Sat. Jan 18th, 2025

 

കൊച്ചി: സിനിമ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘എന്റെ ഷോ’ മൊബൈല്‍ ആപ്പിനും വെബ്സൈറ്റിനും തുരങ്കംവെച്ചത് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനാണെന്ന ആരോപണവുമായി നടന്‍ ഉണ്ണി ശിവപാല്‍.

സര്‍ക്കാറിനും സിനിമാ വ്യവസായത്തിനും സിനിമാ പ്രേക്ഷകര്‍ക്കും ഗുണം ചെയ്യേണ്ടിയിരുന്ന ഈ പ്രോജക്റ്റ് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നടപ്പില്‍ വരുത്താന്‍ അനുവദിക്കാതെ തല്‍പര കക്ഷികള്‍ക്ക് നേട്ടം കൊയ്യാന്‍ ഒത്താശ ചെയ്തുകൊടുത്തത് സംഘടനാ തലപ്പത്തിരുന്ന് പവര്‍ പൊളിറ്റിക്‌സ് കളിക്കുന്ന ബി ഉണ്ണികൃഷ്ണനാണെന്ന് ഉണ്ണി ശിവപാല്‍ ആരോപിച്ചു.

തെളിവുകളോടെയാണ് തന്റെ ആരോപണമെന്ന് ഉണ്ണി ശിവപാല്‍ പറഞ്ഞു. ‘ഞാന്‍ ഒരു സര്‍ക്കാര്‍ വിരുദ്ധനല്ല. എന്നാല്‍ സിനിമയ്ക്ക് ഏറെ ഗുണം ചെയ്യേണ്ടിയിരുന്ന, സുതാര്യമായ ‘സെന്‍ട്രലൈസ്ഡ് ഇ ടിക്കറ്റ്‌സ് ഫോര്‍ സിനിമ’ പ്രൊജക്റ്റിന് തുരങ്കം വച്ചത് സിനിമാ സംഘടനാ തലപ്പത്തുള്ള ഒരു ‘പവര്‍ പൊളിറ്റിക്‌സ് പ്ലെയര്‍’ തന്നെയാണ്’, അദ്ദേഹം പറഞ്ഞു.

കുറഞ്ഞ സര്‍വീസ് ചാര്‍ജില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരമൊരുക്കുന്നതായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘എന്റെ ഷോ’ ബുക്കിങ് ആപ്പ്. ടിക്കറ്റ് നിരക്കിനുപുറമേ ഒന്നരരൂപ മാത്രമാണ് ഇതില്‍ അധികമായി ഈടാക്കുമെന്ന് പറഞ്ഞിരുന്നുത്. ഇതിലൂടെ പ്രേക്ഷകര്‍ക്ക് വലിയ സാമ്പത്തികലാഭം ഉണ്ടാകുമായിരുന്നു.

നിലവില്‍ വന്‍കിട ബുക്കിങ് ആപ്പുകളിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഓരോ ടിക്കറ്റിനും 26 രൂപ അധികമായി നല്‍കണം. ഈ അമിത ചെലവ് അവസാനിപ്പിക്കാനും വിറ്റ ടിക്കറ്റുകളുടെ കൃത്യമായ കണക്കുകള്‍ സര്‍ക്കാറിന് ലഭിക്കാനും ‘എന്റെ ഷോ’ ആപ്പിലൂടെ സാധിക്കുമായിരുന്നു.

അതേസമയം, സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ വരുന്ന മൊബൈല്‍ ആപ്പിനോടും വെബ്‌സൈറ്റിനോടും സഹകരിക്കില്ലെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ‘ഫിയോക്’ നിലപാടെടുത്തിരുന്നു.

ഉണ്ണി ശിവപാലിന്റെ കുറിപ്പ്

ഞാൻ ഒരു സർക്കാർ വിരുദ്ധനല്ല, എന്നാൽ സിനിമയ്ക്ക് ഏറെ ഗുണം ചെയ്യേണ്ടിയിരുന്ന, സുതാര്യമായ “സെൻട്രലൈസ്ഡ് ഇ ടിക്കറ്റ്സ് ഫോർ സിനിമ” പ്രൊജക്റ്റിന് തുരങ്കം വച്ചതും, സിനിമാ സംഘടനാ തലപ്പത്തുള്ള ഒരു “പവർ പൊളിറ്റിക്സ് പ്ലെയർ” തന്നെയാണ്. സർക്കാരിനും, സിനിമാ വ്യവസായത്തിനും, സിനിമാ പ്രേക്ഷകർക്കും ആകെമൊത്തം ഗുണം ചെയ്യേണ്ടിയിരുന്ന ഈ പ്രോജക്‌റ്റ് സർക്കാർ ഉടമസ്ഥതയിൽ നടപ്പിൽ വരുത്താൻ അനുവദിക്കാതെ, തല്പര കക്ഷികൾക്ക് (ടെൻഡറിൽ പരാജയപ്പെട്ടിട്ടുപോലും) നേട്ടം കൊയ്യാൻ ഒത്താശ ചെയ്യ്തു കൊടുത്ത്‌, ഇപ്പോഴും സംഘടനാ തലപ്പത്തിരുന്നു പവർ പൊളിറ്റിക്സ് കളിക്കുകയാണ്. എനിക്കും, എന്റെ കമ്പനിക്കും കോടികളുടെ ബാധ്യത വരുത്തി, ഇപ്പോഴും നീതിതേടി ഞങ്ങൾ കോടതി കയറി കൊണ്ടിരിക്കുയാണ്.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.