Sat. Jan 18th, 2025

ശ്രീലങ്കയില്‍ അദാനി ഗ്രൂപ്പ് നടത്തുന്ന നിക്ഷേപങ്ങളോട് പരസ്യമായി തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട് ദിസനായകെ. കച്ചത്തീവ് ദ്വീപ് ഇന്ത്യയ്ക്ക് തിരികെ നല്‍കരുതെന്ന് അദ്ദേഹം ലങ്കന്‍ പാര്‍ലമെന്റില്‍ നിലപാടെടുത്തിട്ടുമുണ്ട്

2022 ജനുവരിയിലാണ് ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിത്തുടങ്ങിയത്. ഫെബ്രുവരിയില്‍ 15.1 ശതമാനമായി നാണ്യപ്പെരുപ്പം ഉയര്‍ന്നു. ആ സമയത്തുതന്നെ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 25.7 ശതമാനമായി ഉയര്‍ന്നു. സാമ്പത്തിക മേഖലയില്‍ വലിയ പ്രതിസന്ധിയിലേക്ക് രാജ്യം കൂപ്പുകുത്തി.

ശ്രീലങ്കന്‍ രൂപയുടെ മൂല്യം 30 ശതമാനം കുറഞ്ഞു. 400 ഗ്രാം പാല്‍പ്പൊടിക്ക് 250 ശ്രീലങ്കന്‍ രൂപയുടെ വര്‍ധനവുണ്ടായി. ഒരു കപ്പ് ചായക്ക് 100 രൂപയാണ് റസ്റ്റോറന്റുകള്‍ വില നിശ്ചയിച്ചത്. 12 മണിക്കൂര്‍ വരെ നീളുന്ന പവര്‍ കട്ട്, ആശുപത്രികളില്‍ അവശ്യസാധനങ്ങളുടെ ക്ഷാമം, പെട്രോള്‍ പമ്പുകളില്‍ ഇന്ധനം ഇല്ലാത്ത അവസ്ഥ. പരീക്ഷയെഴുതാനുള്ള കടലാസും മഷിയും ലഭ്യമാക്കാന്‍ കഴിയാതെ വന്നതോടെ പരീക്ഷകള്‍ റദ്ദാക്കേണ്ടി വന്നു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ വിലക്കയറ്റത്തിനെതിരെയുള്ള പൊതുജന പ്രതിഷേധം ശ്രീലങ്കയില്‍ ശക്തമായി. ശ്രീലങ്കയെ സാമ്പത്തിക അസ്ഥിരതയിലേക്ക് തള്ളിവിട്ട രജപക്‌സെ കുടുംബാധിപത്യത്തെ ജനകീയ പ്രക്ഷോഭത്തിലൂടെ ജനം പുറത്താക്കി. തുടര്‍ന്ന് പാര്‍ലമെന്റ് വോട്ടെടുപ്പിലൂടെ റനില്‍ വിക്രമസിംഗെയെ പ്രസിഡന്റായി തിരഞ്ഞെടുത്തു.

‘എകെഡി’ എന്ന് പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും വിളിക്കുന്ന അനുര കുമാര ദിസനായകെ അന്ന് ജനകീയ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു. ബഹുജനപ്രക്ഷോഭവും തുടര്‍ന്നുള്ള സംഭവ വികാസങ്ങളും കൊളംബോ ജില്ലയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായിരുന്ന അദ്ദേഹത്തിന്റെ ജനപ്രീതി വര്‍ധിപ്പിച്ചു. ഇന്ന് അദ്ദേഹം ശ്രീലങ്കയുടെ പത്താമത്തെയും ആദ്യത്തെ ഇടതുപക്ഷ പ്രസിഡന്റുമാണ്.

‘നാഷണല്‍ പീപ്പിള്‍സ് പവര്‍’ എന്ന മധ്യ-ഇടതുപക്ഷ വിശാലസഖ്യത്തിലെ മുഖ്യകക്ഷിയായ ജനത വിമുക്തി പെരുമുന നേതാവാണ് അനുര കുമാര ദിസനായകെ. 2022ലെ ‘ജനത അരഗളായ’ (പോരാട്ടം) എന്ന പ്രക്ഷോഭത്തിലൂടെയാണ് ജെവിപിയും നേതാവ് അനുര കുമാര ദിസനായകെയും ലങ്കന്‍ രാഷ്ട്രീയത്തില്‍ കളംനിറയുന്നത്. നിരന്തരമായ പൊതുപണിമുടക്കുകളും പ്രതിഷേധപ്രകടനങ്ങളും ജെവിപി അക്കാലത്ത് സംഘടിപ്പിച്ചിരുന്നു.

അനുര കുമാര ദിസനായകെ Screengrab, Copyright: The Hindu

കടുത്ത പ്രതിഷേധങ്ങളെ തുടര്‍ന്ന് പ്രസിഡന്റായിരുന്ന ഗൊതബായ രജപക്‌സെ രാജ്യം വിട്ടതോടെ ശ്രീലങ്ക ഭരണ അനിശ്ചിതാവസ്ഥയിലേക്ക് തള്ളപ്പെട്ടു. ഈ അവസരത്തിലാണ് സാമൂഹിക നീതി, വിശാലമായ പൊളിച്ചെഴുത്ത്, അഴിമതി വിരുദ്ധത എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ചൈനീസ് അനുകൂല പാര്‍ട്ടിയായ ജെവിപിയും അതിന്റെ മുഖമായ ദിസനായകെയും കൂടുതല്‍ ജനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്നത്.

