Wed. Dec 18th, 2024

1992-ല്‍, ലെബനനിലെ ആഭ്യന്തര യുദ്ധം (1975-1992) അവസാനിച്ചതിനുശേഷം, ലെബനാനിലെ 128 സീറ്റുകളുള്ള അസംബ്ലിയില്‍ എട്ട് സീറ്റുകള്‍ നേടി ഹിസ്ബുള്ള പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു

ഗാസയിലെ ഇസ്രയേല്‍ ആക്രമണം അവസാനിക്കും മുന്‍പ് വീണ്ടുമൊരു യുദ്ധത്തിന് പശ്ചിമേഷ്യ സാക്ഷ്യം വഹിക്കുമോ എന്ന ആശങ്കയിലാണ് ലോകം. 2006ന് ശേഷം ലെബനാനിലെ ഇറാന്‍ പിന്തുണയുള്ള സായുധ സംഘമായ ഹിസ്ബുള്ളയുമായി ഒരു യുദ്ധമുണ്ടാകാനുള്ള സാധ്യതയാണ് പശ്ചിമേഷ്യ മുന്നില്‍കാണുന്നത്.

ഗാസയില്‍ ഇസ്രായേല്‍ യുദ്ധം തുടങ്ങിയ അന്ന് മുതല്‍ ഹിസ്ബുള്ളയുമായും ഇസ്രായേല്‍ സംഘര്‍ഷത്തിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പേജര്‍, വാക്കി-ടോക്കി സ്‌ഫോടങ്ങള്‍ ഈ സംഘര്‍ഷത്തിന്റെ ആഴം വര്‍ദ്ധിപ്പിച്ചുവെന്ന് പറയാം.

ഒരാഴ്ചയില്‍ നടന്ന മൂന്ന് പ്രധാന സംഭവങ്ങളാണ് പശ്ചിമേഷ്യയില്‍ യുദ്ധഭീതി പടര്‍ത്തുന്നത്. ഈ മാസം 15ന് യെമനിലെ ഹൂതി വിമതര്‍ ഇസ്രായേലിനുനേരേ ഹൈപ്പര്‍സോണിക് മിസൈല്‍ ആക്രമണം നടത്തിയത്, 17ന് ലെബനാനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ചത്, ബുധനാഴ്ച വിവിധ പ്രദേശങ്ങളില്‍ വാര്‍ത്താവിനിമയ ഉപകരണങ്ങളായ വാക്കിടോക്കിയും റേഡിയോയും പൊട്ടിത്തെറിച്ചത്. ഗാസയില്‍ സമാധാനം സ്ഥാപിച്ച് യുദ്ധ വ്യാപനം തടയണമെന്ന് അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടുമ്പോഴാണ് മേഖലയില്‍ നിന്നും പ്രകോപനപരമായ നീക്കങ്ങള്‍ നടക്കുന്നത്.

ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങളെ നിഷ്പ്രഭമാക്കിയാണ് യെമനിലെ ഹൂതി വിമതര്‍ മിസൈല്‍ ആക്രമണം നടത്തിയത്. രണ്ടു മാസത്തിനകം നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. ജൂലൈയില്‍ ഹൂതികള്‍ ഇസ്രായേലിനുനേരെ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായാണ് ചെങ്കടലില്‍ ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഹൊദെയ്ദ തുറമുഖം ഇസ്രയേല്‍ ആക്രമിച്ചത്. ഇറാന്റെ പിന്തുണയുള്ള ഹൂതികള്‍ കഴിഞ്ഞ ഒക്ടോബറില്‍ ഇസ്രയേല്‍ ഗാസ ആക്രമിച്ച ഘട്ടത്തില്‍ത്തന്നെ ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇസ്രയേലിനുനേരേ യുദ്ധ പ്രഖ്യാപനം നടത്തിയിരുന്നു.

ലെബനാനില്‍ നടന്ന പേജര്‍ സ്ഫോടനം Screengrab, Copyright: CNN

ആരോഗ്യ ജീവനക്കാരും കുട്ടികളും ഉള്‍പ്പെടെ 12 പേരാണ് പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. 3000 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 200 പേരുടെ നില ഗുരുതരമാണ്. പൊട്ടിത്തെറിക്കുന്നതിനു മുമ്പ് ഏകദേശം 10 സെക്കന്‍ഡ് നേരം പേജറുകള്‍ ബീപ് ചെയ്തിരുന്നു. സാധാരണ മെസേജ് വരുമ്പോഴുള്ള ശബ്ദമാണിത്. മെസേജാണെന്ന് കരുതി പലരും വായിക്കാന്‍ മുഖത്തോട് ചേര്‍ത്തുപിടിച്ചപ്പോഴാണ് സ്‌ഫോടനം നടന്നത്. അതുകൊണ്ടുതന്നെ കണ്ണിന് പലര്‍ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. വ്യാപക സ്‌ഫോടനങ്ങളില്‍ 3000ത്തോളം പേജറുകളാണ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റ ഇറാന്‍ അംബാസഡര്‍ മുജ്തബ അമിനിയുടെ ഒരു കണ്ണ് നഷ്ടമായി. മറ്റൊരു കണ്ണിന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു.

മൊസാദിലൂടെ ഇസ്രായേലാണ് ഇതിന് പിന്നിലെന്നാണ് അമേരിക്കയുടെ അടക്കം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തായ്വാനിലെ ഗോള്‍ഡ് അപ്പോളോ കമ്പനിയില്‍നിന്ന് ഈ വര്‍ഷം ആദ്യം ഹിസ്ബുള്ള ഇറക്കുമതി ചെയ്ത പേജറുകളുടെ പുതിയ ബാച്ചിനുള്ളില്‍ സ്ഫോടകവസ്തുക്കള്‍ ഒളിപ്പിക്കുകയായിരുന്നു.

