Fri. Nov 22nd, 2024

കോഴിക്കോട്: ചികിത്സാ പിഴവ് മൂലം കോഴിക്കോട് എകരൂരിൽ ഗർഭസ്ഥ ശിശു മരിച്ചതായി പരാതി. 

വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. എകരൂൽ ഉണ്ണികുളം ആർപ്പറ്റ വിവേകിൻ്റെയും അശ്വതിയുടെയും കുഞ്ഞാണ് മരിച്ചത്. 35കാരിയായ അശ്വതിയുടെ രണ്ടാമത്തെ പ്രസവമാണിത്. അശ്വതിയെ പ്രസവത്തിനായി ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ശനിയാഴ്ചയാണ്. പ്രസവ വേദന വരാനായി ചൊവ്വാഴ്ചയും ബുധനാഴ്ചയും മരുന്നുവെച്ചു. ബുധനാഴ്ച ഉച്ചയായപ്പോഴേക്കും വേദനയുണ്ടായെങ്കിലും പ്രസവം നടന്നില്ലെന്നു ബന്ധുക്കൾ പറയുന്നു.

തുടർന്ന് സിസേറിയൻ നടത്താമെന്ന് അശ്വതിയും ബന്ധുക്കളും പറഞ്ഞു. എന്നാൽ സാധാരണ രീതിയിൽ പ്രസവം നടക്കുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. വ്യാഴാഴ്ച പുലർച്ചെ അശ്വതിയെ സ്ട്രെച്ചറിൽ ഓപറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോയി. അതിനു ശേഷം ഗർഭപാത്രം തകർന്ന് കുട്ടി മരിച്ചുവെന്നും ഗർഭ പാത്രം നീക്കിയില്ലെങ്കിൽ അശ്വതിയുടെ ജീവനും അപകടത്തിലാകുമെന്നും ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. 

ബന്ധുക്കളുടെ അനുമതിയോടെ ​അശ്വതിയുടെ ഗർഭപാത്രം നീക്കം ചെയ്തു. ആരോ​ഗ്യസ്ഥിതി കൂടുതൽ മോശമായതിനെത്തുടർന്ന് അശ്വതിയെ വെന്റിലേറ്ററിലേക്ക് മാറ്റി. പിന്നീട് ബന്ധുക്കൾ വിദ​ഗ്ധ ചികിത്സക്കായി മാറ്റുകയായിരുന്നു. അശ്വതി ഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.