Mon. Dec 23rd, 2024

കൊച്ചി: നടിയുടെ പരാതിയിൽ എടുത്ത ബലാത്സംഗ കേസിൽ പ്രതി സിദ്ദിഖ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. യുവ നടിയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. 5 വർഷം മുൻപ് സോഷ്യൽ മീഡിയയിൽ ഉന്നയിച്ച ആരോപണമാണ് വീണ്ടും ഉന്നയിക്കുന്നത്. അന്ന് ബലാത്സംഗം ചെയ്തെന്ന് പറഞ്ഞിരുന്നില്ല. ബലാത്സംഗ പരാതി ഇപ്പോൾ മാത്രമാണ് ഉന്നയിക്കുന്നത് എന്നും ജാമ്യഹർജിയിൽ പറയുന്നു.

പരാതി തന്നെ അപമാനിക്കാനാണെന്നും സിദ്ദിഖ് ഹൈക്കോടതിയിൽ നൽകുന്ന മുൻകൂർ ജാമ്യപേക്ഷയിൽ വാദിക്കുന്നു. ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യഹർജിയിൽ തീർപ്പാകും വരെ അറസ്റ്റ് തടയണമെന്നാണ് സിദ്ദിഖിന്‍റെ ആവശ്യം. 

സിദ്ദിഖിനെതിരായ ബലാത്സംഗ കേസില്‍ പരാതിക്കാരിയുമായി പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. സിദ്ദിഖ് താമസിച്ച മുറി പരാതിക്കാരി അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തു. സംഭവം നടന്ന 2016 ജനുവരി 28ന് 101 D മുറിയിലാണ് സിദ്ദിഖ് താമസിച്ചതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിൻ്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.