Thu. Sep 19th, 2024

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നടിയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്. സംവിധായകൻ ബലാത്സംഗത്തിന് ശ്രമിച്ചുവെന്നും പ്രമുഖ നടൻ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചുവെന്നുമാണ് നടിയുടെ മൊഴി. 

സ്വകാര്യ ചാനലാണ് മൊഴിയിലെ വിവരങ്ങൾ പുറത്തുവിട്ടത്. സംവിധായകൻ ചർച്ചക്ക് മുറിയിലേക്ക് വിളിപ്പിച്ചു. കട്ടിലിലേക്ക് തള്ളി വീഴ്ത്തി. ബഹളം വെച്ച് ഓടി രക്ഷപ്പെട്ടെന്നും നടി മൊഴി നൽകി. ഗാന ചിത്രീകരണത്തിനിടയിലും ലൈംഗികാതിക്രമം ഉണ്ടായി. പ്രമുഖ നടൻ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു. സ്പർശനം പലതവണ ആവർത്തിച്ചു.

പ്രതിരോധം വിഫലമായെന്നും നടി പറഞ്ഞു. ഈ നടനിൽ നിന്ന് പലർക്കും സമാന അനുഭവമുണ്ടായിട്ടുണ്ട്. നടിമാരുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുന്നത് പതിവാണെന്നും നടി റിപ്പോർട്ടിൽ പറയുന്നു. സ്റ്റണ്ട് മാസ്റ്ററിൽ നിന്ന് അതിക്രമമുണ്ടായി. വഴങ്ങിയില്ലെങ്കിൽ ലൊക്കേഷനിൽ ആക്രമിക്കപ്പെടും. വഴങ്ങാത്ത നടിയെ ചിത്രീകരണത്തിനിടയിൽ ആക്രമിച്ചു. പരിക്കേറ്റ നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിക്രമത്തിന് സാങ്കേതിക പ്രവർത്തകരും കൂട്ടുനിന്നു. സ്ത്രീകളെ വെറും ശരീരമായി കാണുന്നുവെന്നും നടി മൊഴിയിൽ പറയുന്നുണ്ട്. 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എസ്‌ഐടി പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ മൊഴി നല്‍കിയ സിനിമാ പ്രവര്‍ത്തകരില്‍ നിന്നാണ് എസ്‌ഐടി വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയിരിക്കുന്നത്. അതിക്രമം നേരിട്ടവര്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുവാന്‍ തയ്യാറാകുമോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. മൊഴി നല്‍കിയവര്‍ പരാതിയില്‍ ഉറച്ചു നിന്നാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും. 

ഡിഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തില്‍ വനിത ഐപിഎസ് ഉദ്യോഗസ്ഥമാരാണ് അന്വേഷണം നടത്തുന്നത്. ഹൈക്കോടതിയുടെ ഇടപെടലിന് പിന്നാലെയാണ് പൊലീസ് ആസ്ഥാനത്തേക്ക് സാംസ്‌കാരിക വകുപ്പ് ഹേമ കമ്മിറ്റിയുടെ പൂര്‍ണ്ണരൂപം എത്തിച്ചത്. 5000ത്തോളം പേജുകളാണ് റിപ്പോർട്ടിലുള്ളത്. 300ഓളം പേജുകള്‍ സംഗ്രഹമാണ്. മൊഴികളും ഡിജിറ്റല്‍ തെളിവുകൾ ഉള്‍പ്പെടെ എല്ലാം സാംസ്‌കാരിക വകുപ്പ് കൈമാറി. വ്യാഴാഴ്ചയാണ് പോലീസ് ആസ്ഥാനത്തെത്തി സാംസ്‌കാരിക വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സുഭാഷിണി തങ്കച്ചിയും ജോയിന്റ് സെക്രട്ടറി സന്തോഷും ചേര്‍ന്ന് റിപ്പോര്‍ട്ട് കൈമാറിയത്. എഡിജിപി ക്രൈം ബ്രാഞ്ച് മേധാവി എച്ച് വെങ്കിടേശ്വന് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചുരുന്നു. പിന്നാലെ എസ് ഐടിയുടെ അടിയന്തര യോഗം ചേരുകയും ഏത് തരത്തിലാണ് അന്വേഷണം മുന്നോട്ട് പോകേണ്ടതെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു.