Fri. Nov 22nd, 2024

 

മലപ്പുറം: ‘മാമി’ തിരോധനത്തിന് പിന്നില്‍ എഡിജിപി എംആര്‍ അജിത് കുമാറിന് പങ്കുണ്ടെന്ന് പിവി അന്‍വര്‍ എംഎല്‍എ. ഇതിനു പുറകില്‍ പ്രവര്‍ത്തിച്ചത് അജിത് കുമാറാണെന്നതിന്റെ തെളിവുകള്‍ കയ്യിലുണ്ടെന്നും അത് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയെന്നും അന്‍വര്‍ പറഞ്ഞു.

വിവാദങ്ങള്‍ ഉയര്‍ന്നുവന്നതിനു പിന്നാലെ അജിത് കുമാര്‍ അവധിയില്‍ പോയത് തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ഒരു നൊട്ടോറിയസ് ക്രിമിനലാണെന്നും അന്‍വര്‍ എംഎല്‍എ പറഞ്ഞു.

‘അജിത് കുമാര്‍ കാലചക്രം തിരിക്കുകയാണ്. സുജിത് ദാസിന്റെ ഗതി അയാള്‍ക്കും വരും. അജിത് കുമാറും സുജിത് ദാസും ഒരച്ഛന്റെ രണ്ട് മക്കളാണ്. മാമി കേസില്‍ പുതിയ ക്രൈം ബ്രാഞ്ച് സംഘത്തിന്റെ അന്വേഷണത്തില്‍ തൃപ്തനാണ്’, അന്‍വര്‍ പറഞ്ഞു.

‘മാമിയെന്ന കോഴിക്കോട്ടേ കച്ചവടക്കാരനെ കാണാതായിട്ട് ഒരു വര്‍ഷമായി. കൊണ്ടുപോയി കൊന്നതായിരിക്കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അന്വേഷണം എങ്ങുമെത്തിയില്ല. കേസ് അനങ്ങിയിട്ടില്ല, അത് അനങ്ങൂല. അതും ഈ സംഘവുമായി ബന്ധപ്പെട്ട വിഷയമാണ്’ എന്നായിരുന്നു അന്‍വറിന്റെ ആരോപണം.

ഇതിനു പിന്നാലെ മാമിയുടെ കുടുംബവും പരാതിയുമായി രംഗത്തുവന്നതോടെയാണ് കേസ് കോഴിക്കോട് ക്രൈംബ്രാഞ്ചിന് കൈമാറിയത്. കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മാമി എന്ന മുഹമ്മദ് ആട്ടൂരിനെ 2023 ആഗസ്റ്റ് 22 നാണ് കാണാതായത്.

കേസ് തെളിയുമെന്ന് പിവി അന്‍വര്‍ എംഎല്‍എ ഉറപ്പ് നല്‍കിയെന്ന് മാമിയുടെ മകള്‍ അദീബ പറഞ്ഞു. കേസ് തെളിയും വരെ കൂടെയുണ്ടാകുമെന്ന് പിവി അന്‍വര്‍ ഉറപ്പ് നല്‍കിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.