‘ലോകത്തെ തിരുത്താന്‍ ആഗ്രഹിക്കുന്ന യുവാവ്’ എന്നാണ് 55 കാരനായ അനുര കുമാര ദിസനായകെ സ്വയം വിശേഷിപ്പിക്കുന്നത്. ഒരു വലിയ രാഷ്ട്രീയ പരിവര്‍ത്തനത്തിന് മാത്രമേ ശ്രീലങ്കയെ നിലവിലെ പ്രതിസന്ധികളില്‍ നിന്നും കരകയറ്റാന്‍ സഹായിക്കൂ എന്നാണ് ദിസനായകെ എപ്പോഴും അവകാശപ്പെട്ടിരുന്നത്. ശ്രീലങ്കയിലെ ഭൂരിപക്ഷമായ തൊഴിലാളിവര്‍ഗ- ഗ്രാമീണ ജനതയെ ശാക്തീകരിക്കുമെന്ന മുദ്രാവാക്യവും അദ്ദേഹം മുന്നോട്ടുവച്ചിരുന്നു.

രാജ്യത്ത് നിന്ന് അഴിമതി തുടച്ചുനീക്കുമെന്നും നികുതി കുറയ്ക്കുമെന്നുമുള്ള അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനവും ജനങ്ങളെ ആകര്‍ഷിച്ചു. അന്താരാഷ്ട്ര നാണയ നിധിയുടെ സാമ്പത്തിക പരിപാടിയുടെ നിബന്ധനകള്‍ മാറ്റം വരുത്തുമെന്നും ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുമെന്നുമാണ് ദിസനായകയെ വാഗ്ദാനം ചെയ്തത്.

കമ്മ്യൂണിസ്റ്റ്-മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രം വഴി രാജ്യത്ത് വലിയ മാറ്റം കൊണ്ടുവരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അവര്‍ത്തിച്ചുള്ള ഭരണ പരാജയത്താല്‍ ജനം തളര്‍ന്നിരിക്കുന്നു എന്നാണ് അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പറഞ്ഞത്. ശ്രീലങ്കയുടെ പ്രസിഡന്‍ഷ്യല്‍ സമ്പ്രദായം ഒഴിവാക്കി 1978 വരെ നിലനിന്നിരുന്ന ബ്രിട്ടീഷ് ശൈലിയിലുള്ള പാര്‍ലമെന്ററി ജനാധിപത്യത്തിലേക്ക് മടങ്ങുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം.

ജെവിപിയുടെ ഉദയം

മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി റഷ്യയിലെ ലുമുംബ സര്‍വകലാശാലയിലേക്ക് പോയ റൊഹാന വിജവീരയാണ് 1965ല്‍ ജനതാ വിമുക്തി പെരുമുനയ്ക്ക് തുടക്കമിടുന്നത്. തെക്കന്‍ ശ്രീലങ്ക തീരപ്രദേശത്തെ കുടുംബത്തില്‍ നിന്നുള്ള വിജവീര, ചെറുപ്പം മുതല്‍ തന്നെ ഇടതുപക്ഷ ആശയങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. റഷ്യയിലേക്കുള്ള യാത്രയില്‍ ലോകമെമ്പാടുമുള്ള ഇടതുപക്ഷ പ്രവര്‍ത്തകരുമായുള്ള അടുപ്പമുണ്ടാക്കി. മടങ്ങിയെത്തിയ അദ്ദേഹം സിലോണ്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (മാവോയിസ്റ്റ്) ഭാഗമായി. അവരുമായി തെറ്റിപ്പിരിഞ്ഞാണ് ജെവിപി എന്ന പാര്‍ട്ടി രൂപീകരിക്കുന്നത്.

1967 -70 കാലഘട്ടത്തിലാണ് ജനതാവിമുക്തി പെരുമുന ശ്രീലങ്കയിലുടനീളം വ്യാപകമാകുന്നത്. സായുധ വിപ്ലവത്തിന്റെ ആരാധകനായിരുന്നു വിജവീര ലങ്കയിലും ഭരണകൂടങ്ങളെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. അതിന്റെ ഭാഗമായി 1971ലും 1980ന്റെ അവസാനത്തിലും രണ്ട് സായുധ വിപ്ലവത്തിന് ശ്രമവും ജെവിപി നടത്തി. പക്ഷേ ഇരുവിപ്ലവ ശ്രമങ്ങളും കൃത്യമായ ആസൂത്രണമില്ലാത്തതിനാല്‍ പരാജയപ്പെടുകയിരുന്നു.

