Mon. Dec 23rd, 2024

കൊച്ചി: പി വി അൻവർ എംഎൽഎ ഉന്നയിച്ച വ്യാജ ആരോപണത്തിന് എതിരെ ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഡിറ്റർ വിനു വി ജോൺ അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു.

അൻവർ ഞായറാഴ്ച നടത്തിയ വാർത്താസമ്മേളനത്തിനിടെ വിനു വി ജോണിനെതിരെ ഉന്നയിച്ച അടിസ്ഥാനരഹിതവും അപകീർത്തികരവും ആയ ആരോപണം പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ തുടർ നിയമനടപടിക്ക് നിർബന്ധിതരാകും. ഭാരതീയ ന്യായ സംഹിതയിൽ വ്യക്തികളെ അപകീർത്തിപ്പെടുത്തുന്നതിന് എതിരായ 356ാം വകുപ്പ് പ്രകാരം ശിക്ഷാർഹമായ കുറ്റം ആണ് അൻവർ ഉന്നയിച്ച വ്യാജ ആരോപണം.

മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ സത്യം ജനങ്ങളെ അറിയിക്കുന്ന വ്യക്തിയെ യാഥാർഥ്യത്തിന്റെ കണികപോലും ഇല്ലാത്ത കഥയിലൂടെ ഹനിക്കാനാണ് അൻവറിൻ്റെ ഉദ്ദേശം. കേരളത്തിലെ പ്രശസ്‌തനായ മാധ്യമ പ്രവർത്തകനെ സ്വഭാവഹത്യ നടത്താനുള്ള ശ്രമം ആണ് അൻവർ നടത്തിയത് എന്നും വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടി.