Wed. Jan 22nd, 2025

മലപ്പുറം: മലപ്പുറത്ത് 24 വയസുകാരന്‍ മരിച്ചത് നിപ ബാധിച്ചാണെന്നു സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലയിൽ നിയന്ത്രണം കടുപ്പിച്ച് ആരോഗ്യവകുപ്പ്.

ജില്ലയില്‍ മുഴുവന്‍ മാസ്‌ക് നിര്‍ബന്ധമാക്കി. രോഗം സ്ഥിരീകരിച്ച സോണുകളില്‍ കര്‍ശന നിയന്ത്രണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ കൂട്ടംകൂടാന്‍ പാടില്ല, തിയേറ്ററുകള്‍ അടച്ചിടണം, സ്‌കൂളുകള്‍, കോളേജുകള്‍, അങ്കണവാടികള്‍ അടക്കം പ്രവര്‍ത്തിക്കരുത് തുടങ്ങിയ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. 

വ്യാപാരസ്ഥാപനങ്ങള്‍ രാവിലെ പത്തുമണിമുതല്‍ വൈകിട്ട് ഏഴുമണി വരെ മാത്രമേ പ്രവര്‍ത്തിപ്പിക്കാവൂവെന്നും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. രോഗം ബാധിച്ച് മരിച്ച യുവാവിൻ്റെ റൂട്ട് മാപ്പ് ഇന്ന് ആരോഗ്യവകുപ്പ് പുറത്തുവിടും. നിരീക്ഷണത്തിലുള്ള യുവാവുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വന്നവരെ നിരീക്ഷണത്തില്‍ ആക്കാനുളള നടപടികളും ആരംഭിച്ചിട്ടുണ്ട്. 

നിരന്തരം നിപ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ വവ്വാലുകളുമായി സമ്പര്‍ക്കത്തില്‍ വരാനിടയുളള കാര്യങ്ങളിലെല്ലാം ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. രോഗലക്ഷണങ്ങളുമായി ചികിത്സ തേടുന്നവരെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.