ലബനൻ: ലബനനിലെ പേജർ സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് നടത്തുന്നതായി റിപ്പോർട്ട്.
നോർവേ പൗരത്വമുള്ള മലയാളി റിൻസൺ ജോസിൻ്റെ കമ്പനിയെ കുറിച്ചാണ് അന്താരാഷ്ട്ര തലത്തിൽ അന്വേഷണം നടക്കുന്നത്. പേജറുകൾ വാങ്ങാനുള്ള സാമ്പത്തിക ഇടപാടിൽ റിൻസൺ ജോസിൻ്റെ കമ്പനി ഉൾപ്പെട്ടെന്ന് സംശയിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിൻസൺ ജോസിൻ്റെ നോർട്ട ഗ്ളോബൽ, നോർട്ട ലിങ്ക് എന്നീ കമ്പനികൾ വഴി പേജറുകൾക്ക് പണം കൈമാറിയെന്ന് അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചതായാണ് റിപ്പോർട്ട്. തുടർന്ന് റിൻസൺ ജോസിനെ കുറിച്ചുള്ള വിവരങ്ങൾ യൂറോപ്യൻ അന്വേഷണ ഏജൻസികൾ ഇന്ത്യയ്ക്കും കൈമാറി.
പേജറിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ചതെങ്ങനെയെന്ന് ഇപ്പോഴും അറിയില്ല. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെയാണ് ഹിസ്ബുളള പേജറുകൾ വാങ്ങിയതിലെ സാമ്പത്തിക ഇടപാട് വിവരങ്ങൾ പുറത്ത് വരുന്നത്. സാമ്പത്തിക ഇടപാടുകളാണെന്നും സ്ഫോടനവുമായി റിൻസൺ ജോണിന് നേരിട്ട് ബന്ധമുള്ളതായി തെളിവില്ലെന്നും അന്വേഷണ ഏജൻസികളും വ്യക്തമാക്കുന്നു.
തായ്വാൻ കമ്പനിയുടെ ഗോൾഡ് അപ്പോളോ എന്ന കമ്പനിയുടെ പേരിലുളള പേജറുകളാണ് ലബനനിൽ സ്ഫോടനത്തിന് കാരണമായത്. എന്നാൽ തങ്ങൾ പേജറുകൾ നിർമ്മിച്ചിട്ടില്ലെന്നും കമ്പനി ലോഗോ ഉപയോഗിക്കാനുളള അവകാശം ഒരു ഹംഗേറിയൻ കമ്പനിയായ ബിഎസിക്ക് നൽകിയെന്നുമാണ് തായ്വാൻ കമ്പനി മറുപടി നൽകിയത്.
തുടർന്ന് ഹംഗേറിയൻ കമ്പനിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി. തങ്ങൾ പേജറുകൾ നിർമ്മിച്ചിട്ടില്ലെന്നും നോർവീജിയൻ കമ്പനിക്ക് ഉപകരാർ നൽകിയിരുന്നുവെന്നുമാണ് ഹംഗേറിയൻ കമ്പനി മറുപടി നൽകിയത്. അങ്ങനെയാണ് അന്വേഷണം നോർവയിലേക്കും അവിടെ നിന്നും ബൾഗേറിയൻ കമ്പനിയിലേക്കും മലയാളിയിലേക്കും എത്തിയത്.