Mon. Dec 23rd, 2024

ന്യൂഡല്‍ഹി: അമിത ജോലി ഭാരം മൂലം 26കാരി മരണപ്പെട്ട സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. 

തൊഴില്‍ ചൂഷണത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും അന്നയുടെ മരണ കാരണം സംബന്ധിച്ച് പരിശോധിക്കുമെന്നും കേന്ദ്ര തൊഴില്‍ മന്ത്രി ശോഭ കരന്തലജെ അറിയിച്ചു. സംഭവത്തിൽ അന്ന ജോലി ചെയ്തിരുന്ന കമ്പനിയും കുടുംബത്തിന് കത്തയച്ചു. ജീവനക്കാരിയായിരുന്ന അന്ന സെബാസ്റ്റ്യന്റെ മരണം ദുഃഖകരവും തീരാനഷ്ടവുമാണെന്ന് ആണ് ഏൺസ്റ്റ് ആൻ്റ് യങ്ങിൻ്റെ സന്ദേശം.

ആരോഗ്യകരമായ തൊഴിലിടം ഒരുക്കുന്നതിൽ കമ്പനി പ്രാധാന്യം നൽകുന്നു. ഇതിനുവേണ്ട നടപടി സ്വീകരിക്കുമെന്നും കമ്പനി കത്തിൽ പറഞ്ഞു. കൊച്ചി കളമശ്ശേരി കങ്ങരപ്പടി സ്വദേശി അന്ന സെബാസ്റ്റ്യനാണ് താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. അന്ന ജോലി ചെയ്തിരുന്ന ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിക്കെതിരെ മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു. മകളുടെ മരണം അമിത ജോലിഭാരം മൂലമാണെന്നാണ് മാതാപിതാക്കള്‍ ആരോപിച്ചത്.