Wed. Nov 6th, 2024

ലബനൻ: മധ്യപൂർവദേശത്തു യുദ്ധഭീതി പടരുന്നു. ഇസ്രയേലിന്റെ വ്യോമാക്രമണം യുദ്ധപ്രഖ്യാപനമാണെന്നു ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറൽ ജനങ്ങൾക്കു മുന്നറിയിപ്പു നൽകിയതോടെ യുദ്ധഭീതി പടരുകയാണ്. 

ലബനൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളുമായി ഇസ്രയേലിന്റെ സംഘർഷം രൂക്ഷമായതോടെ കിഴക്കൻ മെഡിറ്ററേനിയനിലും പേർഷ്യൻ ഗൾഫ് പ്രവിശ്യയിലും യുഎസ് നാവികസേന യുദ്ധക്കപ്പലുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്.

മധ്യപൂർവദേശത്ത് കാര്യങ്ങൾ കൂടുതൽ കലുഷിതമായ സാഹചര്യത്തിൽ, സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തി സർവ സന്നാഹങ്ങളുമായി യുഎസും രംഗത്തുണ്ട്. മധ്യപൂർവദേശത്ത് ഉഗ്രശക്തിയുള്ള ആയുധങ്ങളും പടക്കപ്പലുകളുമായി സൈനികസാന്നിധ്യം വർധിപ്പിക്കുകയാണ് കാലങ്ങളായി യുഎസ്. 

40,000 സൈനികരും പന്ത്രണ്ടോളം യുദ്ധക്കപ്പലുകളും വ്യോമസേനയുടെ നാലു പോർവിമാനങ്ങളും ആ സൈനിക വ്യൂഹത്തിൽ ഉൾപ്പെട്ടിരുന്നു. ഇസ്രയേൽ– ലബനൻ സംഘർഷം രൂക്ഷമായതിനു പിന്നാലെ ഇത് 50,000 ആയി ഉയർന്നു. സഖ്യകക്ഷികളെ സംരക്ഷിക്കുന്നതിനും ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനും യുഎസ് വർഷങ്ങളായി ഇവിടെ സൈനികശക്തി ബലപ്പെടുത്തുകയാണ്.