Sun. Dec 22nd, 2024

 

ടെല്‍അവീവ്: ഗാസയിലെ യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഇസ്രായേല്‍ പ്രതിപക്ഷ നേതാവ് യായ്ര്‍ ലാപിഡ്. ഗാസയില്‍ ഹമാസ് ബന്ദികളാക്കി വെച്ച ഇസ്രായേല്‍ പൗരന്‍മാരുടെ മോചനത്തിനായി പ്രത്യേക കരാറുണ്ടാക്കണമെന്നും ലാപിഡ് ആവശ്യപ്പെട്ടു.

‘കരാറുണ്ടാക്കുക, യുദ്ധം അവസാനിപ്പിക്കുക, രാജ്യം സുരക്ഷിതമാക്കുക.’, എന്നാണ് ലാപിഡ് എക്‌സില്‍ കുറിച്ചത്. ഒക്ടോബര്‍ ഏഴിനു തുടങ്ങിയ ഇസ്രായേല്‍ ആക്രമണത്തില്‍ 40,000ത്തിലേറെ ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇസ്രായേലിന്റെ ആക്രമണം 23 ലക്ഷം ആളുകളുടെ കിടപ്പാടം നഷ്ടമാക്കി. ശനിയാഴ്ച ഗാസയിലുടനീളം ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 31 ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു.

അതേസമയം, ഫിലാഡല്‍ഫി ഇടനാഴി എന്നറിയപ്പെടുന്ന ഈജിപ്തുമായുള്ള ഗാസയുടെ തെക്കന്‍ അതിര്‍ത്തി പ്രദേശത്തിന്റെ നിയന്ത്രണം ഇസ്രായേല്‍ സൈന്യം നിലനിര്‍ത്തണമെന്ന് പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു ആവശ്യപ്പെട്ടു.

അതിനിടെ, ബന്ദികളുടെ മോചനത്തിനായി സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ ഇസ്രായേലില്‍ പ്രതിഷേധം ശക്തമാവുകയാണ്. ബന്ദി മോചനത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാരോപിച്ച് ഇസ്രായേല്‍ പൗരന്‍മാര്‍ തെരുവില്‍ പ്രതിഷേധം നടത്തി. ഏതാണ് 75,0000 പേരാണ് നെതന്യാഹു സര്‍ക്കാറിനെതിരെ തെരുവില്‍ പ്രതിഷേധിച്ചത്. ടെല്‍ അവീവില്‍ മാത്രം അഞ്ചുലക്ഷം പേര്‍ തെരുവിലിറങ്ങി.