Sat. Nov 16th, 2024

വാഷിംഗ്ടൺ: സുനിത വില്ല്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെ എത്തിക്കാനുള്ള നാസയുടെ സ്‌പേസ് എക്‌സ് ക്രൂ9 ബഹിരാകാശ നിലയത്തിലെത്തി. ശനിയാഴ്ചയാണ് നാസയുടെ നിക്ക് ഹേഗിനെയും റഷ്യൻ ബഹിരാകാശയാത്രികനായ അലക്‌സാണ്ടർ ഗോർബുനോവിനെയും വഹിച്ചുകൊണ്ട് പേടകം വിക്ഷേപിച്ചത്. ഫ്‌ളോറിഡയിലെ കേപ് കനവെറൽ സ്റ്റേഷനിലെ എസ്എൽസി-40 ൽ നിന്നാണ് വിക്ഷേപണം നടന്നത്. മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് സുനിതയേയും ബുച്ച് വിൽമോറിനേയും തിരികെ എത്തിക്കാനുള്ള പദ്ധതികൾ തയ്യാറാകുന്നത്.

പ്രാദേശികസമയം രാത്രി 7.04നാണ് ഇരുവരും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിനുള്ളിലേക്ക് പ്രവേശിച്ചത്. സുനിത വില്യംസിൻ്റെ നേതൃത്വത്തിൽ ബഹിരാകാശ നിലയത്തിലെ എക്സ്പെഡിഷൻ 72 ക്രൂ നിക് ഹേഗിനേയും അലക്‌സാണ്ടറിനേയും സ്വാഗതം ചെയ്തു. നിലവിൽ ബഹിരാകാശ നിലയത്തിലുള്ളവരുടെ എണ്ണം 11 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ ക്രൂ-8 അംഗങ്ങളായ ഡൊമിനിക്, ബരറ്റ്, എപ്‌സ്, ഗ്രെബെൻകിൻ എന്നിവർ ഒക്ടോബർ ആദ്യം ഭൂമിയിലേക്ക് മടങ്ങും. സ്റ്റാർലൈനർ പേടകത്തിലെ തകരാർ കാരണമാണ് ഇവരുടെ മടക്കയാത്രയും നീണ്ടത്. നാല് പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന പേടകത്തിലാണ് നിക്കും അലക്‌സാണ്ടറും യാത്ര ചെയ്തത്.

മടക്കയാത്രയിൽ സുനിതയയേും ബുച്ച് വിൽമോറിനേയും കൂട്ടുന്നതിൻ്റെ ഭാഗമായിട്ടാണ് രണ്ട് സീറ്റുകൾ ഒഴിച്ചിട്ടത്. ഫെബ്രുവരിയിലായിരിക്കും നാല് പേരും തിരികെ ഭൂമിയിലേക്ക് മടങ്ങുന്നത്. ജൂൺ മാസത്തിലാണ് 10 ദിവസത്തെ ബഹിരാകാശ ദൗത്യത്തിനായി സുനിതയും ബുച്ചും യാത്ര തിരിക്കുന്നത്. എന്നാൽ സ്റ്റാർലൈനർ പേടകത്തിലെ സാങ്കേതിക തകരാറുകൾ മൂലം ഇരുവരും ബഹിരാകാശ നിലയത്തിൽ കുടുങ്ങുകയായിരുന്നു. സാങ്കേതിക തകരാറും ഹീലിയം ചോർച്ചയും പരിഹരിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ യാത്രികരുടെ സുരക്ഷിതത്വം പരിഗണിച്ച് യാത്രക്കാരില്ലാതെ പേടകം ഭൂമിയിലേക്ക് തിരികെ മടങ്ങുകയായിരുന്നു.