Thu. Nov 21st, 2024

 

കൊച്ചി: മലയാള സിനിമയിലെ സംവിധായകരും നടന്മാരും നിര്‍മാതാക്കളുമടക്കം 28 പേര്‍ മോശമായി പെരുമാറിയെന്ന് നടി ചാര്‍മിള. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ചാര്‍മിളയുടെ തുറന്നുപറച്ചില്‍.

നിര്‍മാതാവും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. സംവിധായകന്‍ ഹരിഹരന്‍ അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്ന് നടനായ വിഷ്ണു വഴി ചോദിച്ചെന്നും തയ്യാറല്ലെന്ന് പറഞ്ഞതോടെ പരിണയം സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്നും ചാര്‍മിള പറഞ്ഞു.

‘അര്‍ജുനന്‍ പിള്ളയും അഞ്ച് മക്കളും’ സിനിമയുടെ നിര്‍മാതാവ് എംപി മോഹനനെതിരെയാണ് ചാര്‍മിളയുടെ പീഡനാരോപണം. നിര്‍മാതാവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായും ചാര്‍മിള പറഞ്ഞു.

നിര്‍മാതാവും പ്രൊഡക്ഷന്‍ മാനേജറും ചേര്‍ന്നാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തന്റെയും അസിസ്റ്റന്റിന്റേയും സാരി വലിച്ചൂരാന്‍ ശ്രമിച്ചു. ഹോട്ടല്‍ മുറിയില്‍ നിന്ന് അന്ന് ഇറങ്ങിയോടുകയായിരുന്നു. അഡ്ജസ്റ്റ്‌മെന്റിന് വഴങ്ങാത്തതിനാല്‍ മലയാളത്തില്‍ പിന്നീട് അവസരം കുറഞ്ഞെന്നും ചാര്‍മിള പറഞ്ഞു.

മോശമായി പെരുമാറിയവരില്‍ സംവിധായകരും നിര്‍മാതാക്കളും നടന്മാരുമുണ്ടെന്നും ചാര്‍മിള പറഞ്ഞു. തന്റെ പല സുഹൃത്തുക്കളും പെട്ടുപോയെന്നും ദുരനുഭവമുണ്ടായ ആളുകളുടെ പേരുകള്‍ പറയുന്നില്ലെന്നും നടി പറഞ്ഞു. തനിക്ക് മകനുണ്ടെന്നും അതിനാല്‍ മറ്റു നടപടികളിലേക്ക് കടക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ചാര്‍മിളയുടെ ആരോപണം നടന്‍ വിഷ്ണു ശരിവെച്ചു. ‘അവര്‍ വഴങ്ങുമോ’ എന്നാണ് സംവിധായകന്‍ ഹരിഹരന്‍ ചോദിച്ചത്. ചാര്‍മിളയോട് അഡ്ജസ്റ്റ് ചെയ്യുമോ എന്ന് ചോദിക്കാന്‍ പറഞ്ഞു. ചാര്‍മിള പറ്റില്ല എന്ന് പറഞ്ഞു. ഇക്കാര്യം ഹരിഹരനെ അറിയിച്ചു. അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് ചാര്‍മിളക്കും തനിക്കും ആ ചിത്രത്തില്‍ അവസരം നഷ്ടമായെന്നും വിഷ്ണു പറഞ്ഞു.