1988-89 കാലഘട്ടത്തില്‍ ജെവിപി ആരംഭിച്ച സായുധ കലാപം, പ്രസിഡന്റുമാരായ ജെആര്‍ ജയവര്‍ദ്ധനെ, ആര്‍ പ്രേമദാസ എന്നിവരെ താഴെയിറക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ളതായിരുന്നു എങ്കിലും ഫലത്തില്‍ തമിഴ് വിരുദ്ധതയിരുന്നു അരങ്ങേറിയത്. ശ്രീലങ്കയുടെ രക്തരൂക്ഷിതമായ കാലഘട്ടങ്ങളിലൊന്നായി ഇതിനെ കണക്കാക്കുന്നവരുണ്ട്. വ്യാപകമായ കൊലപാതകങ്ങളും രാഷ്ട്രീയ വകവരുത്തലുകളും അക്രമങ്ങളും അന്ന് പതിവായിരുന്നു. കലാപകാരികളെ അതിക്രൂരമായി കൊന്നൊടുക്കിയാണ് ഭരണകൂടം ഇതിനോട് പ്രതികരിച്ചത്. ജനതാ വിമുക്തി പെരമുന സ്ഥാപകന്‍ റൊഹാന വിജവീര ഉള്‍പ്പെടെ 60,000 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാര്‍ട്ടിയുടെ രൂപീകരണ കാലം മുതല്‍ ഇന്ത്യയോട് അത്ര ആഭിമുഖ്യം ജെവിപി പുലര്‍ത്തിയിരുന്നില്ല. വിജവീര അവതരിപ്പിച്ച, പാര്‍ട്ടിയുടെ അടിത്തറയായി കരുതപ്പെടുന്ന ‘ഫൈവ് ലെക്ചേഴ്സി’ല്‍ പരിഹാരം കാണേണ്ട ഒരു പ്രധാന വിഷയം ഇന്ത്യയാണ്. 1987 ജൂലൈ 29ന് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ശ്രീലങ്കന്‍ പ്രസിഡന്റ് ജെ ആര്‍ ജയവര്‍ധനെയും ഒപ്പിട്ട ഇന്ത്യ-ലങ്ക സമാധാന കരാര്‍ ഒരുതരത്തില്‍ 1988-89ലെ കലാപത്തിന് കാരണമായിരുന്നു. കരാറിന്റെ ഭാഗമായി ശ്രീലങ്കയിലെത്തിയ ഇന്ത്യന്‍ സമാധാന സേനയെ അയല്‍രാജ്യത്തിന്റെ കടന്നുകയറ്റ ശ്രമമായാണ് ജെവിപി കണ്ടത്. ഒപ്പം ഇന്ത്യ തമിഴ് പുലികള്‍ക്ക് പിന്തുണ നല്‍കുന്നുവെന്ന ആരോപണവും ജെവിപി തുറന്നുവിട്ടു.

പിന്നീട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുമ്പോഴും ഇന്ത്യ-ലങ്ക കരാറില്‍ മുന്നോട്ടുവച്ച പ്രവിശ്യ സ്വയംഭരണമെന്ന 13-ാം ഭേദഗതിക്കെതിരെയായിരുന്നു ജെവിപി പ്രചാരണം നടത്തിയിരുന്നത്. ഈ ഭേദഗതിയാണ് സിംഹളയും തമിഴും രാജ്യത്തിന്റെ ഔദ്യോഗിക ഭാഷകളാക്കുകയും ഇംഗ്ലീഷിനെ ‘ലിങ്ക് ലാംഗ്വേജ്’ ആയി പ്രഖ്യാപിക്കുകയും ചെയ്തത്. കൂടാതെ ശ്രീലങ്കയില്‍ പ്രവിശ്യാ കൗണ്‍സിലുകള്‍ സൃഷ്ടിച്ചിരുന്നു. അത്തരത്തിലുള്ള ഇന്ത്യ വിരുദ്ധതയ്ക്ക് നിലവില്‍ ചെറിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ചൈനയുമായുള്ള പ്രത്യയശാസ്ത്രപരമായും അല്ലാതെയുമുള്ള ദിസനായകെയുടെ അടുപ്പം ഇന്ത്യയെ വലയ്ക്കുന്നുണ്ട്.

ജനതാ വിമുക്തി പെരമുന സ്ഥാപകന്‍ റൊഹാന വിജവീര Screengrab, Copyright: The Island

കൂടാതെ ശ്രീലങ്കയില്‍ അദാനി ഗ്രൂപ്പ് നടത്തുന്ന നിക്ഷേപങ്ങളോട് പരസ്യമായി തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട് ദിസനായകെ. കച്ചത്തീവ് ദ്വീപ് ഇന്ത്യയ്ക്ക് തിരികെ നല്‍കരുതെന്ന് അദ്ദേഹം ലങ്കന്‍ പാര്‍ലമെന്റില്‍ നിലപാടെടുത്തിട്ടുമുണ്ട്.

എന്നാല്‍ ഇന്ത്യക്കും ചൈനയ്ക്കും ഇടയില്‍ കുടുങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇരു രാജ്യങ്ങളുമായും നല്ല സൗഹൃദ ബന്ധമാണ് ലക്ഷ്യമിടുന്നതെന്നും അനുര കുമാര ദിസനായകെ വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയവരുമായും മികച്ച ബന്ധം കാത്തുസൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നതായി പ്രസിഡന്റ് പറയുന്നു.

