Sat. Jan 18th, 2025

കൊച്ചി: അങ്കമാലി കറുകുറ്റിയിലെ ശിശുഭവനില്‍ ആർഎസ് വൈറസ് ബാധ. രോഗം ബാധിച്ചതിനെ തുടർന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ച് കുഞ്ഞുങ്ങളില്‍ ഒരു കുഞ്ഞിൻ്റെ നില ഗുരുതരമാണ്.

നാല് മാസം പ്രായമുള്ള കുഞ്ഞാണ് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. രണ്ടാഴ്ചയിലധികമായി കുട്ടികള്‍ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അതേസമയം രോഗ ബാധ പടരാനിടയായ കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സംസ്ഥാനത്തുടനീളമുള്ള ശിശുഭവനുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. 18 മാസത്തില്‍ താഴെയുള്ള കുഞ്ഞുങ്ങളെയാണ് കൂടുതലായും ആർഎസ് വൈറസ് രോഗം ബാധിക്കുന്നത്. താരതമ്യേന പുതിയ വൈറസ് രോഗമായ ആര്‍എസ് വൈറസ് രോഗത്തിന് മൂക്കൊലിപ്പ്, പനി, ശ്വാസ തടസം, വലിവ് എന്നിവയാണ് ലക്ഷണങ്ങള്‍. ചില കുഞ്ഞുങ്ങളില്‍ ന്യുമോണിയയ്ക്ക് സമാനമായ ലക്ഷണങ്ങളും പ്രകടമാകാറുണ്ട്.