ ഉറപ്പിച്ചു നൽകണമെന്ന് പ്രസിഡൻറ് ആവശ്യപ്പെട്ടതോടെ പ്രതിപക്ഷം നടപടിയെ എതിർക്കുകയായിരുന്നു. എന്നാൽ പ്രസിഡന്റ് തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നതായി നിലപാടെടുത്തതിനാൽ പരിഹാരം കാണാതെ പദ്ധതി നീളുകയാണ്. 

നിലവിലെ ഭരണസമിതി അധികാരത്തിലെത്തിയതിൽപ്പിന്നെ വഴിവിളക്കുകളൊന്നും തെളിയുന്നില്ലെന്നും പ്രതിപക്ഷ കക്ഷികൾ പദ്ധതികൾ ചെയ്യാൻ അനുവദിക്കുന്നില്ലെന്നുമാണ് ഭരണപക്ഷത്തിന്റെ മറുപടി എന്നും പ്രദേശവാസിയായ പൗലോസ് പറഞ്ഞു. പ്രതിപക്ഷം പദ്ധതികൾ നടത്താൻ അനുവദിക്കുന്നില്ലെന്ന് പറയുന്നത് ഒരു ന്യായമല്ലെന്നും പ്രവർത്തിക്കാൻ കഴിയുന്നില്ലെങ്കിൽ ഈ ഭരണസമിതി തുടരുന്നതിൽ എന്താണ് അർത്ഥമെന്നും തോമസ് ചോദിക്കുന്നു. 

ഭരണസമിതി നിലവിൽ നിയമങ്ങൾക്ക് എതിരായുള്ള പ്രവർത്തനവുമായാണ് മുന്നോട്ട് പോകുന്നതെന്നും പദ്ധതികൾ നിയപരമായ രീതിയിൽ സുതാര്യമായി നടത്തുകയാണ് വേണ്ടതെന്നും പഞ്ചായത്ത് ഭരണസമിതിയിലെ പ്രതിപക്ഷ അംഗവുമായ ജോർജ് ഇടപ്പരത്തി പറഞ്ഞു. ടെൻഡർ നിയമങ്ങൾ പ്രകാരം കുറഞ്ഞ തുക രേഖപ്പെടുത്തിയ കരാറുകാരനെ ഒഴിവാക്കി രണ്ടാം കരാറുകാരനെ പദ്ധതി ഏല്പിക്കുന്നത് നിയമനടപടികൾക്ക് വഴിയൊരുക്കുമെന്നും അതുവഴി വിളക്കുകളുടെ പുനസ്ഥാപനം വീണ്ടും വൈകുമെന്നും ജോർജ് കൂട്ടിച്ചേർത്തു. 

Instagram will load in the frontend.