ആരാണ് ‘എകെഡി’

ശ്രീലങ്കയിലെ വടക്കന്‍-മധ്യ പ്രവിശ്യയിലെ അനുരാധപുര ജില്ലയിലെ തംബുട്ടെഗാ ഗ്രാമത്തില്‍ ഒരു സാധാരണ കുടുംബത്തില്‍ 1968 നവംബര്‍ 24നാണ് അനുര കുമാര ദിസനായകെ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് സര്‍ക്കാര്‍ സര്‍വേ വകുപ്പ് ഓഫീസില്‍ സഹായിയും മതാവ് ഒരു സാധാരണ വീട്ടമ്മയുമായിരുന്നു.

തമ്പുതേഗമ ഗാമിനി മഹാവിദ്യാലയത്തിലും തമ്പുതേഗമ സെന്‍ട്രല്‍ കോളേജിലുമായാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്. തമ്പുതേഗമ സെന്‍ട്രല്‍ കോളേജില്‍ നിന്ന് യൂണിവേഴ്സിറ്റി പ്രവേശനം നേടുന്ന ആദ്യ വിദ്യാര്‍ഥിയായിരുന്നു അദ്ദേഹം. പെരഡേനിയ സര്‍വകലാശാലയില്‍ പ്രവേശനം നേടിയ അദ്ദേഹം ഏതാനും മാസങ്ങള്‍ക്കുശേഷം ഭീഷണിയെത്തുടര്‍ന്ന് മറ്റ് വിദ്യാര്‍ഥികള്‍ക്കൊപ്പം സര്‍വകലാശാല വിട്ടു. തുടര്‍ന്ന് ഒരു വര്‍ഷത്തിനുശേഷം 1992ല്‍ കെലനിയ സര്‍വകലാശാലയിലേക്ക് മാറുകയും ഫിസിക്കല്‍ സയന്‍സില്‍ ബിരുദം നേടുകയും ചെയ്തു.

1987-89 കാലത്ത് പാര്‍ട്ടിയുടെ നേതൃത്വത്തില്‍, അന്നത്തെ ശ്രീലങ്കന്‍ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ നടന്ന സായുധ സമരത്തില്‍ യുവാവായിരുന്ന ദിസനായകെ സജീവമായി പങ്കെടുത്തിരുന്നു. 1995ല്‍ സോഷ്യലിസ്റ്റ്‌സ് സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ ദേശീയ ഓര്‍ഗനൈസറായി മാറി. ദേശീയ തലത്തില്‍ അദ്ദേഹത്തിന് ലഭിക്കുന്ന ഏറ്റവും ഉത്തരവാദിത്വമുള്ള സ്ഥാനമായിരുന്നു അത്. പൊതുജന രാഷ്ട്രീയത്തില്‍ സജീവമായ ദിസനായകെ പിന്നീട് ജെവിപിയുടെ കേന്ദ്ര വര്‍ക്കിങ് കമ്മിറ്റി അംഗമായി. 1998ല്‍ പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗവുമായി.

1998ല്‍ സെന്‍ട്രല്‍ പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതോടെയാണ് ദിസനായകെ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ ആദ്യചുവട് വെക്കുന്നത്. തിരഞ്ഞെടുപ്പില്‍ ജെവിപിയ്ക്ക് വിജയിക്കാനയില്ല. രണ്ട് വര്‍ഷത്തിന് ശേഷം ലങ്കയുടെ പാര്‍ലമെന്റിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 2004-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കുരുനെഗല ജില്ലയെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിലെത്തിയ ദിസനായകെ ചന്ദ്രിക കുമാരതുംഗെ സര്‍ക്കാരില്‍ മന്ത്രിയുമായിരുന്നു. ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി രാജ്യം ഭരിച്ചിരുന്ന അക്കാലത്ത് ജെവിപി ആ മുന്നണിയുടെ ഭാഗമായിരുന്നു. കൃഷി, ഭൂവിഭവം, ജലസേചനം തുടങ്ങിയ വകുപ്പുകള്‍ ഭരിച്ച അദ്ദേഹം കാര്‍ഷിക മേഖലയിലും പ്രാദേശിക വികസനത്തിന്റെ കാര്യത്തിലും സര്‍ക്കാരിന്റെ നയരൂപീകരണത്തില്‍ പ്രധാനപങ്ക് വഹിച്ചു.

പാര്‍ലമെന്റംഗമെന്ന നിലയിലും മന്ത്രിയെന്ന നിലയിലും ശോഭിച്ച ദിസനായകെ വൈകാതെ തന്നെ ലങ്കയില്‍ ജെവിപിയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാവായി വളര്‍ന്നു. 2008ല്‍ പാര്‍ട്ടിയുടെ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവായ അദ്ദേഹം, അടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തിരിച്ചടി നേരിട്ടിട്ടും വിജയിച്ച് വീണ്ടും പാര്‍ലമെന്റ് അംഗമായി മാറി. 2014ല്‍ സോമവന്‍സെ അമരസിംഗെയുടെ പിന്‍ഗാമിയായി ദിസനായകെ ലങ്കയിലെ ഇടതുപക്ഷ പാര്‍ട്ടിയെ നയിക്കാന്‍ നിയോഗിക്കപ്പെട്ടു.