കാര്‍ഗോ ലെബനാനിലെത്തുന്നതിന് മുമ്പ് ഇസ്രായേല്‍ ചാര ഏജന്‍സിയായ മൊസാദിന്റെ ഏജന്റുമാര്‍ ബാറ്ററിക്ക് സമീപം സൂക്ഷ്മമായ സ്‌ഫോടക വസ്തു വെക്കുകയായിരുന്നു. രണ്ട് ഔണ്‍സ് വരെ സ്‌ഫോടകവസ്തുക്കളാണ് ഓരോ പേജറുകളിലും ഒളിപ്പിച്ചത്. കോഡ് സന്ദേശം ലഭിച്ചാല്‍ പൊട്ടിത്തെറിക്കുന്ന ഇവ സ്‌കാനറുകളില്‍ കണ്ടെത്തുക പ്രയാസമായിരുന്നു.

ഈ മോഡല്‍ തങ്ങള്‍ നിര്‍മിച്ചതല്ലെന്നാണ് തായ്‌വാന്‍ കമ്പനി ഗോള്‍ഡ് അപ്പോളോ പറയുന്നത്. തങ്ങളുടെ ബ്രാന്‍ഡ് ട്രേഡ് മാര്‍ക്ക് ഉപയോഗിക്കാന്‍ അനുവാദമുള്ള യൂറോപ്പിലെ ബിഎസി എന്ന കമ്പനിയാണ് ഇത് നിര്‍മിച്ചതെന്നാണ് ഗോള്‍ഡ് അപ്പോളോ പറയുന്നത്. മൂന്ന് വര്‍ഷം മുമ്പാണ് ഈ കമ്പനിയുമായി കരാറുണ്ടാക്കിയത്.

ആദ്യഘട്ടത്തില്‍ ഗോള്‍ഡ് അപ്പോളോയുടെ പേജര്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ കമ്പനി ഇറക്കുമതി ചെയ്യുകയായിരുന്നു. പിന്നീട് സ്വന്തംനിലയില്‍ പേജര്‍ ഉണ്ടാക്കണമെന്നും ഗോള്‍ഡ് അപ്പോളോയുടെ ബ്രാന്‍ഡ് പേര് ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിന് അനുമതിയും നല്‍കി.

തയ്‌വാനില്‍ നിന്നും ലെബനാനിലേക്കോ മിഡില്‍ ഈസ്റ്റിലേക്കോ പേജറുകള്‍ കയറ്റി അയച്ചതിന്റെ രേഖകളില്ലെന്ന് മുതിര്‍ന്ന തായ്‌വാനീസ് സുരക്ഷ ഉദ്യോഗസ്ഥന്‍ അറിയിച്ചു. തയ്‌വാന്‍ ഇതുവരെ 260,000 പേജറുകള്‍ കയറ്റി അയച്ചിട്ടുണ്ട്. ഇതില്‍ ഭൂരിപക്ഷവും യുഎസിലേക്കും ആസ്‌ട്രേലിയയിലേക്കുമാണ്.

ശത്രുക്കള്‍ തങ്ങളുടെ സംസാരവും സന്ദേശങ്ങളും ചോര്‍ത്താതിരിക്കാനും ലൊക്കേഷന്‍ വിവരങ്ങല്‍ അറിയാതിരിക്കാനും ഹൈടെക് ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം നേരത്തെ തന്നെ ഹിസ്ബുള്ള നേതാക്കളടക്കം ഉപേക്ഷിച്ചിരുന്നു. മൊബൈല്‍ഫോണുകളടക്കം ഉപേക്ഷിച്ചിരുന്നു. തുടര്‍ന്നാണ് ഹിസ്ബുള്ള പേജറുകളിലേക്ക് മാറിയത്. ലെബനാനിലുടനീളം ഹിസ്ബുള്ള തങ്ങളുടെ അംഗങ്ങള്‍ക്ക് പേജറുകള്‍ വിതരണം ചെയ്തിരുന്നു.

അതേസമയം, പേജറുകള്‍ ഹിസ്ബുള്ളയ്ക്ക് നിര്‍മിച്ചുനല്‍കിയത് ഇസ്രായേലിന്റെ കടലാസ് കമ്പനിയാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹംഗറി ആസ്ഥാനമായ ബിഎസി കണ്‍സള്‍ട്ടിങ്ങാണ് പൊട്ടിത്തെറിച്ച പേജറുകള്‍ നിര്‍മിച്ചത്. ഇതൊരു ഇസ്രായേല്‍ ഷെല്‍ കമ്പനിയാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹിസ്ബുള്ളയുടെ ആശയവിനിമയ ശൃംഖല തകര്‍ക്കാന്‍ ഇസ്രായേലി രഹസ്യാന്വേഷണ ഏജന്‍സികളുടെ വളരെ ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമായിരുന്നു ഈ സ്ഫോടനങ്ങളെന്നാണ് വിവരം.

ബിഎസിക്ക് ഇസ്രയോലുമായുള്ള ബന്ധം മറച്ചുവെക്കാന്‍ മറ്റു രണ്ട് ഷെല്‍ കമ്പനികള്‍കൂടി ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗം ആരംഭിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പേജറുകളുണ്ടാക്കാന്‍ 2022 മേയിലാണ് ഹംഗറിയില്‍ ഇസ്രായേല്‍ ബിഎസി കണ്‍സള്‍ട്ടിങ് എന്ന പേരില്‍ കമ്പനി ആരംഭിച്ചത്. തായ്വാന്‍ കമ്പനിയായ ‘ഗോള്‍ഡ് അപ്പോളോ’യുടെ ട്രേഡ് മാര്‍ക്ക് ഉപയോഗിച്ച് പേജറുകളുണ്ടാക്കാന്‍ ഈ സ്ഥാപനം ലൈസന്‍സ് നേടിയെടുത്തു. ഇസ്രായേല്‍ ബന്ധം മറച്ചുവെക്കാന്‍ വേണ്ടിയാണ് രണ്ട് കടലാസ് കമ്പനികള്‍കൂടി ഇസ്രായേല്‍ ഉണ്ടാക്കിയത്.

