Sun. Nov 3rd, 2024

ഷിംല: ഹിമാചല്‍ പ്രദേശിലെ സഞ്ജൗലിയിൽ മസ്ജിദ് പൊളിക്കണമെന്ന് ആവശ്യപ്പെട്ട് തീവ്രഹിന്ദുത്വ വാദികളുടെ പ്രതിഷേധം. 

പള്ളി സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ചതാണെന്നും മസ്ജിദില്‍ പുറത്തുനിന്നുള്ളവര്‍ക്ക് അഭയം നല്‍കുന്നുവെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. ഹിന്ദു ജാഗരന്‍ മഞ്ച് ഉള്‍പ്പെടെയുള്ള തീവ്രവലതുപക്ഷ സംഘടനകളാണ് സഞ്ജൗലിയില്‍ പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തിൽ പോലീസുമായുണ്ടായ ഏറ്റമുട്ടലില്‍ രണ്ട് പ്രതിഷേധക്കാര്‍ക്കും നാല് പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.

മസ്ജിദ് നിര്‍മിച്ചിരിക്കുന്ന ഭൂമി തങ്ങളുടേതാണെന്ന് സംസ്ഥാന വഖഫ് ബോര്‍ഡ് രംഗത്തെത്തി. നിലവില്‍ മസ്ജിദ് കോടതിയുടെ പരിഗണനിയിലാണ്. 2000ല്‍ ഷിംല മുന്‍സിപ്പില്‍ കമ്മീഷണറുടെ മുമ്പാകെ മസ്ജിദിനെതിരെ പരാതി ലഭിച്ചതിനെത്തുടർന്നാണ് മസ്ജിദ് കോടതിയുടെ നിരീക്ഷണത്തിലായത്.

തീവ്രവലതുപക്ഷ സംഘടനകളുടെ പ്രതിഷേധം ആളിക്കയതോടെ ഭാരതീയ നാഗരിക് സന്‍ഹിത സെക്ഷന്‍ 163 പ്രകാരം പ്രദേശത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു. തുടർന്ന് മുന്നറിയിപ്പില്ലാതെ സ്ഥലത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുകയും വിദ്യാര്‍ത്ഥികളും അധ്യാപകരും ഏതാനും രക്ഷിതാക്കളും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുടുങ്ങുകയുമുണ്ടായി. ഹിന്ദു ജാഗരന്‍ മഞ്ച് സെക്രട്ടറി കമല്‍ ഗൗതം ഉള്‍പ്പെടെ നിരവധി തീവ്രവലതുപക്ഷ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.