അരുണാചല്‍ പ്രദേശ്: പതിനഞ്ച് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 21 വിദ്യാര്‍ത്ഥികളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ വിധിച്ച് പോക്സോ കോടതി.
അരുണാചല്‍ പ്രദേശില്‍ ഷിയോമി ജില്ലയിലെ ഒരു സർക്കാർ റസിഡൻഷ്യൽ സ്‌കൂളില്‍ ഹോസ്റ്റല്‍ വാര്‍ഡനായിരുന്ന യംകെൻ ബഗ്ര ആണ് ക്രൂരത ചെയ്‌തത്. പെൺകുട്ടികളെയും ആറ് ആണ്‍കുട്ടികളെയും 1-5 ക്ലാസില്‍ നിന്നുള്ള കുട്ടികളെയുമാണ് ബാഗ്ര പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തത്. 6 മുതൽ 12 വയസ് വരെയുള്ള കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. ബാഗ്ര സ്‌കൂൾ വാർഡനായിരിക്കെയാണ് ഈ സംഭവങ്ങൾ ഉണ്ടായത്.
2019 നും 2022 നും ഇടയിൽ നടന്ന ലൈംഗികാതിക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് സ്‌കൂളിലെ മുൻ ഹിന്ദി അധ്യാപകൻ മാർബോം എൻഗോംദിർ, മുൻ സ്‌കൂൾ ഹെഡ്മാസ്റ്റർ സിംഗ്തുങ് യോർപെൻ എന്നിവരെയും കോടതി ശിക്ഷിച്ചു. ഇരുവര്‍ക്കും 20 വർഷത്തെ കഠിനതടവാണ് വിധിച്ചത്. പീഡനത്തിനിരയായ രണ്ട് കുട്ടികളുടെ രക്ഷിതാക്കള്‍ 2022 നവംബറില്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് അരുണാചൽ പ്രദേശ് വിമൻസ് വെൽഫെയർ സൊസൈറ്റി (എപിഡബ്ല്യുഡബ്ല്യുഎസ്) ഉൾപ്പെടെയുള്ള സിവിൽ സൊസൈറ്റി സംഘടനകൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. ഷിയോമി, വെസ്റ്റ് സിയാങ് ജില്ലകളിലെ പോലീസ് സംഘങ്ങളാണ് ആദ്യം കേസ് അന്വേഷിച്ചത്. പിന്നീട് പിന്നീട് അരുണാചൽ പ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഏറ്റെടുക്കുകയായിരുന്നു.