ലെബനാനില്‍ നടന്ന പേജര്‍ സ്ഫോടനം Screengrab, Copyright: CNN

സാധാരണ ഉപഭോക്താക്കളില്‍നിന്നാണ് പേജറുകള്‍ക്കുള്ള കരാര്‍ ബിഎസി എടുത്തിരുന്നത്. പക്ഷേ, ഹിസ്ബുള്ളയായിരുന്നു ലക്ഷ്യം. അവര്‍ക്കുള്ള പേജറുകള്‍ പ്രത്യേകമുണ്ടാക്കി. അതിലെ ബാറ്ററികള്‍ക്ക് സമീപം സ്ഫോടകവസ്തുവായ പിഇടിഎന്‍ (പെന്റാഎറിത്രിയോള്‍ ടെട്രാന്രൈടേറ്റ്) വെച്ചു. 2022ലെ വേനല്‍ക്കാലത്തുതന്നെ കുറച്ചു പേജറുകള്‍ ലെബനാനിലേക്ക് കയറ്റിയയച്ചു.

പേജറുകളുണ്ടാക്കുക മാത്രമല്ല, മൊബൈല്‍ഫോണ്‍ ഭീതി ഹിസ്ബുള്ളയ്ക്കിടയില്‍ പ്രചരിപ്പിച്ചതും ഇസ്രായേലാണെന്ന് അവരുടെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ‘നിങ്ങളുടെയും നിങ്ങളുടെ ഭാര്യമാരുടെയും മക്കളുടെയും കൈകളിലുള്ള ഫോണുകള്‍ ഒരു ഏജന്റാണ്. അത് കുഴിച്ചിടുക. ഇരുമ്പ് പെട്ടിയില്‍ അടയ്ക്കുക’ 2022 ഫെബ്രുവരിയില്‍ ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്‌റുള്ള അനുയായികള്‍ക്ക് നല്‍കിയ സന്ദേശമാണിത്. ഈ സന്ദേശമാണ് ഇസ്രായേല്‍ ചാര ഏജന്‍സികള്‍ ഫലപ്രദമായി ഉപയോഗിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.

1996 ജനുവരി 5ന് സമാനമായ രീതിയില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു. ഹമാസിന് വേണ്ടി സ്‌ഫോടകവസ്തുക്കള്‍ തയ്യാറാക്കി നല്‍കിയിരുന്ന യഹിയ അയ്യാഷിനെ മൊബൈല്‍ ഫോണില്‍ സ്‌ഫോടകവസ്തു വെച്ച് ഇസ്രായേല്‍ കൊല ചെയ്തിരുന്നു. നൂറോളം ഇസ്രായേലികള്‍ കൊല്ലപ്പെടാന്‍ കാരണക്കാരനെന്ന് കരുതപ്പെടുന്ന വ്യക്തിയാണ് അയ്യാഷ്. അയ്യാഷിന് തന്റെ അച്ഛന്റെ ഫോണ്‍ കോള്‍ വരികയാണ്. സംസാരിക്കുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച് മരിക്കുന്നു. ഇസ്രായേലി സെക്യൂരിറ്റി ഏജന്‍സികള്‍ അയ്യാഷ് പോലുമറിയാതെ ഫോണില്‍ സ്‌ഫോടകവസ്തുക്കള്‍ വയ്ക്കുകയായിരുന്നു.

പേജര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെയാണ് വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ചത്. വോക്കി ടോക്കി സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെടുകയും 450 തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബെയ്‌റൂത്തിലെ തെക്കന്‍ പ്രാന്ത പ്രദേശങ്ങളിലും ബെക്കാ മേഖലയിലുമാണ് വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ചത്.

വാക്കി ടോക്കികള്‍ ആര് നിര്‍മിച്ചതാണെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയായിട്ടില്ല. ആക്രമണത്തിന് ഉപയോഗിച്ച വാക്കി ടോക്കികളില്‍ ‘ഐകോം’ എന്ന ജാപ്പനീസ് കമ്പനിയുടെ ലോഗോ ആണുള്ളത്. IC-V82 എന്ന മോഡലിന്റെ ലേബലാണ് ഇവയിലുള്ളത്. തങ്ങളുടെ വാക്കി ടോക്കികള്‍ ഉപയോഗിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ അന്വേഷിക്കുകയാണെന്നും ഉല്‍പാദനം നിര്‍ത്തിയതിനാല്‍ നിലവില്‍ പ്രചാരത്തിലുള്ളവ വ്യാജമായിരിക്കാമെന്നും കമ്പനിയുടെ വെബ്സൈറ്റില്‍ പറയുന്നു.

ഇത്തരം മോഡലുകളുടെ നിര്‍മാണം തങ്ങള്‍ 10 വര്‍ഷം മുമ്പ് നിര്‍ത്തിയതാണെന്ന് കമ്പനി അറിയിച്ചു. ‘2004 മുതല്‍ 2014 ഒക്ടോബര്‍ വരെ ഉല്‍പ്പാദിപ്പിച്ച് മിഡില്‍ ഈസ്റ്റിലേക്ക് ഉള്‍പ്പെടെ കയറ്റുമതി ചെയ്ത ഹാന്‍ഡ്ഹെല്‍ഡ് റേഡിയോയാണ് IC-V82. ഏകദേശം 10 വര്‍ഷം മുമ്പ് ഉല്‍പാദനം നിര്‍ത്തലാക്കി. അതിനുശേഷം ഞങ്ങളുടെ കമ്പനിയില്‍ നിന്ന് ഇത് കയറ്റുമതി ചെയ്തിട്ടില്ല. ഇവക്ക് ആവശ്യമായ ബാറ്ററികളുടെ ഉല്‍പാദനവും നിര്‍ത്തലാക്കിയിട്ടുണ്ട്. വ്യാജ ഉല്‍പന്നങ്ങള്‍ വേര്‍തിരിച്ചറിയാന്‍ ഹോളോഗ്രാം സീല്‍ ഘടിപ്പിച്ചിരുന്നില്ല. അതിനാല്‍ ഉല്‍പ്പന്നം ഞങ്ങളുടെ കമ്പനിയില്‍നിന്ന് കയറ്റി അയച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയില്ല’, ഐകോം പ്രസ്താവനയില്‍ പറഞ്ഞു.

