Sun. Dec 22nd, 2024

 

ചെന്നൈ: മലയാള സിനിമയില്‍ അഭിനയിക്കുന്നതിനിടെ മോശം അനുഭവം നേരിട്ടിട്ടുണ്ടെന്ന് നടി കസ്തൂരി. ഒരു സംവിധായകനും പ്രൊഡക്ഷന്‍ മാനേജരും അപമര്യാദയായി പെരുമാറിയെന്ന് കസ്തൂരില്‍ പറഞ്ഞു.

ഇതിനെതിരേ താന്‍ പ്രതികരിച്ചുവെന്നും പ്രൊഡക്ഷന്‍ മാനേജരുടെ മുഖത്തടിക്കുകവരെ ചെയ്തുവെന്നും കസ്തൂരി വെളിപ്പെടുത്തി. അവരുടെ ആവശ്യത്തിന് താന്‍ വഴങ്ങുന്നില്ലെന്ന് മനസ്സിലാക്കിയതോടെയാണ് മോശമായി പെരുമാറിയതെന്നും അവര്‍ പറഞ്ഞു. അതേസമയം, കസ്തൂരി ഇരുവരുടെയും പേരുപറയാന്‍ തയ്യാറായില്ല.

നേരത്തെ തെന്നിന്ത്യന്‍ നടി രാധിക ശരത്കുമാറും മലയാള സിനിമാ മേഖലയ്‌ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു. കാരവാനില്‍ രഹസ്യമായി ക്യാമറ വച്ച്, നടിമാരുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്നാണ് രാധികയുടെ വെളിപ്പെടുത്തല്‍.

സെറ്റില്‍ പുരുഷന്മാര്‍ ഒന്നിച്ചിരുന്ന് മൊബൈലില്‍ ഈ ദൃശ്യങ്ങള്‍ കണ്ട് ആസ്വദിക്കുന്നത് താന്‍ നേരിട്ട് കണ്ടു. ഭയന്നുപോയ താന്‍ കാരവാനില്‍ വച്ച് വസ്ത്രം മാറാതെ, ഹോട്ടല്‍ മുറിയിലേക്ക് പോയെന്നും രാധിക പറഞ്ഞിരുന്നു.

നടിമാരുടെ കതകില്‍ മുട്ടുന്നത് ഞാന്‍ നിറയെ കണ്ടിട്ടുണ്ട്. എത്രയോ പെണ്‍കുട്ടികള്‍ തന്റെ മുറിയില്‍ വന്ന് സഹായിക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്നും രാധിക വെളിപ്പെടുത്തി. നാളെ മാറ്റി നിര്‍ത്തുമോ എന്ന് ഭയന്നാണ് ഉര്‍വ്വശി മലയാള സിനിമയില്‍ കാരവാന്‍ വന്നതിന് ശേഷം പ്രശ്‌നമില്ലെന്ന് പറയുന്നത്. പക്ഷേ ഇക്കാര്യത്തില്‍ ഞാന്‍ ഉര്‍വ്വശിയുടെ അഭിപ്രായത്തിനൊപ്പമല്ലെന്നും രാധിക കൂട്ടിച്ചേര്‍ത്തിരുന്നു.