Wed. Oct 16th, 2024

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രാസിൽ സ്കൂളിൻ്റെ വിജയത്തിനായി രണ്ടാം ക്ലാസുകാരനെ ബലികൊടുത്തതായി പരാതി.

രാസ്​ഗാവനിലെ ഡിഎൽ പബ്ലിക് സ്കൂളില്‍ ഹോസ്റ്റൽ വിദ്യാർത്ഥിയായ കുട്ടിയാണ് ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സ്കൂൾ ഡയറക്ടർ ദിനേശ് ഭാഗേൽ, ഭാഗേലിന്റെ പിതാവ് മൂന്ന് അധ്യാപകർ എന്നിവരുൾപ്പെടെ അ‍ഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഭാഗേലിൻ്റെ പിതാവ് ആഭിചാര ക്രിയകളിലും മറ്റും വിശ്വസിച്ചിരുന്നതായി പോലീസ് പറഞ്ഞു. കൊലപാതകം നടന്ന ദിവസം പ്രതികൾ കുട്ടിയെ ഹോസ്റ്റലിൽ നിന്നും വിളിച്ചിറക്കി സ്കൂളിലെ കുഴൽക്കിണറിന് സമീപത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവിടെ വെച്ച് കൊലപ്പെടുത്താനാണ് തീരുമാനിച്ചിരുന്നത്.  തുടർന്ന് കുട്ടി ഭയന്ന് കരയാൻ തുടങ്ങിയതോടെ സംഘം കുട്ടിയെ കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

അന്വേഷണത്തിൽ മന്ത്രവാദ ക്രിയകൾക്കുപയോ​ഗിക്കുന്ന വസ്തുക്കൾ സ്കൂൾ പരിസരത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മകന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുന്നതായി സ്കൂൾ അധികൃതർ വിളിച്ചറിയിച്ചുവെന്നും സ്കൂളിലെത്തിയപ്പോൾ കുട്ടിയെ ഭാ​ഗേൽ ആശുപത്രിയിൽ കൊണ്ടുപോയിരിക്കുകയാണെന്ന് അറിയിച്ചുവെന്നും പിതാവ് പോലീസിനോട് പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാഗേലിൻ്റെ കാറിൽ നിന്നും മൃതദേഹം പോലീസ് കണ്ടെടുത്തത്.