ഹമാസ്-ഇസ്രായേല്‍ യുദ്ധം തുടങ്ങിയത് മുതല്‍ ഇറാന്റെ പിന്തുണയുള്ള പ്രസ്ഥാനങ്ങളുടെ നേതാക്കളെ ഇസ്രായേല്‍ വധിച്ചിട്ടുണ്ട്. ജൂലൈ 30 ന് തെക്കന്‍ ബെയ്‌റൂത്തിലെ ജനവാസമേഖലയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളയുടെ സീനിയര്‍ മിലിട്ടറി കമാന്‍ഡര്‍ ഫുവദ് ഷോക്കറ കൊല്ലപ്പെട്ടിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം ജൂലൈ 31 ന് ടെഹ്റാനില്‍ പുതിയ ഇറാനിയന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേ ഹമാസിന്റെ രാഷ്ട്രീയ നേതാവ് ഇസ്മായില്‍ ഹനിയയെയും ഇസ്രായേല്‍ കൊലപ്പെടുത്തി. ഖത്തറില്‍ താമസിച്ചിരുന്ന 62 കാരന്‍ 2007 മുതല്‍ ഗാസ മുനമ്പ് ഭരിക്കുന്ന ഹമാസിന്റെ രാഷ്ട്രീയ ബ്യൂറോയുടെ തലവനായിരുന്നു. ‘ഹ്രസ്വ ദൂര പ്രൊജക്‌റ്റൈല്‍’ ഉപയോഗിച്ചാണ് ടെഹ്റാനില്‍ വെച്ച് ഹനിയയെ കൊലപ്പെടുത്തിയത്.

നേതാക്കളുടെ കൊലപാതകവും പേജര്‍, വാക്കി ടോക്കി സ്‌ഫോടനങ്ങളും ഹിസ്ബുള്ളയേയും ഇറാനെയും യുദ്ധത്തിലേയ്ക്ക് നയിക്കുന്ന കാരണങ്ങളാണ്. നേതാക്കളുടെ കൊലപാതകത്തോടെ പശ്ചിമേഷ്യ ഒരു യുദ്ധത്തിനുള്ള സാധ്യതകള്‍ കണ്ടിരുന്നു. എന്നാല്‍ അത് മിസൈല്‍ ആക്രമണം പോലെയുള്ള പ്രതികരണങ്ങളില്‍ അവസാനിച്ചു. എന്നാല്‍ പേജര്‍, വാക്കി ടോക്കി ആക്രമണങ്ങള്‍ ഹിസ്ബുള്ളയേയും ഇറാനെയും കൂടുതല്‍ ചൊടിപ്പിച്ചിരിക്കുകയാണ്.

ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്‌റുള്ള Screengrab, Copyright: REUTERS

പേജര്‍, വോകി ടോക്കി ആക്രമണങ്ങള്‍ കൂട്ടക്കൊലയാണെന്നും ഭീകരപ്രവര്‍ത്തനമാണെന്നുമാണ് ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്‌റുള്ള വിശേഷിപ്പിച്ചത്. പേജര്‍ സ്ഫോടനങ്ങള്‍ ഇസ്രായേലിനെതിരായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനുള്ള നിശ്ചയദാര്‍ഢ്യം വര്‍ധിപ്പിക്കുകയേ ചെയ്യൂവെന്നും ഹസന്‍ നസ്‌റുള്ള പ്രതികരിച്ചു. ദൈവം ഇച്ഛിച്ചാല്‍ കണക്കുതീര്‍ക്കല്‍ സാധ്യമാകും. ഇന്നലത്തെ സംഭവം പോരാട്ടത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും പാതയില്‍ തുടരാനുള്ള നമ്മുടെ ദൃഢനിശ്ചയവും വര്‍ധിപ്പിക്കും. ദൈവം ഇച്ഛിക്കുകയാണെങ്കില്‍ വിശ്വസ്തരും ക്ഷമാശീലരുമായ പോരാളികള്‍ വിജയം കൈവരിക്കും എന്നാണ് നസ്‌റുള്ള പ്രസ്താവനയില്‍ പറഞ്ഞത്.

ഹസന്‍ നസറുള്ള ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കവേ തെക്കന്‍ ലെബനാനില്‍ ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തി. 52 ആക്രമണങ്ങള്‍ തെക്കന്‍ ലെബനാനില്‍ നടത്തിയെന്നാണ് ഇസ്രായേല്‍ വാര്‍ത്ത ഏജന്‍സി അറിയിക്കുന്നത്. ഇസ്രായേല്‍ സൈനിക പോസ്റ്റുകള്‍ ലക്ഷ്യമിട്ട് ഹിസ്ബുള്ളയും ആക്രമണങ്ങള്‍ നടത്തി. 17 ആക്രമണങ്ങളാണ് മേഖലയില്‍ ഹിസ്ബുള്ള നടത്തിയത്.

