Sun. Dec 22nd, 2024

ഉത്തരാഖണ്ഡ്: സംസ്ഥാന വനം മന്ത്രിയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും എതിർപ്പ് അവഗണിച്ചുകൊണ്ട് തനിക്ക് താല്പര്യം ഉള്ള ഐഎഫ്എസ് ഉദ്യോഗസ്ഥനെ രാജാജി ടൈഗർ റിസർവിൻ്റെ ഡയറക്ടർ ആക്കാനുള്ള ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയുടെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. 

ഗവൺമെൻ്റുകളുടെ തലവന്മാർ പഴയ കാലത്തെ രാജാക്കന്മാരല്ലെന്നും നമ്മൾ ഫ്യൂഡൽ കാലഘട്ടത്തിലല്ലെന്നും  ജസ്റ്റിസുമാരായ ബി ആർ ഗവായ്, പി കെ മിശ്ര, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് പറഞ്ഞു.

ഭരണസംവിധാനത്തിൻ്റെ തലപ്പത്തിരിക്കുന്നവർ പഴയ കാലത്തെ രാജാക്കന്മാരായിരിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല, നമ്മൾ ഒരു ഫ്യൂഡൽ കാലഘട്ടത്തിലല്ല അദ്ദേഹം മുഖ്യമന്ത്രിയാണ്, അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാൻ കഴിയുമോ? ജഡ്ജിമാർ പറഞ്ഞു. മുതിർന്ന ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ രാഹുലിനെ ടൈഗർ റിസർവ് ഡയറക്ടർ ആക്കി നിയമിക്കാനുള്ള നടപടിക്കെതിരെയാണ് സുപ്രീംകോടതിയുടെ വിമർശനം. 

ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി നിലനിൽക്കുന്നുണ്ടെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, ഉദ്യോഗസ്ഥനോട് മുഖ്യമന്ത്രിക്ക് പ്രത്യേക വാത്സല്യം എന്തിനാണെന്നും ബെഞ്ച് ചോദിച്ചു. ഒന്നുമില്ലെങ്കിൽ പിന്നെ എന്തിനാണ് അദ്ദേഹത്തിനെതിരെ വകുപ്പുതല നടപടികൾ നടത്തുന്നത്? കോടതി ചോദിച്ചു. 

പ്രഥമദൃഷ്ട്യാ എന്തെങ്കിലും കാര്യങ്ങൾ ഇല്ലെങ്കിൽ ആർക്കെതിരെയും വകുപ്പുതല നടപടികൾ ആരംഭിക്കില്ലെന്നും ജഡ്ജിമാർ കൂട്ടിച്ചേർത്തു. രാജാജി കടുവാ സങ്കേതത്തിൽ ഉദ്യോഗസ്ഥനെ നിയമിക്കരുതെന്ന് കുറിപ്പിൽ പറഞ്ഞിരുന്നതായി ചൂണ്ടിക്കാട്ടിയ കോടതി, മുഖ്യമന്ത്രി അത് അവഗണിക്കുകയാണെന്ന് പറഞ്ഞു. കോർബറ്റ് ടൈഗർ റിസർവിൻ്റെ മുൻ ഡയറക്ടറായ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ രാഹുലിനെ രാജാജി ടൈഗർ റിസർവിൻ്റെ ഡയറക്ടറായി നിയമിച്ചതിനെ മുതിർന്ന ഉദ്യോഗസ്ഥർ നേരത്തെ തന്നെ എതിർത്തിരുന്നു.