Sat. Nov 23rd, 2024
നിർമ്മാണോദ്‌ഘാടനം നടന്നു, പഴയ പാലം പൊളിച്ചു; പാലമില്ലാതെ ഇടയാർ നിവാസികൾ

കൂത്താട്ടുകുളം: ഇടയാർ പാലം നിർമാണം നിലച്ചതോടെ മാസങ്ങളായി പ്രദേശവാസികൾ ദുരിതത്തിൽ. പാലം വീതികൂട്ടി പുനർനിർമ്മിക്കാനായി കഴിഞ്ഞ ഏപ്രിലിൽ പാലം പൊളിച്ചുനീക്കാൻ ആരംഭിച്ചതാണ്. ഇപ്പോഴും പാലം മുഴുവനായി പൊളിച്ച് നീക്കാനാകാതെയും പുതിയ പാലത്തിന്റെ പണി എങ്ങുമെത്താതെയും കിടക്കുകയാണ്. ഇരു കരകളെ ബന്ധിപ്പിച്ചിരുന്ന പാലം ഇല്ലാതായതോടെ ദൈനംദിന ആവശ്യങ്ങൾക്കടക്കം ആളുകൾ ബുദ്ധിമുട്ടുകയാണ്. രാഷ്ട്രീയ പാർട്ടികൾ തമ്മിൽ പഴിചാരുന്നതല്ലാതെ അവരിലൊരാളും ജനങ്ങളുടെ ആവശ്യത്തിന് ഒപ്പം നിൽക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.

 

9.75 മീറ്റർ വീതിയിൽ പുതിയ പാലം നിർമ്മിക്കാൻ രണ്ടരക്കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. നിർമ്മാണോദ്ഘാടനം 2020 ഒക്ടോബർ 16നു മന്ത്രി ജി. സുധാകരൻ ഓൺലൈനിൽ നിർവഹിച്ചു. കഴിഞ്ഞ ഏപ്രിൽ 15നു പഴയ പാലം പൊളിക്കാൻ തുടങ്ങിയെങ്കിലും പൊളിക്കൽ പൂർത്തിയാകും മുൻപേ കനത്ത മഴയിൽ നിർമ്മാണം മുടങ്ങി. നിർമ്മാണസാമഗ്രികൾ വെള്ളത്തിൽ മുങ്ങിപ്പോയെങ്കിലും പിന്നീട് ഇവ യന്ത്രസഹായത്തോടെ കയറ്റിക്കൊണ്ടു പോയി. പിന്നീട് മാസങ്ങൾക്കു ശേഷം പണി തുടങ്ങി പിന്നാലെ മഴ വീണ്ടും ആരംഭിച്ചതോടെ പണി വീണ്ടും മുടങ്ങിക്കിടക്കുകയാണ്.

 

പാലം പൊളിച്ചതോടെ ഇരു കരകളിലായി ഒറ്റപ്പെട്ട നാട്ടുകാർക്ക് മറുകര കടക്കാൻ ആദ്യം നിർമ്മിച്ച താത്കാലിക നടപ്പാലം വെള്ളത്തിനടിയിലായതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. പിന്നാലെ നടപ്പാലം ഉയർത്തി നിർമ്മിച്ചു. ‌ഉണ്ടായിരുന്ന പാലം കൂടി ഇല്ലാതായതോടെ പൊറുതി മുട്ടിയ നാട്ടുകാർ പല തവണ പരാതിയും പ്രതിഷേധവുമായി അധികാരികളുടെ അടുത്ത് എത്തിയെങ്കിലും ഒരു ഫലവും ഉണ്ടായിട്ടില്ല.

 

കൂത്താട്ടുകുളത്തുനിന്നു പിറവത്തേക്കും എറണാകുളത്തേക്കുമുള്ള  പ്രധാന പാതകളിലൊന്നായ ഈ പാലത്തിലൂടെയുള്ള യാത്ര നിലച്ചതോടെ നഗരങ്ങളിലേക്ക് ആവശ്യങ്ങൾക്ക് എത്തിപ്പെടാൻ പ്രദേശവാസികൾ ബുദ്ധിമുട്ടുകയാണ്. ആശുപത്രിയും സ്കൂളും അടക്കം ജനങ്ങളുടെ പ്രധാന ആവശ്യങ്ങൾക്കുപോലും മൂന്നു മുതൽ അഞ്ച് കിലോമീറ്ററോളം അധികദൂരം ഗതാഗതയോഗ്യമല്ലാത്ത ഇടുങ്ങിയ ഇടറോഡുകളിലൂടെ യാത്രചെയ്താണ് എത്തിപ്പെടുന്നത്. 

Instagram will load in the frontend.