നിരപരാധികളായ ആയിരങ്ങള്‍ ഇരകളാക്കപ്പെട്ട പേജര്‍ ആക്രമണം അപലപനീയമാണെന്നും പശ്ചിമേഷ്യയെ വലിയ യുദ്ധത്തിലേക്ക് വലിച്ചിഴക്കാനുള്ള ബോധപൂര്‍വമായ പ്രകോപനമാണിതെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സകറോവ പറഞ്ഞു. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാന്‍ ലബനാന്‍ പ്രധാനമന്ത്രി നജീബ് മീകാതിയെ ഫോണില്‍ വിളിച്ചു. യുദ്ധം മേഖലയാകെ വ്യാപിപ്പിക്കാനുള്ള ഇസ്രായേലിന്റെ ശ്രമം അപകടകരമാണെന്നും അവരെ തടുത്തുനിര്‍ത്താന്‍ അന്താരാഷ്ട്ര സമൂഹം തയ്യാറാകണമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.

രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ആക്രമണവും യുദ്ധക്കുറ്റവുമാണെന്ന് ലെബനീസ് പ്രധാനമന്ത്രി നജീബ് മീകാതി പറഞ്ഞു. അദ്ദേഹം അടിയന്തര മന്ത്രിസഭ യോഗം വിളിച്ചിട്ടുണ്ട്. യുഎന്നില്‍ പരാതി നല്‍കുമെന്ന് ലെബനാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇസ്രായേല്‍ നടത്തിയ പേജര്‍ ആക്രമണത്തെ അപലപിക്കുന്നതായും ഇത് കൂട്ടക്കൊലയും ഭീകരാക്രമണവുമാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് നാസര്‍ കനാനി പറഞ്ഞു. ലെബനാനിലും സിറിയയിലുമുണ്ടായത് ഭീകരാക്രമണമാണെന്നും അന്താരാഷ്ട്ര അന്വേഷണം ആവശ്യമാണെന്നും ബെല്‍ജിയന്‍ ഉപപ്രധാനമന്ത്രി പെട്ര ഡി ഷട്ടര്‍ പറഞ്ഞു.

ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയും യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും കൈറോയില്‍ കൂടിക്കാഴ്ച നടത്തി. ഈജിപ്ത് ലെബനാന് പിന്തുണ നല്‍കുമെന്നും യുദ്ധ വ്യാപനത്തിനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്നും അല്‍ സീസി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്താണ് ഹിസ്ബുള്ള?

ലെബനാനിലെ ആഭ്യന്തര യുദ്ധകാലത്ത് 1982ല്‍ സ്ഥാപിതമായ ഷിയാ സായുധ സംഘടനയാണ് ഹിസ്ബുള്ള. ഒരു മതാധിഷ്ടിത പ്രസ്ഥാനം എന്നതിന് പുറമെ ലെബനനിലെ പാര്‍ലമെന്റില്‍ അംഗങ്ങളുള്ള രാഷ്ട്രീയ വിഭാഗവും സായുധ വിഭാഗവും ഹിസ്ബുള്ളയ്ക്കുണ്ട്. ഏകദേശം ഒരുലക്ഷത്തോളം സായുധ പോരാളികള്‍ തങ്ങള്‍ക്കുണ്ടെന്നാണ് അവരുടെ അവകാശവാദം. വിവിധ അന്തരാഷ്ട്ര ഏജന്‍സികളുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഏകദേശം 30,000 സജീവ സായുധ പോരാളികളും 20,000 വരെ റിസേര്‍വ് സൈനികരുമാണ് ഹിസ്ബുള്ളയ്ക്കുള്ളത്. ഒരു രാജ്യത്തിന്റെ സൈന്യമല്ലാത്ത ലോകത്തിലെ ഏറ്റവും വലിയ സായുധ സംഘടനകളില്‍ ഒന്നാണ് ഹിസ്ബുള്ള എന്നതാണ്.

ഇറാന്റെ പിന്തുണയുള്ള, ഷിയാ വിഭാഗം സംഘടനയായ ഹിസ്ബുള്ള, പശ്ചിമേഷ്യന്‍ മേഖലയിലെ ഇസ്രയേലിന്റെ പ്രധാന വെല്ലുവിളിയാണ്. ഇസ്രായേലിന്റെ ലക്ഷ്യം ഹിസ്ബുള്ളയെ ഉന്മൂലനം ചെയ്യുക എന്നതായിരുന്നു എങ്കിലും ലെബനന്‍ സംഘം കൂടുതല്‍ ശക്തമായി വരികയും ഇസ്രായേലിന്റെ വടക്കന്‍ അതിര്‍ത്തിയിലെ ഒരു പ്രധാന സൈനിക, രാഷ്ട്രീയ ശക്തിയായി മാറുകയുമായിരുന്നു.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു Screengrab, Copyright: REUTERS

1992-ല്‍, ലെബനനിലെ ആഭ്യന്തര യുദ്ധം (1975-1992) അവസാനിച്ചതിനുശേഷം, ലെബനാനിലെ 128 സീറ്റുകളുള്ള അസംബ്ലിയില്‍ എട്ട് സീറ്റുകള്‍ നേടി ഹിസ്ബുള്ള പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. ഇന്ന് ഹിസ്ബുള്ളയ്ക്ക് പാര്‍ലമെന്റില്‍ 62 സീറ്റുകളുണ്ട്.

ഇന്ന് ഏകദേശം 1,20,000-ത്തോളം കരുതല്‍ ശേഖര ആയുധങ്ങള്‍ സിറിയയിലും ലെബനനിലുമായി ഹിസ്ബുള്ള സൂക്ഷിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സിറിയയിലും ഇറാഖിലും ഇറാനിലുമായി പ്രോക്സി സായുധ സംഘടനകളും ഹിസ്ബുള്ളയ്ക്കുണ്ട്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19ന്, ഇസ്രായേലിന്റെ നാഷണല്‍ സെക്യൂരിറ്റി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഹിസ്ബുള്ളയുടെ മിസൈലുകളുടെയും ഡ്രോണുകളുടെയും ആയുധ ശേഖരത്തിന്റെ കണക്കുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. അതുപ്രകാരം, 15-20 കിലോമീറ്റര്‍ പരിധിയുള്ള 40,000 ഗ്രാഡ്-ടൈപ്പ് മിസൈലുകള്‍ ഹിസ്ബുള്ളയ്ക്കുണ്ട്.