2014 ഫെബ്രുവരി രണ്ടിന് പാര്‍ട്ടിയുടെ 17-ാമത് ദേശീയ കണ്‍വെന്‍ഷനിലാണ് സോമവന്‍സയുടെ പിന്‍ഗാമിയായി അദ്ദേഹം നിയമിതനാകുന്നത്. പിന്നാലെ, ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പാര്‍ട്ടിയുടെ മുന്‍കാല കുറ്റകൃത്യങ്ങള്‍ക്ക് അദ്ദേഹം ക്ഷമാപണം നടത്തി.

ജെവിപിയെ പൊതുസ്വീകാര്യതയുള്ള പാര്‍ട്ടിയാക്കി മാറ്റുക എന്നതായിരുന്നു ദിസനായകെ പാര്‍ട്ടി നേതൃപദവിയില്‍ വന്ന ശേഷം ലക്ഷ്യമിട്ടത്. അതില്‍ അദ്ദേഹം കൃത്യമായി വിജയിക്കുകയും ചെയ്തു. സായുധ വിപ്ലവത്തിന്റെ ചരിത്രമുള്ള പാര്‍ട്ടിയെ അഴിമതി വിരുദ്ധ പാര്‍ട്ടിയാക്കി, ജനാധിപത്യ സോഷ്യലിസ്റ്റ് പാര്‍ട്ടിയാക്കി, രാഷ്ട്രീയ ജീര്‍ണതയ്‌ക്കെതിരെ നിരന്തരം ശബ്ദമുയര്‍ത്തുന്ന പാര്‍ട്ടിയാക്കി അദ്ദേഹം മാറ്റിമറിച്ചു.

2015ല്‍ കൊളംബോയില്‍ നിന്നും പൊതുതിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച ദിസനായകെ പാര്‍ലമെന്റില്‍ ചീഫ് ഓപ്പോസിഷന്‍ വിപ്പായി പിന്നീട് തിരഞ്ഞെടുക്കപ്പെട്ടു. സര്‍ക്കാര്‍ നയങ്ങളെ അതിരൂക്ഷമായി വിമര്‍ശിച്ച അദ്ദേഹം അഴിമതിക്കെതിരെയും അതി ദേശീയതക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തു. ലങ്കയിലെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച് അവരുടെ ശബ്ദമായി അദ്ദേഹം മാറുകയായിരുന്നു.

2019 ആവുമ്പോഴേക്കും ദിസനായകെ ദേശീയ തലത്തില്‍ പ്രധാനപ്പെട്ട നേതാവായി വളര്‍ന്നിരുന്നു. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി നേതൃത്വത്തിലുള്ള മുന്നണിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിച്ച അദ്ദേഹത്തിന് വെറും 3.16 ശതമാനം വോട്ടാണ് ലഭിച്ചതെങ്കിലും, ആ അടിത്തറയിലൂടെയാണ് 2024ലും പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനിക്കുന്നത്.

ശ്രീലങ്കന്‍ തമിഴരുടെ ഭാവി

1948 ലാണ് ശ്രീലങ്കയിലെ തമിഴ് തോട്ടംതൊഴിലാളികളുടെ പൗരാവകാശങ്ങള്‍ എടുത്തുകളയുന്നത്. തദ്ദേശീയ തമിഴര്‍ മാത്രമാണ് ശ്രീലങ്കന്‍ പൗരന്മാരെന്നും ബ്രിട്ടിഷ് ഭരണകാലത്ത് കുടിയേറിയ തമിഴര്‍ പൗരന്മാരല്ലെന്നുമായിരുന്നു ഡോണ്‍ സ്റ്റീഫന്‍ സേനാനായകെ സര്‍ക്കാരിന്റെ വാദം. ശ്രീലങ്കന്‍ തമിഴ് വംശജരെന്നും കുടിയേറ്റ തമിഴ് വംശജരെന്നുമുള്ള തരംതിരിവ് നിലനിര്‍ത്തി തമിഴരെ ഭിന്നിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതോടെ കേവലം 5,000 കുടിയേറ്റ തമിഴര്‍ക്കു മാത്രമാണ് പൗരത്വം ലഭിച്ചത്. മൂന്നും നാലും തലമുറകളായി ശ്രീലങ്കയിലുള്ള 7,00,000 ത്തിലധികം തമിഴ് കുടിയേറ്റക്കാര്‍ക്കു പൗരത്വം നിഷേധിക്കപ്പെട്ടു.

ശ്രീലങ്കയിലെ തമിഴ് വംശജര്‍ Screengrab, Copyright: Hindustan Times

1949 ല്‍ ഇന്ത്യ ആന്‍ഡ് പാക്കിസ്ഥാന്‍ ആക്ട് എന്നൊരു നിയമവും വന്നു. ശ്രീലങ്കയില്‍ 10 വര്‍ഷം തുടര്‍ച്ചയായി താമസിക്കുന്നവര്‍ക്കും വിവാഹിതരായി തുടര്‍ച്ചയായി 7 വര്‍ഷം താമസിക്കുന്നവര്‍ക്കും ഒരു നിശ്ചിത തുകയിലും കൂടുതല്‍ വരുമാനമുള്ളവര്‍ക്കും മാത്രം പൗരത്വം എന്നതായിരുന്നു ഈ നിയമം. ഇന്ത്യയിലേക്ക് പലപ്പോഴും വന്നുപോകുന്നവരായിരുന്നു തമിഴ് കുടിയേറ്റക്കാര്‍. വലിയ വരുമാനമില്ലാത്തവരുമായിരുന്നു ഈ ജനവിഭാഗം. അതുകൊണ്ടുതന്നെ വീണ്ടും ഭൂരിപക്ഷം തമിഴര്‍ക്കും പൗരത്വം ലഭിക്കാതെ വന്നു.

