ന്യൂഡൽഹി: ഗൗതം അദാനിക്കെതിരായ കള്ളപ്പണം വെളുപ്പിക്കലും സെക്യൂരിറ്റി അന്വേഷണത്തിൻ്റെയും ഭാഗമായി സ്വിറ്റ്സർലാൻഡ് സർക്കാർ 310 മില്യൺ ഡോളർ മരവിപ്പിച്ചുവെന്ന് ഹിൻഡൻബർഗ്. അഞ്ചോളം ബാങ്ക് അക്കൗണ്ടുകളിലെ പണമാണ് മരവിപ്പിച്ചിരിക്കുന്നത്.
2021ലാണ് ഇത്തരത്തിൽ പണം മരവിപ്പിച്ചതെന്നും സ്വിസ് മീഡിയ ഔട്ട്ലെറ്റായ ഗോതം സിറ്റിയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തതെന്നും ഹിൻഡൻബർഗ് റിപ്പോർട്ട് ചെയ്തു. അദാനിയുടെ ബിനാമിയുടെ പേരിൽ നിക്ഷേപിക്കപ്പെട്ട പണം സംബന്ധിച്ചാണ് അന്വേഷണം നടത്തുന്നത്.
സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്സൻ മാധബി പുരി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്‍റെ വിദേശ രഹസ്യ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന് ഹിൻഡൻബർഗ് വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ജനുവരിയിലും ഹിൻഡൻബെർഗ് അദാനി ഗ്രൂപ്പിനെതിരെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. വിദേശരാജ്യങ്ങളില്‍ കടലാസ് കമ്പനികള്‍ സ്ഥാപിച്ച് സ്വന്തം കമ്പനി ഓഹരികളിലേക്ക് നിക്ഷേപമൊഴുക്കി ഓഹരി വിലപെരുപ്പിച്ചുവെന്നും ഈ ഓഹരികള്‍ ഈട് നല്കി വായ്പകള്‍ ലഭ്യമാക്കിയെന്നുമായിരുന്നു അദാനിക്കെതിരായ പ്രധാന ആരോപണം.