കൂടാതെ 100 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഫജര്‍ 3, ഫജര്‍ 5 ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെടെ 80,000 ദീര്‍ഘദൂര മിസൈലുകളും ഹിസ്ബുള്ളയുടെ പക്കലുണ്ട്. ഇതിനെല്ലാം പുറമെ 200-300 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഏകദേശം 30,000 സെല്‍സാല്‍, ഫത്തേഹ്-110 മിസൈലുകളുമുണ്ട്. തെക്കന്‍ ഇസ്രായേലിലേക്ക് ഉള്‍പ്പെടെ എത്താന്‍ ശേഷിയുള്ള ഹിസ്ബുള്ളയുടെ ഏറ്റവും ശക്തമായ ആയുധശേഖരമാണിത്.

ഇസ്രായേല്‍-ഹിസ്ബുള്ള യുദ്ധം

1982ല്‍ സ്ഥാപിതമായ ഹിസ്ബുള്ള 1985-ഓടെയാണ് വളര്‍ച്ച പ്രാപിക്കുന്നത്. സഖ്യകക്ഷികളുമായി ചേര്‍ന്ന്, തെക്കന്‍ ലെബനാനിലെ ലിറ്റാനി നദി മേഖലയില്‍ നിന്നും ഇസ്രായേല്‍ സൈന്യത്തെ പിന്‍വലിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.

1993 ജൂലൈയില്‍, സെവന്‍-ഡേ വാര്‍ എന്നറിയപ്പെടുന്ന ‘ഓപ്പറേഷന്‍ അക്കൗണ്ടബിലിറ്റി’ എന്ന പേരില്‍ ഇസ്രായേല്‍ ലെബനാനെ ആക്രമിച്ചു. ലെബനാനിലെ അഭയാര്‍ത്ഥി ക്യാമ്പിനും ഗ്രാമങ്ങള്‍ക്കും നേരെ ഇസ്രായേല്‍ ആക്രമണം നടത്തി. പിന്നാലെ ഹിസ്ബുള്ള വടക്കന്‍ ഇസ്രായേലിലും ആക്രമണം നടത്തി. സംഘര്‍ഷത്തില്‍ 118 ലെബനീസ് സിവിലിയന്മാര്‍ കൊല്ലപ്പെടുകയും 500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ആയിരക്കണക്കിന് കെട്ടിടങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.

മൂന്ന് വര്‍ഷത്തിന് ശേഷം, 1996 ഏപ്രില്‍ 11 ന്, ലിറ്റാനി നദി മേഖലയിലെ ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം നടത്തി. സംഘര്‍ഷം 17 ദിവസം നീണ്ടുനിന്നു. ഏപ്രില്‍ 18ന് ഖാന ഗ്രാമത്തിന് സമീപമുള്ള ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി കേന്ദ്രത്തിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 37 കുട്ടികളടക്കം 106 സാധാരണക്കാര്‍ കൊല്ലപ്പെടുകയും 116 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

2006 ലാണ് ഇസ്രായേലും ലെബനാനും തമ്മില്‍ അവസാനമായൊരു തുറന്ന യുദ്ധമുണ്ടാകുന്നത്. ആര്‍ക്കും വിജയമില്ലാതെ അവസാനിച്ച 34 ദിവസം നീണ്ട യുദ്ധത്തില്‍ 1200 ലെബനീസ് പൗരന്മാരും 160 ഇസ്രായേലി സൈനികരും കൊല്ലപ്പെട്ടിരുന്നു. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സൈനിക ശക്തിയായ ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം അത്ര സുഖകരമായൊരു അന്ത്യമായിരുന്നില്ല അത്. പിന്നീട് പലപ്പോഴായി ഇരുവരും സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടെങ്കിലും ഒരു തുറന്ന യുദ്ധത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നില്ല. പിന്നീട് ആ സംഘര്‍ഷങ്ങള്‍ക്ക് വര്‍ധനവുണ്ടാകുന്നത് 2023 ഒക്ടോബര്‍ ഏഴിന് ശേഷമാണ്.

ഒക്ടോബര്‍ 7 മുതല്‍ സെപ്റ്റംബര്‍ 6 വരെ ലെബനാനിലെ ഹിസ്ബുള്ളയും ഇസ്രായേലും തമ്മില്‍ കുറഞ്ഞത് 9,613 ആക്രമണങ്ങളെങ്കിലും നടന്നിട്ടുണ്ടെന്നാണ് കണക്ക്. ഈ ആക്രമണങ്ങളില്‍ 82 ശതമാനവും നടത്തിയത് ഇസ്രായേലാണ്. ഏകദേശം 646 പേരാണ് ലെബനാനില്‍ കൊല്ലപ്പെട്ടത്. ഹിസ്ബുള്ളയുടെ ആക്രമണത്തിലാകട്ടെ കുറഞ്ഞത് 32 ഇസ്രായേലികളും കൊല്ലപ്പെട്ടു. ഹിസ്ബുള്ള നേതാവ് ഫുവാദ് ശുക്കറിനെ ഇസ്രായേല്‍ വധിച്ചതും കാര്യങ്ങള്‍ വഷളാക്കിയിരുന്നു.

സംഭവം ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും ഇരുഭാഗവും ഒരു തുറന്ന യുദ്ധത്തിലേക്ക് കടക്കാന്‍ തയാറായിരുന്നില്ല. എന്നാല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 25ന് മുന്‍കരുതല്‍ ആക്രമണമെന്ന പേരില്‍ ലെബനാനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമ സൈനിക നീക്കമാണ് നെതന്യാഹുവിന്റെ ധൈര്യം എന്നാണ് പല നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. പക്ഷേ അപ്പോഴും ഇസ്രായേലി സൈന്യം അതിന് സജ്ജമാണോ എന്ന ചോദ്യം ശക്തമാണ്. ഗാസയിലെ പോലെ ആയിരിക്കില്ല ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടല്‍.

