Mon. Dec 23rd, 2024

 

ബെയ്‌റൂത്ത്: ലെബനാനില്‍ ഹിസ്ബുല്ല അംഗങ്ങള്‍ ഉപയോഗിച്ച പേജറുകള്‍ നിര്‍മിച്ചത് യുറോപ്യന്‍ ഡിസ്ട്രിബ്യൂട്ടര്‍മാരാണെന്ന വിശദീകരണവുമായി തയ്‌വാന്‍ കമ്പനി. ഗോള്‍ഡ് അപ്പോളോയെന്ന തയ്‌വാന്‍ കമ്പനിക്ക് വേണ്ടി പേജറുകള്‍ വിതരണം ചെയ്തത് യുറോപ്യന്‍ ഡിസ്ട്രിബ്യൂട്ടര്‍മാരാണെന്ന് കമ്പനിയുടെ ചെയര്‍പേഴ്‌സണായ ഹസു ചിങ്-കുനാങ് പറഞ്ഞു.

യുറോപ്യന്‍ ഡിസ്ട്രിബ്യൂട്ടര്‍മാര്‍ക്ക് ഗോള്‍ഡ് അപ്പോളോയുടെ ബ്രാന്‍ഡ് നെയിം ഉപയോഗിക്കാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് വര്‍ഷം മുമ്പാണ് ഈ കമ്പനിയുമായി കരാറുണ്ടാക്കിയത്. ആദ്യഘട്ടത്തില്‍ ഗോള്‍ഡ് അപ്പോളോയുടെ പേജര്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ കമ്പനി ഇറക്കുമതി ചെയ്യുകയായിരുന്നു. പിന്നീട് സ്വന്തംനിലയില്‍ പേജര്‍ ഉണ്ടാക്കണമെന്നും ഗോള്‍ഡ് അപ്പോളോയുടെ ബ്രാന്‍ഡ് പേര് ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിന് അനുമതി നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം, തയ്‌വാനില്‍ നിന്നും ലെബനാനിലേക്കോ മിഡില്‍ ഈസ്റ്റിലേക്കോ പേജറുകള്‍ കയറ്റി അയച്ചതിന്റെ രേഖകളില്ലെന്ന് മുതിര്‍ന്ന തായ്‌വാനീസ് സുരക്ഷ ഉദ്യോഗസ്ഥന്‍ അറിയിച്ചു. തയ്‌വാന്‍ ഇതുവരെ 260,000 പേജറുകള്‍ കയറ്റി അയച്ചിട്ടുണ്ട്. ഇതില്‍ ഭൂരിപക്ഷവും യുഎസിലേക്കും ആസ്‌ട്രേലിയയിലേക്കുമാണ്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് തെക്കന്‍ ബെയ്‌റൂത്തിലും ലെബനാനിലെ നിരവധി പ്രദേശങ്ങളിലും ഒരേസമയം സ്ഫോടനങ്ങളുണ്ടായത്. ലബനാനിലെ ഇറാന്‍ അംബാസഡര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. കടയിലും റോഡിലും ആശുപത്രിയിലും നില്‍ക്കുന്നവരുടെ പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്ന് പേജര്‍ പൊട്ടിത്തെറിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 200 പേരുടെ നില ഗുരുതരമാണ്.