കൊച്ചി: സംവിധായകന്‍ ആഷിഖ് അബുവിന്റെ നേതൃത്വത്തിലുള്ള സംഘം ആദ്യം ആലോചിച്ചത് ഇടത് ആഭിമുഖ്യമുള്ള നിര്‍മാതാക്കളുടെ സംഘടനയെന്ന് റിപ്പോര്‍ട്ട്. പിന്നീടിത് ഫെഫ്കയ്ക്കുകൂടി ബദലായി തൊഴിലാളികളുടെ സംഘടനയാക്കി മാറ്റുകയായിരുന്നു എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
‘വിഷന്‍ ഫോര്‍ എ പ്രോഗ്രസീവ് മലയാളം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍’ എന്ന തലക്കെട്ടിലുള്ള ഇംഗ്ലീഷിലുള്ള കത്താണ് പുതിയ സംഘടനയുടെ അണിയറക്കാര്‍ ചില നിര്‍മാതാക്കള്‍ക്ക് അയച്ചിരുന്നത്. ചിലരെ നേരിട്ട് ബന്ധപ്പെടുകയും ചെയ്തു.
നിര്‍മാതാക്കളുടെ പുതിയ സംഘടനയാണ് ലക്ഷ്യമെന്ന് കത്തിന്റെ രണ്ടാം ഖണ്ഡികയില്‍ വ്യക്തമാക്കിയിരുന്നു. ഇടത് പുരോഗമന മൂല്യങ്ങളായിരിക്കും ഉയര്‍ത്തിപ്പിടിക്കുകയെന്നും ഇതില്‍ പറയുന്നു.
ആദ്യഘട്ട നീക്കങ്ങള്‍ക്ക് ശേഷമാണ് തൊഴിലാളികളുടെയും നിര്‍മാതാക്കളുടെയും സംഘടനയെന്ന തീരുമാനത്തില്‍ എത്തിയത്.
പുതിയ സംഘടനയെക്കുറിച്ച് വിശദമാക്കുന്ന മലയാളത്തിലുള്ള കത്തില്‍ നിര്‍മാതാക്കള്‍ എന്നതുമാറ്റി പിന്നണി പ്രവര്‍ത്തകര്‍ എന്നാക്കിയിട്ടുണ്ട്. ‘ഇടത് പുരോഗമ മൂല്യങ്ങള്‍’ എന്ന് പറയുന്ന ഭാഗം ‘സമത്വം, സഹകരണം, സാമൂഹികനീതി’ എന്നീ മൂല്യങ്ങള്‍ എന്നാക്കിയും മാറ്റി.
നിലവില്‍ ആറുപേരുടെ പേരാണ് കത്തിലുള്ളത്. അതിനിടെ അസോസിയേഷനിലേക്ക് ക്ഷണം ലഭിച്ചിരുന്നതായി നിര്‍മാതാവ് സാന്ദ്രാ തോമസ് വ്യക്തമാക്കി. പ്രൊഡ്യൂസേഴ്സ് അസോസിയേഷനുള്ളില്‍ നിന്നുകൊണ്ട് പോരാടാനാണ് ഉദ്ദേശിക്കുന്നതെന്നും തത്കാലം പുതിയ സംഘടനയിലേക്ക് ഇല്ലെന്ന് അറിയിച്ചതായും അവര്‍ പറഞ്ഞു.