സിറിയയില്‍ ബഷര്‍ അല്‍ അസദിനെ പിന്തുണച്ച് നടത്തിയ പോരാട്ടം ഹിസ്ബുള്ളയുടെ സൈനിക ശക്തി വര്‍ധിപ്പിച്ചിട്ടുണ്ട്. വലിയ സേനകളുമായി ഏറ്റുമുട്ടാനും ലോജിസ്റ്റിക്‌സിനുമെല്ലാം സിറിയയിലെ പോരാട്ട അനുഭവം അവരെ സഹായിച്ചിട്ടുമുണ്ട്. തെക്കന്‍ ലെബനാന്റെ ഭൂമിശാസ്ത്രവും ഹിസ്ബുള്ളയ്ക്ക് ഇസ്രായേലുമായുള്ള യുദ്ധത്തില്‍ കൂടുതല്‍ മേല്‍ക്കൈ നല്‍കുന്നുണ്ട്. ഇസ്രായേല്‍ അതിര്‍ത്തിയിലേക്ക് തുറന്നുകിടക്കുന്ന ഭൂരിഭാഗം പ്രദേശങ്ങളും പാറക്കെട്ടുകള്‍ നിറഞ്ഞ കുന്നുകളാണ്.

2006ലും ഇസ്രായേലുമായുള്ള മറ്റ് ഏറ്റുമുട്ടലുകളിലും ഹിസ്ബുള്ളയുടെ ചെറു സംഘങ്ങള്‍ ഗ്രൂപ്പുകള്‍, മലഞ്ചെരുവുകളിലെ മരങ്ങള്‍, ഗുഹകള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ മറവിലാണ് റോക്കറ്റുകള്‍ ഉള്‍പ്പെടെ സ്ഥാപിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഇസ്രായേല്‍ സൈന്യത്തിന് കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടേറിയതാകാനും സാധ്യതയുണ്ട്. ഒപ്പം തുരങ്കങ്ങളുടെയും ബങ്കറുകളുടെയും ഒരു ശൃംഖല തന്നെ ഹിസ്ബുള്ളയ്ക്ക് ഈ മേഖലകളിലുണ്ട്. ആയുധങ്ങള്‍ കൈമാറാനും അപ്രതീക്ഷിത ആക്രമണങ്ങള്‍ക്കും ഹിസ്ബുള്ള ഇവയാണ് ഉപയോഗിച്ച് പോരുന്നത്.

അതേസമയം, മറുഭാഗത്ത് ഇസ്രായേലും അതിശക്തരാണ്. പശ്ചിമേഷ്യയിലെ ഏറ്റവും അത്യാധുനിക ആയുധ ശേഖരം പക്കലുള്ള രാജ്യമാണ് ഇസ്രായേല്‍. അയണ്‍ ഡോം ഉള്‍പ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകളും ഇസ്രായേലിന്റെ കൈയിലുണ്ട്. ഒരു യുദ്ധമെന്നത് നിലവില്‍ ഇസ്രായേലിനോ ലെബനനിനോ ഒട്ടും ഗുണം ചെയ്യില്ലെന്ന വിലയിരുത്തലാണ് പൊതുവേയുള്ളത്. ഇരുവിഭാഗങ്ങളും ശക്തരായതുകൊണ്ടുതന്നെ യുദ്ധം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലതുതായിരിക്കും. ഒരുപക്ഷേ മേഖലയിലാകെ വലിയ നാശം വിതയ്ക്കാന്‍ സാധ്യതയുള്ള ഒന്നായി മാറിയേക്കും. ഇപ്പോള്‍ തന്നെ ഇസ്രായേലിന്റെ വടക്കന്‍ അതിര്‍ത്തിയില്‍നിന്ന് 53,000 ഇസ്രായേലികളും ലെബനാന്റെ തെക്കന്‍ അതിര്‍ത്തിയില്‍നിന്ന് 94,000 ലബനീസ് പൗരന്മാരും കുടിയിറക്കപ്പെട്ടിട്ടുണ്ട്.

മെയ് മുതല്‍, ഹിസ്ബുള്ള കൂടുതല്‍ അത്യാധുനിക ഡ്രോണുകളും ഗൈഡഡ് മിസൈലുകളും ഉള്‍പ്പെടെ കൂടുതല്‍ നൂതനമായ ആയുധങ്ങള്‍ ഇസ്രായേലിനെതിരെ ഉപയോഗിച്ചിരുന്നു. ജൂണ്‍ 12ന് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ മുതിര്‍ന്ന കമാന്‍ണ്ടര്‍ താലിബ് സമി അബ്ദുള്ളയെ കൊലപ്പെടുത്തിയതോടെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമായി. ഇക്കഴിഞ്ഞ മാസങ്ങളിലൊന്നും കാണാത്ത തരത്തില്‍ കൂടുതല്‍ റോക്കറ്റുകളും മിസൈല്‍ ബാരേജുകളും ഉപയോഗിച്ച് തിരിച്ചടിച്ചു.

ഒപ്പം ജൂണ്‍ 18ന് ഇസ്രായേലിലെ ഹൈഫ തുറമുഖത്തിന്റെ ഡ്രോണ്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്റുള്ള ഭീഷണി കൂടി മുഴക്കിയതോടെയാണ് സമീപകാലത്തൊന്നുമില്ലാത്ത തരത്തില്‍ കാര്യങ്ങള്‍ ആളിക്കത്തിയത്.

