Sat. Jan 18th, 2025

 

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ കുടിവെള്ളം മുട്ടിയിട്ട് നാല് ദിവസം. ഇന്ന് രാവിലെ വെള്ളമെത്തുമെന്നായിരുന്നു അധികൃതര്‍ ഉറപ്പ് നല്‍കിയത്. എന്നാല്‍ അതും പാഴായതോടെ നാലാം ദിവസമാണ് കുടിവെള്ളമില്ലാതെ ജനങ്ങള്‍ വലയുന്നത്.

നഗരത്തിലെ 45 വാര്‍ഡുകളാണ് കുടിവെള്ളക്ഷാമത്താല്‍ ബുദ്ധിമുട്ടിലായിരിക്കുന്നത്. മിക്ക വീടുകളിലും വാട്ടര്‍ അതോറിറ്റി പൈപ്പ് വെള്ളം ശേഖരിക്കാന്‍ ടാങ്കുകള്‍ ഉണ്ടായിരുന്നതുകൊണ്ട് രണ്ടുദിവസം വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായില്ല. എന്നാല്‍ പ്രതിസന്ധി നാലാം ദിവസത്തിലേക്ക് കടന്നതോടെ നഗരസഭ ഉദ്യോഗസ്ഥരടക്കം സമ്മര്‍ദ്ദത്തിലായി.

ഒരിറ്റു കുടിവെള്ളം പോലും ലഭിക്കാത്തതിനെ തുടര്‍ന്ന് ജനങ്ങള്‍ കുപ്പിവെള്ളത്തെയാണ് ആശ്രമിക്കുന്നത്. ദിവസങ്ങളായി കുപ്പിവെള്ളമുപയോഗിക്കുന്നതിനാല്‍ ആരോഗ്യപരമായും സാമ്പത്തികപരമായും ആളുകള്‍ക്ക് പ്രയാസം നേരിടേണ്ടി വരുന്നുണ്ട്.

തിരുവനന്തപുരം- കന്യാകുമാരി റെയില്‍വേപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന പൈപ്പ് ലൈനുകളിലുടെയുള്ള ജലവിതരണം നിര്‍ത്തിവെച്ചത് കഴിഞ്ഞ അഞ്ചാം തീയതിയായിരുന്നു.

വാട്ടര്‍ അതോറിറ്റിയുടെ നേമത്തേക്കും ഐരാണിമുട്ടം ഭാഗത്തേക്കും പോകുന്ന ട്രാന്‍സ്മിഷന്‍ മെയിന്‍ പൈപ്പ് ലൈനുകളുടെ അലൈന്‍മെന്റാണ് പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കുന്നത്. 48 മണിക്കൂറുകൊണ്ട് പൂര്‍ത്തിയാക്കാനുദ്ദേശിച്ചാണ് പണി തുടങ്ങിയത്.

എന്നാല്‍ ഉദ്ദേശിച്ച രീതിയില്‍ പണി പുരോഗമിക്കാതെ വരികയും സാങ്കേതിക കാരണങ്ങളാല്‍ ഇത് നീണ്ടുപോകുകയും ചെയ്തു. കഴിഞ്ഞ ദിവസം സെക്രട്ടേറിയേറ്റ് ഉള്‍പ്പെടെ വെള്ളമില്ലാതെ വലഞ്ഞിരുന്നു. ഇന്ന് മിക്ക സ്ഥാപനങ്ങളും ഞായറാഴ്ച ആയതിനാല്‍ അടച്ചിരിക്കുന്നത് വലിയ പ്രതിസന്ധി ഒഴിവാക്കി. എന്നാല്‍ വീടുകളില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും വെള്ളമില്ലാത്ത അവസ്ഥയാണ്.

അതേസമയം, സാങ്കേതികമായ നേരിട്ട പ്രശ്‌നങ്ങളാണ് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടനുഭവിക്കാന്‍ കാരണമായതെന്നും ഇന്നു വൈകുന്നേരത്തോടെ നഗരത്തില്‍ പൂര്‍ണമായും വെള്ളമെത്തിക്കാന്‍ കഴിയുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

ഇന്ന് 4 മണിയോടെ കുടിവെള്ള വിതരണം പുനസ്ഥാപിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. പൈപ്പ് മാറ്റാന്‍ തുടങ്ങിയ ശേഷം മാത്രമാണ് ഇത്തരം പ്രശ്‌നങ്ങളുണ്ടായതെന്നും മന്ത്രി പറഞ്ഞു. സാധ്യമായ സ്ഥലങ്ങളില്‍ ടാങ്കറുകളില്‍ വെള്ളം എത്തിക്കുന്നുണ്ടെന്നും ഭാവിയില്‍ ഇത്തരം കാര്യങ്ങളില്‍ കരുതലോടെ നടപടികളെടുക്കുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.