പൗരത്വമുള്ള ശ്രീലങ്കന്‍ കുടിയേറ്റ തമിഴ് വംശജരുടെ സംഖ്യ പരമാവധി കുറച്ചു എന്നുറപ്പാക്കിയ ശേഷം 1949 ല്‍ തന്നെ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പുതിയൊരു ഭേദഗതി അവതരിപ്പിച്ചു. വോട്ടുചെയ്യുന്നതില്‍നിന്നു തമിഴ് തോട്ടം തൊഴിലാളികളെ വിലക്കുന്ന ബില്ലായിരുന്നു അത്. തദ്ദേശീയ തമിഴരും കുടിയേറ്റ തമിഴരും ചേര്‍ന്ന് ഭൂരിപക്ഷമായി ഭീഷണിയാകുമെന്നു സംശയിച്ച സിംഹളര്‍ അവരെ ഒറ്റപ്പെടുത്തുവാനും ദുര്‍ബലരാക്കുവാനുമാണ് ശ്രമിച്ചത്. ബ്രിട്ടിഷ് കാലത്തു തദ്ദേശീയ തമിഴര്‍ കരസ്ഥമാക്കിയ നേട്ടങ്ങളിലും സിംഹളര്‍ അസ്വസ്ഥരായിരുന്നു. സേനാനായകെ സര്‍ക്കാര്‍ തമിഴരെ തഴഞ്ഞ് സിംഹളരെ മാത്രം സംരക്ഷിക്കുന്ന നടപടികളിലേക്ക് കടന്നു.

പിന്നീട് 1956ല്‍ പാസാക്കിയ സിംഹള നിയമം ആണ് ലങ്കയില്‍ സിംഹള ഭൂരിപക്ഷവും തമിഴ് ന്യൂനപക്ഷവും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ ആഴവു വ്യാപ്തിയും വര്‍ധിപ്പിക്കുന്നത്. സര്‍ക്കാര്‍ ജോലികളില്‍ അടക്കം സുപ്രധാന പദവികളിലെല്ലാം തങ്ങള്‍ അവഗണിക്കപ്പെടുന്നു എന്നതായിരുന്നു തമിഴ് ന്യൂനപക്ഷങ്ങളുടെ പരാതി. തര്‍ക്കം മൂത്തപ്പോള്‍, തങ്ങള്‍ക്ക് പ്രത്യേക രാജ്യം വേണമെന്ന ആവശ്യം തമിഴര്‍ മുന്നോട്ട് വച്ചു. തമിഴ് ഐക്യവിമോചനമുന്നണി ഉണ്ടാക്കി തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. ജയിച്ച് പാര്‍ലിമെന്റില്‍ ഇടം നേടിയിട്ടും അവഗണ തുടര്‍ന്നപ്പോഴാണ്, പോരാട്ടങ്ങള്‍ക്ക് ഒരു തീവ്ര സ്വഭാവം കൈവരുന്നതും, ഇന്ത്യയടക്കം നിരവധി ലോകരാജ്യങ്ങള്‍ പിന്നീട് തീവ്രവാദ സംഘടനയുടെ പട്ടികയില്‍ പെടുത്തിയ ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴ (LTTE) ത്തിന്റെ രൂപീകരണത്തിലേക്ക് അത് എത്തിച്ചേരുന്നതും.

1983ല്‍ സിംഹള ഭൂരിപക്ഷവും തമിഴ് ന്യൂനപക്ഷവും തമ്മില്‍ സ്വാതന്ത്ര്യാനന്തരം തുടങ്ങിയ പോര് ഏറ്റവും തീവ്രതയിലേക്ക് എത്തി ഒരു ആഭ്യന്തര കലാപമായി പരിണമിച്ചു. ജെആര്‍ ജയവര്‍ധനെ ആയിരുന്നു രാജ്യം ഭരിച്ചിരുന്നത്. ജൂലൈ 23ന് ജാഫ്നയിലെ ലങ്കന്‍ സൈനിക ക്യാമ്പ് ആക്രമിച്ച എല്‍ടിടിഇ 13 സൈനികരെ വധിച്ചു. രോഷാകുലരായ സിംഹളര്‍ തമിഴ് വംശജര്‍ക്ക് നേരെ വ്യാപക ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. 25 വര്‍ഷക്കാലത്തിലധികം നീണ്ടുനിന്ന ഒരു ഏറ്റുമുട്ടലിന്റെ തുടക്കമായിരുന്നു അത്.

ഡിബി വിജേതുംഗെ, ചന്ദ്രിക കുമാരതുംഗെ തുടങ്ങി ലങ്കയുടെ ഭരണത്തില്‍ ആളുകള്‍ മാറി മാറി വന്നു. ഇതിനിടെ ഇന്ത്യയടക്കം ലോകരാജ്യങ്ങളുടെ ഇടപെടലില്‍ നിരവധി സമാധാന ശ്രമങ്ങളും നടന്നു. പ്രധാനമന്ത്രി ആയിരിക്കെ രാജീവ് ഗാന്ധി നടത്തിയ ഇടപെടലുകള്‍ തമിഴ് വംശജര്‍ക്ക് എതിരെയാണെന്ന ബോധ്യത്തില്‍, തമിഴ് പുലികള്‍ അദ്ദേഹത്തിന്റെ ജീവനെടുക്കുന്നതിേലയ്ക്ക് എത്തിച്ചു.