Armed Conflict Location and Event Data Project അനുസരിച്ച്, ഇസ്രായേലും ഹിസ്ബുള്ളയും ലെബനാനിലെ മറ്റ് സായുധ ഗ്രൂപ്പുകളും തമ്മില്‍ 2023 ഒക്ടോബര്‍ 7 മുതല്‍ 2024 ജൂണ്‍ 21 വരെ ഏകദേശം 7,400 ആക്രമണങ്ങളാണ് നടന്നത്. ഹിസ്ബുള്ള അംഗങ്ങള്‍ ഉള്‍പ്പെടെ ഏറ്റവും കുറഞ്ഞത് 543 ലെബനീസ് പൗരന്മാരും 18 സൈനികരും ഉള്‍പ്പെടെ 28 ഓളം പേര്‍ ഇസ്രായേലിലും കൊല്ലപ്പെട്ടിട്ടുണ്ട്.

ഇസ്രായേലും ഹമാസും ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിലേര്‍പ്പെടുന്നതില്‍ പരാജയപ്പെട്ടാല്‍ ഇസ്രായേലും ഹിസ്ബുള്ളയും തമ്മില്‍ വലിയ ഏറ്റുമുട്ടല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പല യൂറോപ്യന്‍ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് ലെബനന്‍ വിടാന്‍ ഉപദേശിച്ചിരിക്കുകയാണ്. രാജ്യത്ത് നിന്ന് ആയിരങ്ങളെ ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കാനഡയും. ലെബനനിലേക്കുള്ള യാത്ര സംബന്ധിച്ച് പുനര്‍വിചിന്തനം നടത്തണമെന്ന് അമേരിക്കയും യു എസ് പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം അവര്‍ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ദുര്‍ബലമായ അവസ്ഥയിലാണുള്ളത്. ഏറ്റവും സുരക്ഷതിമെന്ന് നെതന്യാഹു ഉള്‍പ്പെടെയുള്ളവര്‍ അവകാശപ്പെട്ടിരുന്ന രാജ്യത്തിന് ഒക്ടോബര്‍ ഏഴിന് ഏറ്റ അടിയും, ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാന്‍ ഇത്രനാള്‍ പിന്നിട്ടിട്ടും കഴിഞ്ഞില്ല എന്ന നാണക്കേടുമാണ് അതിന് കാരണം. നെതന്യാഹുവിനെതിരെയുള്ള ശക്തമായ ജനവികാരവും ഒരു യുദ്ധത്തിലേക്ക് കൂടി ഇസ്രായേലിനെ തള്ളിവിടുന്നതില്‍നിന്ന് പിന്നോട്ട് വലിക്കുന്നുണ്ട്. എന്തുതന്നെയായാലും, പശ്ചിമേഷ്യ വീണ്ടുമൊരു യുദ്ധത്തിലേക്ക് നീങ്ങുമോ അതോ ചര്‍ച്ചയിലൂടെ പരിഹാരം കാണുമോ എന്നത് ആ മേഖലയ്ക്ക് മാത്രമല്ല ആഗോള സമാധാനത്തിനുതന്നെ നിര്‍ണായകമാണ്.

FAQs

എന്താണ് ഹിസ്ബുള്ള??

ലെബനാനിലെ ആഭ്യന്തര യുദ്ധകാലത്ത് 1982ല്‍ സ്ഥാപിതമായ ഷിയാ സായുധ സംഘടനയാണ് ഹിസ്ബുള്ള. ഒരു മതാധിഷ്ടിത പ്രസ്ഥാനം എന്നതിന് പുറമെ ലെബനനിലെ പാര്‍ലമെന്റില്‍ അംഗങ്ങളുള്ള രാഷ്ട്രീയ വിഭാഗവും സായുധ വിഭാഗവും ഹിസ്ബുള്ളയ്ക്കുണ്ട്.

എന്താണ് പേജർ??

1960കളിൽ അടിയന്തര ആവശ്യങ്ങൾക്കായി വികസിപ്പിച്ച ചെറിയ വയർലെസ് കമ്യൂണിക്കേഷൻ ഉപകരണമാണ് പേജർ. പേജറിലൂടെ ഒരാൾ മറ്റൊരാളെ ബന്ധപ്പെടാൻ ശ്രമിച്ചെന്ന് അറിയിക്കുന്നതിന് റേഡിയോ തരംഗങ്ങളിലൂടെ ഡിജിറ്റൽ സിഗ്നലുകൾ അയയ്ക്കുന്നു. ചെറിയ ടെക്സ്റ്റ് മെസേജുകളും ഈ ഉപകരണത്തിലൂടെ അയയ്ക്കാൻ കഴിയും.

എന്താണ് ഷിയാ മുസ്ലീം??

ഇസ്‌ലാം മതത്തിലെ ഒരു വിഭാഗമാണ്‌ ഷിയാ മുസ്‌ലിം സമൂഹം. ബഹുഭൂരിപക്ഷമായ സുന്നികൾ കഴിഞ്ഞാൽ ഇസ്‌ലാം മതത്തിൽ അംഗസംഖ്യയിൽ ഏറ്റവും കൂടുതലുള്ള സമൂഹമാണ്‌ ഷിയാക്കൾ. ഏകദേശം ഇരുനൂറ് ദശലക്ഷം വരുന്ന ഷിയാ മുസ്‌ലീങ്ങളിൽ മുക്കാൽ ഭാഗവും അധിവസിക്കുന്നത് ഇറാൻ, അസർബൈജാൻ, ഇറാഖ്, സൗദി അറേബ്യ, ബഹ്റൈൻ, പാകിസ്താൻ, അഫ്ഘാനിസ്ഥാൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ്‌.

Quotes

“യുദ്ധം ജയിച്ചാൽ മാത്രം പോരാ, സമാധാനം സ്ഥാപിക്കലാണ് കൂടുതൽ പ്രധാനം- അരിസ്റ്റോട്ടിൽ.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.