Wed. Nov 6th, 2024

ന്യൂഡല്‍ഹി: മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളിലും എംബിബിഎസ് പഠിപ്പിക്കാം. ദേശീയ മെഡിക്കല്‍ കമ്മിഷനാണ് (എന്‍എംസി) പുതിയ അധ്യയന വര്‍ഷം മുതല്‍ ഇതിനുള്ള അനുമതി നല്‍കിയിരിക്കുന്നത്.

 പ്രാദേശിക ഭാഷകളില്‍ എംബിബിഎസ് പഠനം ലഭ്യമാക്കുന്നതു വിദ്യാര്‍ഥികള്‍ക്കു നേട്ടമാകുമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് നയംമാറ്റം. അധ്യാപനം, പഠനം, മൂല്യനിര്‍ണയം എന്നിവ പ്രാദേശിക ഭാഷകളിലും ചെയ്യാമെന്നാണു നിര്‍ദേശം. ഇംഗ്ലിഷില്‍ മാത്രമേ എംബിബിഎസ് പഠനം നടത്താവൂ എന്നതായിരുന്നു ഇതുവരെ ഉണ്ടായിരുന്ന നയം.

ഇനി മുതല്‍ ഇംഗ്ലിഷിനു പുറമെ മലയാളം, ഹിന്ദി, അസമീസ്, ബംഗ്ല, ഗുജറാത്തി, കന്നഡ, മറാഠി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും പഠിക്കാനാകും. ഹിന്ദിയിലുള്ള കോഴ്‌സ് മധ്യപ്രദേശ്, യുപി സംസ്ഥാനങ്ങളില്‍ കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചിരുന്നു. ഡോക്ടര്‍മാരുടെ പ്രവര്‍ത്തന മികവ് മെച്ചപ്പെട്ടുത്തുന്നതിൻ്റെ ഭാഗമായി ‘അറ്റ്‌കോം’ (ആറ്റിറ്റിയൂഡ്, എത്തിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍) എന്ന പുതിയ കോഴ്‌സും ഈ വര്‍ഷം മുതല്‍ എംബിബിഎസ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനും എന്‍എംസി തീരുമാനിച്ചു. 

രോഗീപരിചരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍, ആതുരസേവന ഗവേഷണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍, രോഗികള്‍, അവരുടെ കുടുംബങ്ങള്‍, ആതുര സേവന മേഖലയിലെ സഹപ്രവര്‍ത്തകര്‍ എന്നിവരുമായി മിക ച്ച ആശയവിനിമയം, പരമ്പരാഗത ചികിത്സാരീതികളുടെ നേട്ടവും ദോഷങ്ങളും, ഔദ്യോഗിക ജീവിതത്തിലെ വിവിധ സന്ദര്‍ഭങ്ങളോട് എങ്ങനെ പ്രതികരിക്കണം തുടങ്ങിയ വിഷയങ്ങളാകും വിദ്യാര്‍ത്ഥികള്‍ പഠിക്കുക.