Sun. Dec 22nd, 2024

 

ന്യൂയോര്‍ക്ക്: 2027ഓടെ ലോകത്തിലെ ആദ്യത്തെ ‘ട്രില്യണയര്‍’ ആകാനുള്ള കുതിപ്പിലാണ് മള്‍ട്ടി ബില്യണയര്‍ ആയ ഇലോണ്‍ മസ്‌കെന്ന് സാമ്പത്തികശേഷി പിന്തുടരുന്ന ഇന്‍ഫോര്‍മ കണക്റ്റ് അക്കാദമിയുടെ പുതിയ റിപ്പോര്‍ട്ട്.

ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്ല, സ്വകാര്യ റോക്കറ്റ് കമ്പനിയായ സ്പേസ് എക്സ്, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം എക്സ് (മുമ്പ് ട്വിറ്റര്‍) എന്നിവയെക്കുറിച്ചുള്ള ‘ഇന്‍ഫോര്‍മ കണക്റ്റ് അക്കാദമി’യുടെ വിശകലനമനുസരിച്ച് ഇവയുടെ ഉടമയായ മസ്‌കിന്റെ സമ്പത്ത് വര്‍ഷത്തില്‍ ശരാശരി 110 ശതമാനം എന്ന നിരക്കില്‍ വളരുന്നു എന്നാണ്.

അക്കാദമിയുടെ ‘2024 ട്രില്യണ്‍ ഡോളര്‍’ ക്ലബ് റിപ്പോര്‍ട്ട് വെള്ളിയാഴ്ച പ്രചരിക്കാന്‍ തുടങ്ങിയതോടെ ‘ബ്ലൂംബെര്‍ഗ് ബില്യണയര്‍’ സൂചിക പ്രകാരം 251 ബില്യണ്‍ ഡോളറുമായി ലോകത്തിലെ ഏറ്റവും വലിയ ധനികന്‍ കൂടിയായി മസ്‌ക്.

ട്രില്യണയര്‍ പദവി നേടുന്ന രണ്ടാമത്തെയാളായി ഇന്ത്യയിലെ ബിസിനസ് കമ്പനി സ്ഥാപകന്‍ ഗൗതം അദാനി മാറുമെന്ന് അക്കാദമിയുടെ വിശകലനം സൂചിപ്പിക്കുന്നു. അദാനിയുടെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 123 ശതമാനത്തില്‍ തുടരുകയാണെങ്കില്‍ 2028ല്‍ അത് സംഭവിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ടെക് സ്ഥാപനമായ എന്‍വിഡിയയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായ ജെന്‍സന്‍ ഹുവാങ്, ഇന്തോനേഷ്യന്‍ ഊര്‍ജ-ഖനന വ്യവസായി പ്രജോഗോ പാന്‍ഗെസ്റ്റു എന്നിവരും അവരുടെ വളര്‍ച്ച തുടരുകയാണെങ്കില്‍ 2028ല്‍ ശതകോടീശ്വരന്മാരാകും. 2030ല്‍ ഒരു ട്രില്യണ്‍ ഡോളര്‍ നേടാനുള്ള പാതയിലാണ് മെറ്റയുടെ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്.

1916ല്‍ ലോകം ആദ്യത്തെ ശതകോടീശ്വരനെ പ്രഖ്യാപിച്ചപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് ഓയലിന്റെ സ്ഥാപകനും അന്നത്തെ ഏറ്റവും വലിയ ഓഹരി ഉടമയുമായ യുഎസിലെ ജോണ്‍ ഡി. റോക്ക്‌ഫെല്ലറാണ് ആ സ്ഥാനം കീഴടക്കിയത്.

എന്നാല്‍, പല അക്കാദമിക് വിദഗ്ധരും വന്‍തോതിലുള്ള സമ്പത്തിന്റെ ഇത്തരം ഏകീകരണത്തെ ഗുരുതരമായ സാമൂഹിക പ്രതിസന്ധിയായാണ് കാണുന്നത്. ദരിദ്രരായ 66 ശതമാനത്തേക്കാള്‍ സമ്പന്നരായ ഒരു ശതമാനത്തിന്റെ വളര്‍ച്ച മനുഷ്യരാശിക്ക് കൂടുതല്‍ അപകടം വരുത്തുമെന്നും നിലവിലുള്ള കാലാവസ്ഥാ പ്രതിസന്ധിയുടെ പ്രഥമ ചാലകമായ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ ആക്കം കൂട്ടുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.