ഏറെ നാളത്തെ പരിശ്രമത്തിനൊടുവില്‍ രണ്ടായിരത്തിന്റെ തുടക്കത്തില്‍ സമാധാന കരാറുകളും വെടിനിര്‍ത്തലുകളും നിലവില്‍ വന്നു. 2005 ല്‍ മഹിന്ദ രാജപ്സേ അധികാരത്തിലെത്തിയതോടെ കാര്യങ്ങള്‍ മാറി. ഭീകരവാദികളില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കും എന്ന ആഹ്വാനവുമായി കസേരയിലെത്തിയ മഹിന്ദ, എല്‍ടിടിഇ വെടിനിര്‍ത്തല്‍ പലകുറി ലംഘിച്ചു എന്നാരോപിച്ച് 2006ല്‍ സൈനിക നടപടി തുടങ്ങി.

സര്‍വ മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെട്ട നാളുകളെന്ന് ഐക്യരാഷ്ട്ര സഭ വിലയിരുത്തിയ ദിനങ്ങളിലൂടെയാണ് ശ്രീലങ്ക പിന്നീട് കടന്ന് പോയത്. സൈനിക നടപടികളില്‍ പുലര്‍ത്തേണ്ട എല്ലാ മര്യാദകളും മറന്നുകൊണ്ടായിരുന്നു മഹിന്ദ സര്‍ക്കാരിന്റെ നീക്കങ്ങള്‍. എല്ലാത്തിനും ചുക്കാന്‍ പിടിച്ച് ഒപ്പം നിന്നത് അന്നത്തെ സര്‍ക്കാരില്‍ പ്രതിരോധ സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായിരുന്ന ഗോത്തബായ രജപക്സേ ആയിരുന്നു.

മുല്ലൈത്തീവിലെ എല്‍ടിടിഇ ക്യാമ്പ് ലക്ഷ്യമിട്ട് സൈന്യം നടത്തിയ അതിക്രൂരമായ ഷെല്ലാക്രമണത്തില്‍ ആശുപത്രികളും ജനവാസകേന്ദ്രങ്ങളും കത്തിയമര്‍ന്നു. 2009 മെയ് 18ന് വേലുപ്പിള്ള പ്രഭാകരനും കുടുംബവും കൊല്ലപ്പെടുന്നവരെ ആക്രമണങ്ങള്‍ തുടര്‍ന്നു. കലാപം അവസാനിച്ചപ്പോള്‍, യുഎന്നിന്റെ എകദേശ കണക്ക് പ്രകാരം, ആകെ പൊലിഞ്ഞത് ഒരു ലക്ഷത്തിലധികം മനുഷ്യ ജീവനുകളാണ്. ഇതില്‍ 30,000 മുതല്‍ 70,000 വരെ സാധാരണക്കാര്‍ ആയിരുന്നു.

കലാപത്തിന്റെ അവസാന നാളുകളില്‍ ആണ് ഏറ്റവും കൂടുതല്‍ സാധാരണക്കാര്‍ കൂട്ടക്കുരുതിക്ക് ഇരയായത്. അതുകൊണ്ടാണ്, കലാപം അവസാനിച്ച മെയ് 18, തമിഴ് വംശജര്‍ മുള്ളിവായ്ക്കാല്‍ അനുസ്മരണ ദിനം എന്ന പേരില്‍ ആചരിക്കുന്നത്. 2009 മെയ് 19ന് ആഭ്യന്തരയുദ്ധം ജയിച്ചതായി പാര്‍ലമെന്റില്‍ പ്രഖ്യാപിച്ച അന്നത്തെ പ്രസിഡന്റ് മഹിന്ദ രജപക്സക്ക്, 2022 ലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രധാനമന്ത്രി പദത്തില്‍ നിന്ന് പുറത്ത് പോകേണ്ടിവന്നു.

മഹിന്ദ രജപക്സ Screengrab, Copyright: BBC

1988-89ലെ വംശീയ സ്വഭാവമുള്ള സായുധ കലാപത്തിലെ യുദ്ധക്കുറ്റങ്ങള്‍ കണ്ടെത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്ന് കാലങ്ങളായി ലങ്കയിലെ തമിഴ് ജനത ആവശ്യമുന്നയിക്കുന്നുണ്ട്. എന്നാല്‍ അതിനെ എല്ലാത്തരത്തിലും എതിര്‍ക്കുന്നയാളാണ് ദിസനായകെ. അതുകൊണ്ടുതന്നെ ദിസനായകെയുടെ വിജയം, ശ്രീലങ്കയിലെ 22 ലക്ഷം വരുന്ന തമിഴ് ജനതയെ സംബന്ധിച്ചിടത്തോളം ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അയല്‍രാജ്യങ്ങള്‍ ലങ്കയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നാണ് ദിസനായകെയുടെ നയം. അതുകൊണ്ട് തന്നെ ഏറ്റവും വലിയ ആശങ്കകളിലൊന്ന് ഇന്ത്യയും രാജ്യത്തെ തമിഴ് വംശജരുമായുള്ള ബന്ധവുമാണ്.

