Tue. Dec 24th, 2024

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യൽ തുടരുന്നു. അന്വേഷണ സംഘത്തില്‍പ്പെട്ട ഐജി പൂങ്കുഴലിയാണ് രഞ്ജിത്തിനെ ചോദ്യം ചെയ്യുന്നത്. ബംഗാളി നടി നല്‍കിയ പരാതിയിലും കോഴിക്കോട് സ്വദേശി നല്‍കിയ പീഡന പരാതിയിലുമാണ് ചോദ്യം ചെയ്യുന്നത്.

ലൈംഗിക പീഡനക്കേസില്‍ രഞ്ജിത്തിന് കോടതി ജാമ്യം ലഭിച്ചിരുന്നു. അതേസമയം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും, അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി രഞ്ജിത്തിന് നിര്‍ദേശം നല്‍കിയിരുന്നു. പലേരിമാണിക്യം സിനിമയുടെ ഷൂട്ടിങ്ങിന് എത്തിയപ്പോള്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് ബംഗാളി നടി പരാതി നൽകിയത്. 

രഞ്ജിത്തിനെതിരായ പരാതികളില്‍ പരാതിക്കാരില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചിരുന്നു. രഞ്ജിത്ത് മോശമായി പെരുമാറിയ കാര്യം മലയാളി സംവിധായകന്‍ ജോഷി ജോസഫിനോട് പറഞ്ഞിരുന്നതായി ബംഗാളി നടി വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം ജോഷി ജോസഫിനെയും ബന്ധപ്പെട്ട് വിവരങ്ങള്‍ തേടിയിരുന്നു.