Sun. Dec 22nd, 2024

 

കൊച്ചി: മലയാള സിനിമയില്‍ പുതിയ സംഘടന വരുന്നതിനെ സ്വാഗതം ചെയ്യുന്നതായി നടന്‍ ടൊവീനോ തോമസ്. പുരോഗമനപരമായ എന്തുകാര്യമാണെങ്കിലും തീര്‍ച്ചയായും നല്ലതാണെന്നും നടന്‍ പറഞ്ഞു.

‘പുതിയ സംഘടനയുടെ ചര്‍ച്ചയില്‍ ഇതുവരെ ഞാന്‍ ഭാഗമല്ല. സിനിമയുടെ പ്രൊമോഷനിലായിരുന്നു ഇതുവരെ. പുരോഗമനപരമായ എന്തുകാര്യമാണെങ്കിലും തീര്‍ച്ചയായും നല്ലതാണ്. എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍നിന്ന് രാജിവെച്ചെങ്കിലും ഞാനിപ്പോഴും അമ്മ സംഘടനയില്‍ അംഗമാണ്. മറ്റേത് സംഘടനയാണെങ്കിലും അതാണ് നല്ലത് എന്നുണ്ടെങ്കില്‍ ഞാന്‍ അതിന്റെ ഭാഗമാകണം. അത്തരം സംഘടന വരുന്നതിനെ സ്വാഗതം ചെയ്യുന്നു’, ടൊവീനോ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സംവിധായകരായ ആഷിഖ് അബു, രാജീവ് രവി, അഞ്ജലി മേനോന്‍, ലിജോ ജോസ് പെല്ലിശ്ശേരി, നടി റിമ കല്ലിങ്കല്‍, ചലച്ചിത്ര പ്രവര്‍ത്തകന്‍ ബിനീഷ് ചന്ദ്ര എന്നിവരുടെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപീകരിക്കുന്നതായുള്ള വാര്‍ത്ത പുറത്തുവന്നത്. ഇവര്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ബദല്‍ സംഘടന രൂപീകരിക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കിയത്.

സമത്വം, സഹകരണം, സാമൂഹിക നീതി എന്നീ മൂല്യങ്ങളില്‍ വേരൂന്നിയ സംഘടന തൊഴിലാളികളുടെയും നിര്‍മാതാക്കളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും വ്യവസായത്തെ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്താനുള്ള പ്രയത്‌നങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് സംവിധായകര്‍ പ്രസ്താവനയില്‍ പറയുന്നു.