അനുര കുമാര ദിസനായകെയ്ക്ക് നേരിടേണ്ട വെല്ലുവിളികള്‍

പ്രസിഡന്റായി ചുമതലേല്‍ക്കുന്ന ദിസനായകെയ്ക്ക് മുന്നില്‍ നിരവധി വെല്ലുവിളികളുണ്ട്. രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക അസ്ഥിരതയും പണപ്പെരുപ്പവുമെല്ലാം വേട്ടയാടുന്ന രാജ്യത്ത് സുസ്ഥിര ഭരണം ഉറപ്പാക്കുകയെന്നതാണ് ഒന്നാമത്തെ കാര്യം. പലവിധത്തില്‍ ഭിന്നിച്ച് നില്‍ക്കുന്ന രാജ്യത്തെ ജനങ്ങളെ ഒന്നിച്ച് നിര്‍ത്തേണ്ടതുണ്ട്. രാജപക്‌സെ സര്‍ക്കാരിനെ പുറത്താക്കിയ ജനങ്ങളാണ് ദിസനായകെയില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നത്.

രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങളെ മുന്നില്‍ കണ്ട് അവര്‍ക്ക് ഗുണകരമാവുന്ന പദ്ധതികള്‍ നടപ്പിലാക്കുകയെന്നതാണ് മറ്റൊന്ന്. ചൈന, ജപ്പാന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളോട് ശ്രീലങ്കയ്ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ട്. അത് തീര്‍ക്കുകയും ഐഎംഎഫ് ലോണുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുകയും വേണം. തൊഴിലില്ലായ്മ, പണപ്പെരുപ്പം, വിലക്കയറ്റം തുടങ്ങി രാജ്യം നേരിടുന്ന അനവധിയായ പ്രതിസന്ധികളെ മറികടന്ന് വേണം രാജ്യം ഭരിക്കേണ്ടത് എന്നത് ദിസനായകെയുടെ വെല്ലുവിളി വര്‍ധിപ്പിക്കുന്നുണ്ട്.

പാര്‍ട്ടിയുടെ അത്ര നല്ലതല്ലാത്ത ഭൂതകാലമാണ് ദിസനായകയ്ക്ക് മുന്നിലുള്ള മറ്റൊരു വെല്ലുവിളി. ദിസനായകെയുടെ നേതൃത്വത്തില്‍ കലാപവും അക്രമവും ലങ്കയിലേക്ക് തിരിച്ചുവരുമെന്ന് ചിലര്‍ ആശങ്കപ്പെടുന്നു. അദ്ദേഹം ഒരിക്കലും വംശീയ തീവ്രവാദത്തെ പരസ്യമായി അപലപിച്ചിട്ടില്ലെന്നും ചൂണ്ടിക്കാണിക്കുന്നവരുണ്ട്.

FAQs

എന്താണ് ജനതാ വിമുക്തി പെരുമുന?

റൊഹാന വിജവീരയാണ് 1965ല്‍ ജനതാ വിമുക്തി പെരുമുനയ്ക്ക് തുടക്കമിടുന്നത്. 1967 -70 കാലഘട്ടത്തിലാണ് ജനതാവിമുക്തി പെരുമുന ശ്രീലങ്കയിലുടനീളം വ്യാപകമാകുന്നത്. സായുധ വിപ്ലവത്തിന്റെ ആരാധകനായിരുന്നു വിജവീര ലങ്കയിലും ഭരണകൂടങ്ങളെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു.

ആരാണ് അനുര കുമാര ദിസനായകെ?

ശ്രീലങ്കയുടെ പത്താമത്തെ പ്രസിഡന്റാണ് അനുര കുമാര ദിസനായകെ. ശ്രീലങ്കയിലെ വടക്കന്‍-മധ്യ പ്രവിശ്യയിലെ അനുരാധപുര ജില്ലയിലെ തംബുട്ടെഗാ ഗ്രാമത്തില്‍ ഒരു സാധാരണ കുടുംബത്തില്‍ 1968 നവംബര്‍ 24നാണ് അനുര കുമാര ദിസനായകെ ജനിച്ചത്.

ആരാണ് വേലുപ്പിള്ള പ്രഭാകരൻ?

ലിബറേഷൻ ടൈഗേർസ് ഓഫ് തമിഴ് ഈഴം എന്ന സംഘടനയുടെ സ്ഥാപകനും തലവനുമായിരുന്നു വേലുപ്പിള്ള പ്രഭാകരൻ. 1954 നവംബർ 26 ന് വാൽവെട്ടിത്തുറൈയിൽ ജനിച്ച പ്രഭാകരൻ, തമ്പി എന്നാണ് ഈലം തമിഴർക്കിടയിൽ അറിയപ്പെട്ടിരുന്നത്..

Quotes

“യുദ്ധം ജയിച്ചാൽ മാത്രം പോരാ, സമാധാനം സ്ഥാപിക്കലാണ് കൂടുതൽ പ്രധാനം- അരിസ്റ്റോട്ടിൽ.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.